07 August Friday

ഇതാ, സുഭിക്ഷ കേരളത്തിന്റെ ‘കൗമാര അംബാസഡർ’

പി കെ സുമേഷ്‌Updated: Tuesday Jun 30, 2020

ആനന്ദ്‌ കൃഷിയിടത്തിൽ

പട്ടാമ്പി
മൂന്നര ഏക്കറിൽ വാഴയും തെങ്ങും, ആറര ഏക്കറിൽ നെൽകൃഷി, 26 പശുക്കളും 150 ലിറ്റർ പാലും, കുരുമുളക്‌ ഉൾപ്പെടെയുള്ള മറ്റ്‌ കൃഷികൾ വേറെയും. കളിച്ചുനടക്കേണ്ട പതിനെട്ടുകാരന്റെ സ്വപ്‌നങ്ങളിൽ ഇന്ന്‌‌ കാർഷികവൃത്തിയുടെ പച്ചപ്പ്‌‌. മുതുതല പഞ്ചായത്തിലെ കൊഴിക്കോട്ടിരി പാക്കത്തൊടിയിൽ ആനന്ദിന് പ്രായം 18 തികയുന്നതേയുള്ളു. ഇപ്പോൾതന്നെ കുടുംബത്തിന്റെ  ഉത്തരവാദിത്തം ചുമലിലേറ്റി. ഏറ്റെടുത്തത്‌ അച്ഛൻ കാട്ടിക്കൊടുത്ത കൃഷിയുടെ പാത. 
സംസ്ഥാന സർക്കാർ മുന്നോട്ടുവയ്‌ക്കുന്ന ഭക്ഷ്യസുരക്ഷാ സ്വയംപര്യാപ്തതയുടെ നാട്ടിലെ ‘ബ്രാൻഡ് അംബാസഡർ’ ആണ്‌ ഈ കൗമാരക്കാരൻ. ഒന്നരവർഷംമുമ്പ്‌ ആനന്ദിന്റെ അച്ഛൻ മണികണ്ഠൻ കരൾരോഗംമൂലം മരിച്ചു. പ്രദേശത്തെ പ്രധാന കർഷകനായിരുന്ന അദ്ദേഹത്തിന്റെ മരണശേഷം നെല്ലും വാഴയും തെങ്ങും അടങ്ങുന്ന കൃഷി ആനന്ദിന്റെ ചുമതലയിലായി. തെല്ലും മടികൂടാതെ പഠനത്തിനൊപ്പം കൃഷിയെ സ്‌നേഹിച്ചപ്പോൾ കിട്ടിയത്‌ ഇരട്ടി പ്രതിഫലം. 
വീട്ടിലെ വിപുലമായ ഒരു പശു ഫാമിൽ 26 പശുക്കളുണ്ട്‌. സഹായികളായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ. പ്രതിദിനം 150 ലിറ്റർ പാൽ മിൽമയിൽ അളക്കും. പുറമേ അഞ്ച്‌ ലിറ്ററോളം പാൽ അടുത്ത വീടുകളിലും നൽകുന്നു. വീടിനോടു ചേർന്ന് മൂന്നര ഏക്കറിൽ വാഴയും തെങ്ങും കുരുമുളകും അടക്കമുള്ള കൃഷികളുമുണ്ട്‌. പുറത്ത് രണ്ടര ഏക്കറിലും പാട്ടത്തിനെടുത്ത നാല്‌ ഏക്കറിലും നെൽകൃഷി ചെയ്യുന്നു. 
അച്ഛൻ ഉണ്ടായിരുന്നപ്പോൾ രണ്ടാംവിള നെൽ കൃഷിയാണ് ചെയ്തിരുന്നത്. ഇത്തവണ ഒന്നാംവിള ഇറക്കാനുള്ള തിരക്കിലാണ് ആനന്ദ്. ജ്യോതി വിത്താണ് ആദ്യവിളയ്ക്കായി ഉപയോഗിക്കുന്നത്. രണ്ടാംവിളയ്ക്ക് പൊൻമണിയും. ഫാമിലേക്ക്‌ ആവശ്യമുള്ള വൈക്കോലും ഇവിടെനിന്നു തന്നെ സമാഹരിക്കും. നെല്ല് സപ്ലൈകോയ്‌ക്ക്‌ നൽകും. നെൽകൃഷിയിൽ സഹായിക്കാൻ അച്ഛന്റെ  സഹായി മണി കൂടെയുണ്ട്‌. സർക്കാർ സഹായംകൂടി ലഭിക്കുന്നതോടെ നെൽകൃഷി ലാഭകരമെന്ന്‌ ആനന്ദ് പറയുന്നു. 
അമ്മ നിജയും എല്ലാ പിന്തുണയുമായുണ്ട്‌. സഹോദരിമാരായ  ആതിരയും അശ്വതിയും വിവാഹിതരാണ്‌. പെരുമുടിയൂർ ഓറിയന്റൽ സ്കൂളിൽ പ്ലസ്ടു പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരിക്കുന്ന ആനന്ദിന്‌ പരീക്ഷാഫലത്തിലും ശുഭപ്രതീക്ഷയാണ്‌. കൃഷിക്കൊപ്പം പഠനവും മുന്നോട്ടു‌ കൊണ്ടുപോകാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്‌ ഈ കൗമാരകർഷകൻ.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top