മണ്ണാർക്കാട്
എടത്തനാട്ടുകര മലയോരമേഖലയായ ഉപ്പുകുളം ആനപ്പാറയിൽ കടുവയെയും രണ്ട് കുട്ടികളെയും കണ്ടതോടെ നാട് വീണ്ടും ഭീതിയിൽ. കാട്ടാന, കടുവ, പുലി, കാട്ടുപോത്ത് ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ഈ വനമേഖലയിലുണ്ട്. ഞായർ വൈകിട്ട് അഞ്ചിനും ഏഴിനും ഇടയിലാണ് കടുവയെ കണ്ടതായി ഗ്രാമവാസികൾ പറയുന്നത്. ജനവാസ മേഖലയായ ചൂളിയിലാണ് വീടിന് തൊട്ടടുത്ത റബർ തോട്ടത്തിൽ ആടുകളെ മേയ്‌ക്കുകയായിരുന്ന ആലുങ്ങൽ ഷമീർ ആദ്യം കടുവയെ കണ്ടത്. ഉപ്പുകുളം, അമ്പലപ്പാറ ഫോറസ്റ്റ് യൂണിറ്റുകളിൽ വിവരം അറിയിച്ചപ്പോൾ വനപാലകർ എത്തി. ആർആർടി സംഘം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കടുവയും ചെറിയ രണ്ട് കുട്ടികളും ആടുകളെ ലക്ഷ്യമാക്കി വരികയായിരുന്നുവെന്നും ഉച്ചത്തിൽ ശബ്ദമുയർത്തിയതോടെയാണ് പിന്തിരിഞ്ഞ് പോയതെന്നും ഷമീർ പറഞ്ഞു. 40 ഓളം വീടുകളുള്ള പ്രദേശമാണ് ചൂളി. ചൂളിയിൽ നിന്ന് കടുവയും കുഞ്ഞുങ്ങളും പോയത് ആനപ്പാറ ഭാഗത്തേക്കാണ്. ആനപ്പാറയിൽ വിനോദ യാത്രയ്‌ക്ക് എത്തിയ മഞ്ചേരി സ്വദേശികളും കടുവയെ കണ്ടു. ശബ്ദമുണ്ടാക്കി അകറ്റാൻ ശ്രമിച്ചതോടെ ആനപ്പാറ സ്വദേശിയായ കൃഷ്ണനുനേരെ പാഞ്ഞടുത്തു. പകൽ പോലും പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമായെന്ന് പ്രദേശവാസികൾ പറഞ്ഞു. വനമേഖലയോട് ചേർന്നുള്ള എൻഎസ്എസ് എസ്റ്റേറ്റിലെ റബർ ടാപ്പിങ് തൊഴിലാളികൾ വന്യമൃഗങ്ങളെ കാണുന്നത് പതിവാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..