മണ്ണാർക്കാട്
അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു വധക്കേസിൽ പ്രതിഭാഗം ആവശ്യപ്പെട്ട നാല് സാക്ഷികളെ കൂടി വിസ്തരിച്ചു. നേരത്തേ വിസ്തരിച്ച സാക്ഷി എസ്ഐ പ്രസാദ് വർക്കിയെ ചൊവ്വാഴ്ച പുനർവിചാരണ ചെയ്യും. മധുവിനെ മുക്കാലിയില്‍ നിന്നും കസ്റ്റഡിയിലെടുത്ത എസ്ഐ പ്രസാദ് വർക്കിയെ തിങ്കളാഴ്ച വിസ്തരിക്കാൻ സമയമുണ്ടായിരുന്നെങ്കിലും രാവിലെ മുതൽ വൈദ്യുതി തടസ്സപ്പെട്ടതിനാൽ ലാപ്ടോപ്പിൽ വീഡിയോ ദൃശ്യം പ്രദർശിപ്പിക്കുമ്പോൾ തടസ്സമുണ്ടായാലോ എന്ന കാരണത്താലാണ് വിസ്‌താരം ചൊവാഴ്ചയിലേക്ക് മാറ്റിയത്.
അഗളി സിഎച്ച്സിയിലെ നഴ്‌സിങ് സൂപ്രണ്ട് എം രാധാമണി ഉൾപ്പെടെ നാല് സാക്ഷികളെയാണ് തിങ്കളാഴ്ച വിസ്തരിച്ചത്. ആശുപത്രിയിലെ കാഷ്വാലിറ്റി രജിസ്റ്ററില്‍ ചില തിരുത്തലുകളുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകന്റെ ചോദ്യത്തിന് മൊഴി നല്‍കി. അതേസമയം രജിസ്റ്ററിലെ മറ്റു ചില പേജുകളിലും തിരുത്തലുകള്‍ കാണുന്നുണ്ട് എന്ന പ്രോസിക്യൂട്ടർ രാജേഷ് എം മേനോന്റെ ചോദ്യത്തിന് ഉണ്ടെന്നായിരുന്നു മറുപടി. മധു കേസിന്റെ എഫ്ഐആര്‍ തയ്യാറാക്കുന്ന സമയത്ത്
അഗളി പൊലീസ് സ്റ്റേഷനില്‍ വൈദ്യുതി തടസ്സപ്പെട്ടിരുന്നുവെന്ന് രേഖകള്‍ കൊണ്ട് പറയാനാകില്ലെന്നാണ് രണ്ട് സാക്ഷികള്‍ മൊഴി നല്‍കിയത്. 2018 ഫെബ്രു 22ന് വൈകിട്ട് അഞ്ചിനും 5.30നും ഇടയില്‍ വൈദ്യുതി ഇല്ലെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. മണ്ണാര്‍ക്കാട്, അഗളി സബ് സ്റ്റേഷനുകളിലെ ഓപ്പറേറ്റേഴ്‌സ് ഡയറിയും വൈദ്യുതി തടസ്സം രേഖപ്പെടുത്തുന്ന രജിസ്റ്ററും പ്രതിഭാഗം ഹാജരാക്കി.
മണ്ണാര്‍ക്കാട് സബ് സ്റ്റേഷന്‍ അസി. എൻജിനിയര്‍ എസ് ശ്രീജിത്, അഗളി സബ് സ്റ്റേഷന്‍ ഇലക്ട്രിക്കല്‍ അസി. എൻജിനിയര്‍ പി മുരളീധരന്‍ എന്നിവരെയും വിസ്തരിച്ചു. രേഖകള്‍ പ്രകാരം ഈ സമയത്ത് വൈദ്യുതി തടസ്സപ്പെട്ടില്ലെന്നാണ് ഇരുവരും പ്രതിഭാഗം അഭിഭാഷകൻ ബാബു കാര്‍ത്തികേയന്റെ ചോദ്യത്തിന് ഉത്തരം നല്‍കിയത്. അന്നേദിവസം രാവിലെയും ഉച്ചയ്ക്കുമായി ആകെ അഞ്ച് മിനിറ്റാണ് അഗളി സ്റ്റേഷന്‍ പരിധിയിലെ ഫീഡറില്‍ വൈദ്യുതി തടസ്സപ്പെട്ടതായി രേഖകളിലുള്ളത്.
വൈദ്യുതി തടസ്സപ്പെടുമ്പോള്‍ എല്ലാ ഉപഭോക്താക്കളും പരാതിപറയാറുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. നാലാമത്തെ സാക്ഷി താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി സെക്രട്ടറി ഇന്‍ ചാര്‍ജ് യേശുദാസ് മാത്യുവിനേയും വിസ്തരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..