15 July Wednesday

പട്ടാമ്പിയിൽ പുതിയ പാലത്തിന്‌ 30 കോടി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 30, 2020
പട്ടാമ്പി
പട്ടാമ്പിയില്‍ പുതിയ പാലം നിര്‍മിക്കാന്‍ കിഫ്‍ബിയില്‍നിന്ന് 30 കോടി രൂപ അനുവദിച്ചു. 2017ലെ സംസ്ഥാന സർക്കാർ ബജറ്റില്‍ പ്രഖ്യാപിച്ച പാലത്തിന്റെ തുകയാണ് അനുവദിച്ചത്. പട്ടാമ്പിയെയും തൃത്താലയെയും ബന്ധിപ്പിക്കുന്ന ഭാരതപ്പുഴയ്‍ക്ക് കുറുകെയുള്ള പാലത്തിന് കാലവര്‍ഷക്കെടുതിയില്‍ കാര്യമായ കേടുപാട്‌ സംഭവിച്ചിരുന്നു. 
ഇതിനെത്തുടര്‍ന്നാണ് പഴയ പാലത്തിന്‌ 500 മീറ്റർ മാറിയാണ് പുതിയ പാലം നിർമിക്കുന്നത്. മുഹമ്മദ് മുഹ്സിൻ എംഎൽഎ ഇടപെട്ടതിനെത്തുടര്‍ന്നാണ് പാലത്തിന് തുക അനുവ​ദിച്ചത്. റൂബി സോഫ്റ്റ് ടെക് എന്ന കമ്പനിയാണ്  പരിശോധാനാറിപ്പോർട്ട് തയ്യാറാക്കിയത്. 11 മീറ്റർ വീതിയിലാകും പാലം. ഇരുവശങ്ങളിലും 1.50 മീറ്റർ വീതിയിൽ നടപ്പാതയും 7.50 മീറ്റർ വീതിയിൽ ക്യാരിയേജ് വേയും ഉണ്ടാകും. 
45.45 മീറ്ററിൽ രണ്ട്‌ സ്പാനുകളും 45 മീറ്ററിൽ നാല് സ്പാനുകളും 12.50 മീറ്ററിൽ എട്ട്‌ സ്പാനുകളും ഉണ്ടാകും. പട്ടാമ്പി ഭാഗത്തേക്ക്‌ 72 മീറ്ററും തൃത്താല ഭാഗത്തേക്ക്‌ 174 മീറ്ററും അപ്രോച്ച്‌റോഡും ഉണ്ടാകും. 
തൃത്താല ഭാഗത്തുനിന്ന്‌ 9.88 സെന്റ് സ്ഥലവും പട്ടാമ്പി ഭാഗത്ത് 7.14 സെന്റ് ഭൂമിയും പദ്ധതിക്ക്‌ ഏറ്റെടുക്കേണ്ടതുണ്ട്. മണ്ണിന്റെ ഘടനാപരിശോധനയും നേരത്തേ പൂർത്തിയാക്കിയിരുന്നു. പാലക്കാട്–--തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പട്ടാമ്പിയിൽ പുതിയ പാലം യാഥാർഥ്യമായാൽ നിലവിൽ നേരിടുന്ന ഗതാഗതക്കുരുക്കിന് പരിഹാരമാകും.
പ്രധാന വാർത്തകൾ
 Top