29 May Friday

‘കേരളം എങ്കൾ സഹോദരർ, വഴി അടയ്‌ക്കമാട്ടോം’

സ്വന്തം ലേഖകൻUpdated: Monday Mar 30, 2020
 
പാലക്കാട്‌ 
‘കേരളം എങ്കൾ സഹോദരർ, നാങ്കെ വഴി അടയ്‌ക്കമാട്ടോം’ – -തമിഴ്‌നാട്‌ ഡെപ്യൂട്ടി സ്‌പീക്കർ ജയരാമൻ കേരള മുഖ്യന്ത്രി പിണറായി വിജയനോട്‌ ഫോണിൽ പറഞ്ഞ വാക്കുകൾ. ‘പ്രളയം വന്നപ്പോൾ ഞങ്ങൾ സഹായിച്ചു. 
ഇത്തവണയും അതുണ്ടാകും. അത്‌ ഞങ്ങളുടെ കടമയാണ്‌. കേരളത്തിന്‌ അവശ്യവസ്‌തുക്കൾ ഉറപ്പാക്കണമെന്ന്‌ ഞങ്ങളുടെ മുഖ്യമന്ത്രിയും കർശന നിർദേശം നൽകിയിട്ടുണ്ട്‌...’ഒരു സംസ്ഥാനത്തിന്റെ സ്‌നേഹമാണ്‌ ഈ വാക്കുകളിൽ നിറയുന്നത്‌. 
ഞായറാഴ്‌ച രാവിലെ നടുപ്പുണി ചെക്‌പോസ്‌റ്റിൽ മന്ത്രി കെ കൃഷ്‌ണൻകുട്ടിയും തമിഴ്‌നാട്‌ ഡെപ്യൂട്ടി സ്‌പീക്കർ ജയരാമനും തമ്മിൽ ചരക്കുനീക്കം സുഗമമാക്കുന്നതിന്‌ നടത്തിയ ചർച്ചയ്‌ക്കുശേഷം മുഖ്യമന്ത്രി പിണറായി വിജയനെ മന്ത്രി കെ കൃഷ്‌ണൻകുട്ടി ഫോണിൽ വിളിച്ചു. എല്ലാ പ്രശ്‌നത്തിനും പരിഹാരമായെന്നും ചരക്കുനീക്കത്തിന്‌ സംയുക്തസംഘത്തെ  ചുമതലപ്പെടുത്തിയെന്നും പറഞ്ഞശേഷം ഡെപ്യൂട്ടി സ്‌പീക്കർ ജയരാമന്‌ ഫോൺ കൈമാറി. അപ്പോഴാണ്‌ കേരളത്തോടുള്ള സ്‌നേഹം അദ്ദേഹം പിണറായിയോടു പ്രകടിപ്പിച്ചത്‌.
നിലവിൽ പൊള്ളാച്ചിയിൽ കോവിഡ്‌ ബാധിച്ചിട്ടില്ല. എന്നാൽ കേരളത്തിൽ രോഗം പടരുന്നതായാണ്‌ വാർത്ത വരുന്നത്‌. കഴിഞ്ഞ ഒരു മാസമായി ഞങ്ങളെല്ലാവരും വിശ്രമമില്ലാതെ കോവിഡിനെ പ്രതിരോധിക്കുന്ന പ്രവർത്തനത്തിലാണ്‌. കേരളത്തിൽനിന്ന്‌ കൂടുതൽ വാഹനം വരുന്നതിൽ ജനങ്ങൾക്ക്‌ ആശങ്കയുണ്ടാകുന്നത്‌ സ്വാഭാവികം. 
എന്നാൽ  കേരളത്തിലേക്ക്‌ ചരക്ക്‌ എത്തിക്കേണ്ട കടമ ഞങ്ങൾക്കുണ്ട്‌. അതിന്‌ ഞങ്ങൾ സന്നദ്ധമാണ്‌. ചില മുൻകരുതലുകൾ വേണ്ടിവരും. അതിനാലാണ്‌ എല്ലാവാഹനവും അതിർത്തി കടത്താത്തത്‌. 
കേരളത്തിലേക്കുള്ള എല്ലാ അവശ്യവസ്‌തുക്കളും പൊള്ളാച്ചിവഴി ലഭ്യമാക്കുന്നതിന്‌ സർക്കാർ നടപടിയെടുക്കുമെന്നും ജയരാമൻ പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top