പാലക്കാട്
സജീവ ബിജെപി പ്രവർത്തകന്റെ വീട്ടിൽ അനധികൃതമായി സൂക്ഷിച്ച 78 ചാക്ക് അരി പിടികൂടി. കൊടുമ്പ് വാക്കിൽപ്പാടത്ത് മധുവിന്റെ വീടിന്റെ മുൻവശത്ത് അനധികൃതമായി സൂക്ഷിച്ച 3,372 കിലോ അരിയാണ് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ പിടികൂടിയത്. ജില്ലയുടെ പല ഭാഗങ്ങളിൽനിന്നും വീടുകളിൽനിന്നുമൊക്കെ ശേഖരിച്ചതാണെന്നാണ് മധു പറയുന്നത്. എന്നാൽ ഇയാൾക്ക് ഇങ്ങനെ അരി ശേഖരിക്കാനുള്ള ലൈസൻസോ വിൽക്കാനുള്ള അവകാശമോ ഒന്നുമില്ല. ജില്ലാ സപ്ലൈ ഓഫീസർ എ എസ് ബീനയ്‌ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് താലൂക്ക് സപ്ലൈ ഓഫീസർ അജയകുമാർ, റേഷനിങ് ഇൻസ്‌പെക്ടർമാരായ സുവർണകുമാർ, രാധാകൃഷ്‌ണൻ എന്നിവരാണ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത അരി എൻഎഫ്‌എസ്‌ഇ ഗോഡൗണിലേക്ക് മാറ്റി.
തമിഴ്‌നാട്ടിൽനിന്ന് തുച്ഛവിലയ്‌ക്ക് അരി പിക്കപ്പ് വാനിലും മറ്റും കൊണ്ടുവന്ന് വീട്ടിൽ സൂക്ഷിച്ചശേഷം ജില്ലയിലെ വിവിധ അരിക്കടകളിൽ പെട്ടി ഓട്ടോറിക്ഷകളിൽ എത്തിച്ചു കൊടുക്കുകയാണ് ഇയാൾ ചെയ്യുന്നത്. ജില്ലയിലെത്തിക്കുന്ന അരി വലിയ വിലയ്‌ക്കാണ് വിൽപ്പന നടത്തുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..