17 January Sunday

‘മഹാമാരിയെന്ത്‌, പാടാൻ ഞങ്ങളുണ്ടല്ലോ‌’

പി കെ സുമേഷ്‌Updated: Sunday Nov 29, 2020

അലൈഡ ടീം അംഗങ്ങളായ പി ആർ രജീഷ്‌, പി ആർ രശ്മിത, വി പി നിസാർ

പട്ടാമ്പി  
കോവിഡ്‌ മഹാമാരി സംഗീതവേദികളെ പ്രതികൂലമായി ബാധിച്ചപ്പോൾ അതു മറികടക്കുകയാണ്‌ ‘അലൈഡ ടീം.’ സ്ഥാനാർഥികൾ ആവശ്യപ്പെടുന്ന പാട്ട്‌ പ്രചാരണത്തിന്‌ തയ്യാറാക്കുകയാണ്‌ പട്ടാമ്പിയിലെ ‘അലൈഡ’ ടീം. ശങ്കരമംഗലം സ്വദേശികളായ പി ആർ രജീഷ്‌, വി പി നിസാർ, പി ആർ രശ്മിത എന്നിവരുടെ കൂട്ടായ്‌മയിലാണ്‌ പാട്ടുകൾ ഒരുങ്ങുന്നത്‌‌. 
സംസ്ഥാനത്തെ  മിക്ക ജില്ലകളിൽനിന്ന്‌ തെരഞ്ഞെടുപ്പ്‌ ഗാനങ്ങൾ റെക്കോഡ്‌ ചെയ്‌തുനൽകും. സ്ഥാനാർഥിയുടെ പേര്‌, ചിഹ്നം, പാർടി എന്നിവ നൽകണം. ഇഷ്ടമുള്ള ഏത്‌‌ പാട്ട്‌ ആവശ്യപ്പെട്ടാലും ആ താളത്തിലും ഈണത്തിലും വരികളെഴുതി പാരഡി ഗാനങ്ങൾ റെക്കൊഡ്‌ ചെയ്‌ത്‌ നൽകും. വി പി നിസാറാണ്‌ വരികൾ എഴുതുന്നത്‌. അനൗൺസ്മെന്റുകളും സംഘം റെക്കോഡ്‌ ചെയ്‌ത്‌ നൽകും.  
പ്ലസ് ടു പഠനകാലത്ത് ജില്ലാ കലോത്സവങ്ങളിൽ പങ്കെടുത്തിട്ടുള്ള രശ്മിത ബാലസംഘം കലാകാരികൂടിയാണ്‌. ലോക്ക്‌ ഡൗണിൽ പാടാൻ വേദികിട്ടാതായപ്പോൾ ‘അലൈഡ’ അവസരം നൽകി. ഇപ്പോൾ രശ്‌മിതയുടെ ഗാനങ്ങളിൽ മിക്കതും ഹിറ്റായി. ടീം കോ–-ഓഡിനേറ്റർ പി ആർ രജീഷിന്റ സഹോദരിയാണ് രശ്മിത.
നേരത്തെ അനൗൺസ്‌മെന്റ്‌ നടത്തിയിരുന്ന വി പി നിസാറിന്റെ ആശയമാണ്‌ അലൈഡ ടീം ആരംഭിക്കുന്നതിന്‌ പിന്നിൽ. നിസാറും, രജീഷും, രശ്മിതയും ചേർന്ന സംഘം നൂറിലേറെ ഗാനങ്ങളും അനൗൺസ്‌മെന്റും തയ്യാറാക്കി. കൊപ്പത്തുള്ള " ഷൈൻ മിക്സ്’ സ്റ്റുഡിയോവിലാണ് റെക്കോഡിങ്.
ദൂരെനിന്നുള്ളവർക്ക് ഇ മെയിൽ വഴി നൽകും. ഇതര ജില്ലകളിൽനിന്ന്‌ നിരവധി പേരാണ് സമീപിക്കുന്നതെന്ന് ഡിവൈഎഫ്ഐ പട്ടാമ്പി ബ്ലോക്ക് ജോയിന്റ്‌ സെക്രട്ടറിയും സിപിഐ എം ശങ്കരമംഗലം ലോക്കൽ കമ്മിറ്റി അംഗവുമായ പി ആർ രജീഷും ഡിവൈഎഫ്ഐ ശങ്കരമംഗലം മേഖലാ വൈസ് പ്രസിഡന്റായ‌ വി പി നിസാറും പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top