13 July Monday

കാട്ടാന ഭീതിയിൽ ജനം

ശരത‌് കൽപ്പാത്തിUpdated: Sunday May 31, 2020
പാലക്കാട് 
ഇരുട്ടുവീണാൽ ചെറു ശബ്ദം പോലും ഹൃദയമിടിപ്പിന്റെ വേഗത കൂട്ടും. കാട്ടാനക്കൂട്ടം പുറത്തുണ്ടെന്ന പേടിയിൽ മുറിയിൽ നിന്നിറങ്ങാതെയിരിക്കും. ജീവൻ മുറുകെപ്പിടിച്ചാണ് മലമ്പുഴ, കൊട്ടേക്കാട് നിവാസികൾ ജീവിതം തള്ളിനീക്കുന്നത്. വിളവെടുക്കും മുമ്പേ കൊമ്പന്മാരെത്തി കൃഷി നശിപ്പിക്കുന്നതും പതിവ്‌. 
കുറച്ചു ദിവസങ്ങളായി നാട്ടിലിറങ്ങുന്ന മൂന്നാനകളിൽ മദപ്പാടുള്ള കൊമ്പൻ ഉണ്ടെന്നുള്ള വനംവകുപ്പിന്റെ കണ്ടെത്തൽ പ്രദേശത്തെ ഭീതിയിലാക്കിയിട്ടുണ്ട്‌. കഴിഞ്ഞ വർഷവും ഇതേ സമയം മദപ്പാടുള്ള കൊമ്പൻ എത്തി. ഇടവേളയ്ക്ക് ശേഷം എളമ്പ്രകാടും ഊറോലിയും വീണ്ടും കാട്ടാനകൾ താവളമാക്കുന്നത് ഉദ്യോഗസ്ഥരെയും നാട്ടുകാരെയും വലയ്‌ക്കുന്നു. 
ലോക്ക്ഡൗണിനെ തുടർന്ന് ജനസഞ്ചാരവും ട്രെയിൻ സർവീസും ഇല്ലാത്തതും ആനകളുടെ വരവിന് കാരണമായി. മലമ്പുഴയ്ക്കും കഞ്ചിക്കോടിനും ഇടയ്ക്കുള്ള അയ്യപ്പൻ മലയിറങ്ങി ആറങ്ങോട്ടുകുളമ്പിലെ റെയിൽപ്പാതയും മുറിച്ചു കടന്ന് പരന്നു കിടക്കുന്ന വയലും മറ്റ് കൃഷിയിടങ്ങളും നശിപ്പിച്ചാണ് മടക്കം. 5 ആനകളാണ് പ്രധാനമായെത്തുന്നത്‌. 
കിഫ്ബിയിൽനിന്ന് തുക ചെലവഴിച്ച് 18 കിലോമീറ്റർ സോളാർ ഫെൻസിങ് സ്ഥാപിച്ചിരുന്നു. തുടക്കത്തിൽ ഫലപ്രദമായെങ്കിലും ഫെൻസിങ് മറികടക്കാൻ ആനകൾ പഠിച്ചു. ഈ മാസം രണ്ടിന് ഭക്ഷണം തേടി കാട്ടാനകൾ ധോണി വനമേഖലയിൽ നിന്നിറങ്ങി ദേശീയപാത മുറിച്ച് കടന്ന് മുണ്ടൂരിൽ ജനവാസമേഖലയിൽ എത്തി‌. 
കൊട്ടേക്കാടിന് പുറമെ ധോണി റിസർവിനോട് ചേർന്ന ഒടുവങ്ങാട്, ഞാറക്കോട്, കോർമ, കയ്യറ, ഊരോലി, മലമ്പുഴ, അഗ്രികൾച്ചറൽ ഫാം തുടങ്ങിയ വനാതിർത്തിയുള്ള ജനവാസ മേഖലകളിലും കൃഷിയിടങ്ങളിലും ആനകൾ എത്തുന്നുണ്ട്. 2017 ജൂലൈ 22നാണ് കാട്ടാനകൾ ഒലവക്കോട് റെയിൽവേ സ്റ്റേഷന് മുന്നിലെത്തിയത്. 
തുടർന്ന്‌ രണ്ടും മൂന്നും കൊമ്പന്മാരടങ്ങുന്ന സംഘങ്ങളായി നാടുചുറ്റൽ തുടങ്ങി. 2018 മാർച്ചിൽ കല്ലടിക്കോട് മലയിൽ നിന്നിറങ്ങി ആനകൾ ഭാരതപ്പുഴ മുറിച്ചുകടന്ന് തൃശൂർ തിരുവില്വാമല  പോയി, തിരികെ കാടുകയറി. തമിഴ്‍നാട് അതിർത്തി കടന്നെത്തുന്ന കാട്ടാനകളുടെ എണ്ണവും വർധിക്കുകയാണ്‌.
പ്രധാന വാർത്തകൾ
 Top