02 December Friday

4 കൊലപാതകത്തിനും തീവ്രവാദ സ്വഭാവം

വേണു കെ ആലത്തൂർUpdated: Thursday Sep 29, 2022
 
പാലക്കാട്‌
വർഗീയകലാപം ലക്ഷ്യമിട്ട്‌ നാട്ടിൽ കൊലപാതകപരമ്പര നടത്തുന്നവരാണ്‌ പോപ്പുലർ ഫ്രണ്ടും ആർഎസ്‌എസും. ജില്ലയിൽ ഈയിടെ ഇവർ നടത്തിയ നാല്‌ കൊലപാതകത്തിനും തീവ്രവാദ സ്വഭാവം. കൊലപാതകം നടത്തിയവർക്ക്‌ ലഭിച്ചത്‌ സമാനരീതിയിലുള്ള പരിശീലനം. കഴിഞ്ഞ വർഷം നവംബർ 15ന്‌ ആർഎസ്‌എസ്‌ പ്രവർത്തകൻ സഞ്‌ജിത്തിനെ വധിച്ചത്‌ പോപ്പുലർ ഫ്രണ്ട്‌, എസ്‌ഡിപിഐ പ്രവർത്തകരാണ്‌. സഞ്‌ജിത്ത്‌ ഭാര്യയുമായി ബൈക്കിൽ പോകുമ്പോഴാണ്‌ തടഞ്ഞുനിർത്തി വെട്ടിക്കൊന്നത്‌.  ഇതിന്‌ പകരമായി ഏപ്രിൽ 15ന്‌ എസ്‌ഡിപിഐ നേതാവും പോപ്പുലർ ഫ്രണ്ട്‌ ഡിവിഷൻ മുൻ പ്രസിഡന്റുമായ എലപ്പുള്ളി കുപ്പിയോട്‌ സുബൈറിനെ കൊന്നു. ബാപ്പയോടൊപ്പം പള്ളിയിൽ പോയി തരിച്ചുവരുമ്പോൾ കാറിലും ബൈക്കിലുമെത്തിയ ആർഎസ്‌എസ്‌ സംഘം ഇടിച്ചുവീഴ്‌ത്തി സുബൈറിനെ വെട്ടുകയായിരുന്നു. 24 മണിക്കൂറിനകം സുബൈർ വധത്തിന്‌ പ്രതികാരം ചെയ്യാൻ പോപ്പുലർ ഫ്രണ്ട്‌ തീരുമാനിച്ചു. അടുത്ത ദിവസം പകൽ ഒന്നിന്‌ മേലാമുറിയിലെ ആർഎസ്‌എസ്‌ മുൻ ശാരീരക ശിക്ഷക്‌  ശ്രീനിവാസനെ കടയിൽ കയറി വെട്ടിക്കൊന്നു. ഹിറ്റ്‌ലിസ്‌റ്റ്‌ തയ്യാറാക്കിയാണ്‌ ആർഎസ്‌എസും പോപ്പുലർ ഫ്രണ്ടും കൃത്യം നിർവഹിക്കുന്നത്‌. 
സിപിഐ എം മരുതറോഡ്‌ ലോക്കൽ കമ്മിറ്റി അംഗവും കുന്നങ്കാട്‌ ബ്രാഞ്ച്‌ സെക്രട്ടറിയുമായിരുന്ന എസ്‌ ഷാജഹാനെ സ്വാതന്ത്ര്യദിന തലേന്ന്‌ കുന്നങ്കാട്‌ ജങ്‌ഷനിൽവച്ച്‌ വെട്ടിക്കൊന്നത്‌ ആർഎസ്‌എസുകാരാണ്‌. ആദ്യം കാലിലും പിന്നീട്‌ തലയിലും വെട്ടി മരണം ഉറപ്പാക്കുകയാണ്‌ ഇവരുടെ ശൈലി. 
 ഇരുസംഘടനകൾക്കും തീവ്രാദപരിശീലനം ലഭിക്കുന്നുണ്ടെന്ന സംശയത്തിലേക്ക്‌ പൊലീസിനെ എത്തിച്ചത്‌ കൊലപാതകം നടത്തിയതിലെ സമാനതയാണ്‌. മരണപ്പെട്ട നാലുപേരുടെ ശരീരത്തിലും സമാന മുറിവുകളാണുണ്ടായത്‌. 
ആലപ്പുഴയിൽ ആർഎസ്‌എസ്‌, പോപ്പുലർ ഫ്രണ്ട്‌ പ്രവർത്തകർ അടുത്തടുത്ത ദിവസങ്ങളിൽ കൊല്ലപ്പെട്ടത്‌ കേരളത്തിൽ കലാപം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടായിരുന്നു. എന്നാൽ പൊലീസിന്റെ സമയോജിത ഇടപെടൽ കലാപം തടഞ്ഞു. അന്ന്‌ നടക്കാതെ പോയത്‌ പാലക്കാട്ടെ കൊലപാതകങ്ങളിലൂടെ ഇരുസംഘടനകളും ലക്ഷ്യമിട്ടിരുന്നു. ഇവിടെയും പൊലീസ്‌ ഇടപെടൽ കാര്യക്ഷമമായതോടെ കലാപ ശ്രമം ഫലിച്ചില്ല. പിന്നീടാണ്‌ സിപിഐ എമ്മിനെ പ്രകോപിപ്പിക്കാൻ പാർടി ലോക്കൽ കമ്മിറ്റിയംഗം ഷാജഹാനെ ആർഎസ്‌എസ്‌ കൊലപ്പെടുത്തിയത്‌. സിപിഐ എം ആത്മസംയമനം പാലച്ചതിനാൽ അക്രമങ്ങൾ ഉണ്ടായില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top