മലമ്പുഴ
മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളിൽ വെള്ളമെത്തിക്കുന്ന സമഗ്ര കുടിവെള്ള പദ്ധതി യാഥാർഥ്യമായി. മൂന്നു വർഷംകൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്. കിഫ്ബിയിൽനിന്ന് 64 കോടി രൂപയും ജലജീവൻ മിഷനിലെ 171 കോടിയും മുടക്കിയാണ് എല്ലാ വീടുകളിലേക്കും പൈപ്പ് വഴി വെള്ളമെത്തിക്കുന്നത്. 15,000 കുടുംബങ്ങൾക്ക് ആദ്യഘട്ടത്തിൽ വെള്ളമെത്തും. പദ്ധതിയുടെ ട്രയൽ റൺ തുടങ്ങി. രണ്ടാഴ്ചയ്ക്കുശേഷം പ്രവർത്തനം പൂർണതോതിലാകും.
അകത്തേത്തറ, മരുതറോഡ്, പുതുപ്പരിയാരം, മുണ്ടൂർ, മലമ്പുഴ പഞ്ചായത്തുകൾക്കാണ് പ്രയോജനം. ജലജീവൻ മിഷൻ വഴി 540 കിലോമീറ്റർ ദൂരമാണ് പൈപ്പിട്ടത്. പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് പദ്ധതി.
ഉയർന്നു 6 ടാങ്ക്
പദ്ധതിക്കായി അഞ്ച് പഞ്ചായത്തിലായി ആറ് വലിയ ടാങ്കുകൾ നിർമിച്ചു. മരുതറോഡ് പഞ്ചായത്തിൽ 11 ലക്ഷം ലിറ്റർ, എട്ടു ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള രണ്ട് ടാങ്കുണ്ട്.
മലമ്പുഴയിൽ എട്ടു ലക്ഷം ലിറ്ററിന്റെയും അകത്തേത്തറയിൽ 11.5 ലക്ഷം ലിറ്ററിന്റെയും പുതുപ്പരിയാരത്ത് 20 ലക്ഷം ലിറ്ററിന്റെയും ടാങ്കുകൾ നിർമിച്ചു. മുണ്ടൂരിൽ അഞ്ച് ലക്ഷം ലിറ്ററാണ് സംഭരണശേഷി. മുണ്ടൂർ പഞ്ചായത്തിലെ പകുതി വാർഡുകളിലേക്കാണ് മലമ്പുഴ അണക്കെട്ടിലെ വെള്ളം നൽകുക. ബാക്കി വാർഡുകളിലേക്ക് കാഞ്ഞിരപ്പുഴ അണക്കെട്ടിൽനിന്ന് വെള്ളം നൽകും. ഈ പദ്ധതിയും അവസാന ഘട്ടത്തിലാണ്. കാഞ്ഞിരപ്പുഴ അണക്കെട്ടിൽനിന്നുള്ള പദ്ധതിക്കായി മറ്റൊരു ടാങ്കും പൂർത്തിയായിട്ടുണ്ട്.
സ്വിച്ച് ഓൺ
മലമ്പുഴ
പഞ്ചായത്തുകളിൽ പുതുതായി നിർമിച്ച വാട്ടർ ടാങ്കുകളിലേക്ക് വെള്ളം ചാർജ് ചെയ്യുന്നതിന്റെ സ്വിച്ച് ഓൺ എ പ്രഭാകരൻ എംഎൽഎ നിർവഹിച്ചു. മരുതറോഡ് പഞ്ചായത്ത് പ്രസിഡന്റ് പി ഉണ്ണിക്കൃഷ്ണൻ, മലമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവൻ, അകത്തേത്തറ പഞ്ചായത്ത് പ്രസിഡന്റ് സുനിത അനന്തകൃഷ്ണൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..