15 August Monday
അട്ടപ്പാടിയില്‍ സമൂഹ അടുക്കളകള്‍ സജീവം

അന്നം മുടക്കാതെ

സ്വന്തം ലേഖികUpdated: Tuesday Nov 30, 2021

ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പുതൂർ കമ്യൂണിറ്റി കിച്ചൻ പരിശോധിക്കുന്നു (ഫയല്‍ ചിത്രം)

പാലക്കാട്‌
‘‘മഴയായാലും വെയിലായാലും രണ്ടുനേരം ഭക്ഷണം കുടുംബശ്രീ സമൂഹ അടുക്കളയിലൂടെ മുടങ്ങാതെ കിട്ടും. ഇവിടെ പോഷകാഹാരക്കുറവിന്റെ പ്രശ്‌നമേയില്ല’’. അട്ടപ്പാടി കുന്നൻചാള ഊരിലെ പൂർണിമയും ജയയും സാക്ഷ്യപ്പെടുത്തുന്നു. ഗർഭിണികൾക്കുള്ള രാവിലത്തെയും വൈകിട്ടത്തെയും ഭക്ഷണം കഴിക്കുന്നുണ്ട്‌. ആവശ്യമായ ധാന്യങ്ങളും പച്ചക്കറിയുമെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്‌. ആശുപത്രിയിൽ കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തുന്നുണ്ടെന്നും ഇവർ പറയുന്നു. 
ഫണ്ട്‌ കിട്ടാൻ വൈകിയാൽ കടം വാങ്ങിയും കൈയിൽനിന്ന്‌ പണമെടുത്തും അടുക്കള മുന്നോട്ട്‌ കൊണ്ടുപോകാറുണ്ടെന്ന്‌ കല്ലൻചാള അമ്മൻ അയൽക്കൂട്ടത്തിലെ ഊരുസമിതി അംഗമായ സരസ്വതി പറഞ്ഞു. പച്ചക്കറി പുറമേനിന്ന്‌ വാങ്ങാറില്ല. തങ്ങൾ കൃഷിചെയ്യുന്നത്‌ തന്നെ ഉപയോഗിക്കും. അരിയും മറ്റ്‌ പലവ്യഞ്ജനങ്ങളും ആവശ്യപ്പെടുന്നതനുസരിച്ച്‌ സപ്ലൈകോയിൽനിന്ന്‌ ലഭിക്കും. പോഷകാഹാരക്കുറവൊന്നും ഇവിടെയില്ലെന്നും അട്ടപ്പാടിയെപ്പറ്റി തെറ്റിദ്ധാരണ പരത്തുന്നതാണ്‌ പല വാർത്തകളെന്നും സരസ്വതി വ്യക്തമാക്കി.
നിലവിൽ 120 മുതൽ 130 വരെ സമൂഹ അടുക്കള പ്രവർത്തിക്കുന്നു. കഴിഞ്ഞ മാസം 160 എണ്ണമുണ്ടായിരുന്നു. മഴയിലും കാറ്റിലും താൽക്കാലിക കേന്ദ്രങ്ങൾ തകർന്നതാണ്‌ കുറയാൻ കാരണം. ഇവയെല്ലാം പുനഃസ്ഥാപിക്കും. ഏകദേശം 12,000 ഗുണഭോക്താക്കളെയാണ്‌ പ്രതീക്ഷിക്കുന്നത്‌. അട്ടപ്പാടിയിൽ 736 കുടുംബശ്രീ അയൽക്കൂട്ടങ്ങളുണ്ട്‌. 2013ൽ സമൂഹ അടുക്കള ആരംഭിച്ചെങ്കിലും 2017ൽ എൽഡിഎഫ്‌ സർക്കാരാണ്‌ സജീവമാക്കിയത്‌. 
അട്ടപ്പാടിയിൽ 2017ൽ ശിശുമരണം 14 ആയിരുന്നു. 2018ൽ ആറായി കുറഞ്ഞു. 2019ൽ 13. 2020ൽ 10. 2021ൽ  ഇതുവരെ ഏഴു മരണം. 2012 മുതൽ 2016 വരെ യുഡിഎഫ്‌ ഭരണകാലത്ത്‌ നാലു വർഷം 85 കുട്ടികളാണ്‌ മരിച്ചത്‌.  
ഇടനിലക്കാരില്ല, സുതാര്യം
ഗുണഭോക്താക്കളുടെ എണ്ണമനുസരിച്ച്‌ കുടുംബശ്രീ അയൽക്കൂട്ടം നൽകുന്ന കണക്കുപ്രകാരമാണ്‌ സപ്ലൈകോ സാധനങ്ങൾ എത്തിക്കുന്നത്‌. അഴിമതിക്ക്‌ അവസരംനൽകാതെ കുടുംബശ്രീയും സപ്ലൈകോയും നേരിട്ടാണ്‌ ഇടപാട്‌. ഊരുസമിതി, അനിമേറ്റർ, അതിനുമുകളിൽ ക്ലസ്‌റ്റർ ലെവൽ കോ–-ഓർഡിനേറ്റർ, മോണിറ്റർ അതിന്റെ മുകളിൽ പഞ്ചായത്ത്‌ കോ–-ഓർഡിനേറ്റർ, പിന്നെ പഞ്ചായത്ത്‌ സമിതി എന്നിങ്ങനെ വിവിധ തലങ്ങളിൽ കൃത്യമായ നിരീക്ഷണം നടക്കുന്നു. 
182 ഇടങ്ങളിൽ സമൂഹ അടുക്കള നടത്താൻ കുടുംബശ്രീ സന്നദ്ധമാണ്‌. ഇതിൽ ആവശ്യമില്ലെന്ന്‌ ഊരുസമിതി അറിയിച്ച സ്ഥലങ്ങൾ മാത്രമാണ്‌ ഒഴിവാക്കിയത്‌. കോവിഡ്‌ കാലത്ത്‌ നൂറ്റിയെൺപതോളം സമൂഹ അടുക്കള പ്രവർത്തിച്ചിരുന്നു.  
ഒരാൾക്ക്‌ 8 രൂപ
ഒരു ഗുണഭോക്താവിന്‌ എട്ടു രൂപ എന്ന നിരക്കിലാണ്‌ അടുക്കള നടത്തിപ്പിന്‌ സർക്കാർ തുക അനുവദിക്കുന്നത്‌. പാചകം ചെയ്യുന്നതിന്‌ മൂന്നു രൂപയും പച്ചക്കറിക്ക്‌ മൂന്നും വിറകിന്‌ രണ്ടു രൂപയുമാണ്‌. ഒരാൾക്ക്‌ 130 ഗ്രാം ധാന്യം,  80 ഗ്രാം പയറുവർഗം, അഞ്ചു ഗ്രാം എണ്ണ, അഞ്ചു ഗ്രാം പലവ്യഞ്ജനം എന്നിങ്ങനെ അനുവദിക്കും. കൂടാതെ ഇലക്കറികളും പച്ചക്കറികളും ഉണ്ടാകും. പാചകത്തിനുള്ള വിറകും പച്ചക്കറികളും കുടുംബശ്രീ അംഗങ്ങൾ തന്നെയാണ്‌ കണ്ടെത്തുന്നത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top