26 May Tuesday
നിലവിൽ ഉത്തരേന്ത്യൻ ഭക്ഷണം

അതിഥി തൊഴിലാളികൾക്ക്‌ ഭക്ഷ്യധാന്യ കിറ്റുകൾ

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020
 
പട്ടാമ്പി 
പട്ടാമ്പിയിലെ അതിഥി തൊഴിലാളികൾക്ക്‌ ഉത്തരേന്ത്യൻ ശൈലിയിലുള്ള ഭക്ഷണം ലഭ്യമാക്കാൻ തീരുമാനം. വൈകുന്നേരത്തേക്കുള്ള ഭക്ഷണം തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ എത്തിച്ചു നൽകും. തുടർന്നുള്ള ദിവസങ്ങളിൽ ഇവർക്ക് ഭക്ഷണം പാകം ചെയ്യാൻ ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ അടങ്ങിയ കിറ്റുകൾ തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും. 
പട്ടാമ്പിയിലെ അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ മുഹമ്മദ്‌ മുഹസിൻ എംഎൽഎ, സബ്‌ കലക്‌ടർ അർജുൻ പാണ്ഡ്യൻ എന്നിവർ ഉൾപ്പെടുന്ന സംഘം നടത്തിയ സന്ദർശന ശേഷമാണ്‌ തീരുമാനം. ഇതര സംസ്ഥാന തൊഴിലാളികളുടെ നിലവിലെ ജീവിത സാഹചര്യം വിലയിരുത്താൻ മന്ത്രി എ കെ ബാലൻ നൽകിയ നിർദേശത്തെ തുടർന്നായിരുന്നു സന്ദർശനം. 
പള്ളിപ്പുറം റോഡിലെ തൊഴിലാളി ക്വാർട്ടേഴ്സുകളിൽ എത്തിയ തഹസിൽദാർ കെ ആർ പ്രസന്നകുമാർ തൊഴിലാളികളുമായി സംസാരിച്ചു. ഏതാനും ദിവസത്തേയ്ക്കുള്ള ഭക്ഷ്യധാന്യങ്ങൾ തൊഴിലാളികളുടെ കൈവശമുണ്ട്‌. തുടർന്ന് അവിടെ എത്തിയ എംഎൽഎയും സബ് കലക്ടറും തഹസിൽദാരോടും തൊഴിലാളികളോടും കാര്യങ്ങൾ ചോദിച്ചറിഞ്ഞു. 1800 ഓളം ഇതര സംസ്ഥാന തൊഴിലാളികളാണ് പട്ടാമ്പി നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി താമസിക്കുന്നത്. 
സംസ്ഥാന സർക്കാരിന്റെ നിർദേശ പ്രകാരം ഒറ്റപ്പാലം നഗരസഭ ആരംഭിച്ച സമൂഹ അടുക്കളിയിൽ നിന്ന്‌ ഇവർക്ക്‌ ഭക്ഷണം എത്തിക്കാൻ ബുദ്ധിമുട്ടാണ്‌ എന്നാണ്‌ നഗരസഭയുടെ നിലപാട്‌. സബ്‌ കലക്ടർ അർജുൻ പാണ്ഡ്യൻ, ലേബർ ഓഫീസർ രാമകൃഷ്ണൻ, തഹസിൽദാർ എ ആർ പ്രസന്നകുമാർ, ഡിവൈഎസ്പി മുരളീധരൻ, സിപിഐ എം ഏരിയ സെക്രട്ടറി എൻ പി വിനയകുമാർ എന്നിവർ ഒപ്പമുണ്ടായി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top