26 May Tuesday

ഇവിടെ കാൽകൊണ്ട്‌ കൈകഴുകാം

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020
ഷൊർണൂർ 
റെയിൽവേ ഐഒഎച്ച് ഷെഡിൽ ഇനി കൈ കഴുകാൻ കാലുകൾ കൊണ്ട് പ്രവർത്തിപ്പിക്കുന്ന ടാപ്പ്‌. കോവിഡ്–-19 ന്റെ പശ്ചാത്തലത്തിൽ "ബ്രേക്ക് ദി ചെയിൻ' ക്യാമ്പയനിന്റെ ഭാഗമായി ഷെഡിൽ സ്ഥാപിച്ച കൈകഴുകുന്ന സ്ഥലത്താണ് പുതിയ സംവിധാനം. 
ഐഒഎച്ച് ഷെഡിലെ മെക്കാനിക്കൽ വിഭാഗം തൊഴിലാളികളാണ് നിർമാതാക്കൾ. ഇടത് കാലിൽ ടാപ്പ് തുറക്കാനും വലത് കാൽ കൊണ്ട് ഹാൻഡ്‌ വാഷ് ലഭിക്കാനുമുള്ള സൗകര്യമുണ്ട്‌. ജലസംഭരണിയുടെ ചുവട്ടിൽ കാൽ കൊണ്ട് ലിവർ ചവിട്ടിയാണ് പ്രവർത്തിക്കുക. 
ഇതിനാൽ പെപ്പും മിശ്രിതവും കൈ കൊണ്ട് സ്പർശിക്കേണ്ടതില്ല. മൂന്നു ദിവസകൊണ്ടാണ് സംവിധാനം കണ്ടു പിടിച്ചത്.  ഉപയോഗശൂന്യമായ വാട്ടർ കൂളറിലാണ് വെള്ളം  സംഭരിക്കുന്നത്. 
ടാപ്പ്‌ കൈകൊണ്ട് തൊടാതിരിക്കാനുള്ള മുൻകരുതലയാണ് ഇവ നിർമിച്ചതെന്ന് തൊഴിലാളികൾ പറഞ്ഞു. സംവിധാനം തുടരാനാണ്‌ നിർദേശം. 
60ഓളം തൊഴിലാളികളുണ്ട് ഷെഡിൽ ജോലിക്കായി. മെക്കാനിക്കൽ സീനിയർ എൻജിനിയർമാരായ അബ്ദുൾ കരിം, പി എസ് വിനോദ്, എസ് അരുൺ എന്നിവരുടെ നിർദേശപ്രകാരം തൊഴിലാളികളായ പി എസ് കൃഷ്ണകുമാർ, കെ സുജിത്, സയിദ് നിഷാൻ, എൻ പ്രിജീഷ്, എം കെ ഉമ എന്നിവരാണ് ഇതിന്റെ നിർമാതാക്കൾ.
 
പ്രധാന വാർത്തകൾ
 Top