29 October Thursday
പെപ്‌സി വരുൺ ബ്രുവറീസ്‌

പൂട്ടിയത്‌ കൊള്ളലാഭം നഷ്ടപ്പെട്ടതിനാൽ

വേണു കെ ആലത്തൂർUpdated: Tuesday Sep 29, 2020
 
 
പാലക്കാട്‌
കഞ്ചിക്കോട്‌ പെപ്‌സി വരുൺ ബ്രുവറീസ്‌ കമ്പനി പൂട്ടിയതിനുപിന്നിൽ കുപ്പിവെള്ളത്തിന്റെ കൊള്ളലാഭം തടഞ്ഞ സർക്കാരിനോടുള്ള പ്രതികാരം. 22 മുതലാണ്‌ കമ്പനി പൂട്ടിയത്‌. നിലവിൽ കമ്പനിയിൽ തൊഴിൽ പ്രശ്‌നമില്ല.  സംസ്ഥാന സർക്കാർ കുപ്പിവെള്ളത്തിന്റെ വില 20ൽനിന്ന്‌ 13 ആക്കി കുറച്ചതും കഞ്ചിക്കോട്‌ വ്യവസായ മേഖലയിൽ കുടിവെള്ളം ഊറ്റുന്ന ഭീമൻ കമ്പനികൾക്ക്‌ ഫെബ്രുവരി, മാർച്ച്‌, ഏപ്രിൽ, മെയ്‌ മാസങ്ങളിൽ ‌പുതുശേരി പഞ്ചായത്ത്‌ നിയന്ത്രണം ഏർപ്പെടുത്തിയതും മാനേജ്‌മെന്റിനെ ചൊടിപ്പിച്ചു. 
കൊള്ളലാഭം കിട്ടില്ല എന്ന്‌ മനസ്സിലാക്കിയതോടെ കമ്പനി പൂട്ടാനുള്ള ഒരുക്കത്തിലായിരുന്നു മാനേജ്‌മെന്റ്‌. 
ഇന്ത്യയിലെ പെപ്‌സിയുടെ ഉടമസ്ഥതയിലുള്ള 19 പ്ലാന്റുകൾ ഹരിയാന ആസ്ഥാനമായ വരുൺ ബ്രുവറീസ്‌ കഴിഞ്ഞ വർഷമാണ്‌ 4,600 കോടി രൂപയ്‌ക്ക്‌ വാങ്ങിയത്‌. കഞ്ചിക്കോട്‌ പ്ലാന്റ്‌ ഏറ്റെടുക്കാൻ വരുൺ ബ്രുവറീസ്‌ വിസമ്മതിച്ചു. എന്നാൽ എല്ലാ പ്ലാന്റും ഏറ്റെടുക്കണമെന്ന്‌ പെപ്‌സി നിബന്ധന വയ്‌ക്കുകയായിരുന്നു. 110 സ്ഥിരംതൊഴിലാളികളും 450 കരാർ തൊഴിലാളികളുമാണ്‌ ഉണ്ടായിരുന്നത്‌. പെപ്‌സി ഉടമസ്ഥാവകാശം ഒഴിയുമ്പോൾ സ്ഥിരം ജീവനക്കാർക്ക്‌ അഞ്ചുലക്ഷം രൂപ വീതം സ്‌നേഹസമ്മാനമായി നൽകിയിരുന്നു. എന്നാൽ കരാർ തൊഴിലാളികൾക്ക്‌ ആനുകൂല്യം നൽകിയില്ല. വരുൺ ബ്രുവറീസ്‌ ഏറ്റെടുത്തപ്പോൾ അതുവരെ കരാർ തൊഴിലാളികൾക്ക്‌ പെപ്‌സി നൽകിയിരുന്ന ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചു. ഇതേത്തുടർന്നാണ്‌ സമരം തുടങ്ങിയത്‌. 
സ്ഥാപനം ആരംഭിക്കാൻ കിടപ്പാടം വിട്ടുനൽകിയവരാണ്‌ കരാർ തൊഴിലാളികളിൽ ഭൂരിഭാഗം പേരും. സമരം തീർക്കാൻ സംസ്ഥാന സർക്കാർ വിളിച്ച ചർച്ചയിലൊന്നും മാനേജ്‌മെന്റ്‌ പ്രതിനിധികൾ പങ്കെടുത്തില്ല. തൊഴിൽപ്രശ്‌നങ്ങളുയർത്തി കമ്പനി ലേ ഓഫ്‌ ചെയ്‌തപ്പോൾ സമരത്തിനില്ലെന്ന്‌ കരാർ തൊഴിലാളികൾ എഴുതി നൽകി. എന്നിട്ടും തുറക്കാൻ മാനേജ്‌മെന്റ്‌ തയ്യാറായില്ല. 
രാജ്യത്ത്‌ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചത്‌ മാർച്ച്‌ 23ന്‌ രാത്രിയാണ്‌. എന്നാൽ തലേന്നാണ്‌ കമ്പനി ലോക്ക്‌ഔട്ട്‌ പ്രഖ്യാപിച്ചത്‌. ബിജെപി  നേതാക്കളുമായി അടുത്ത ബന്ധമുള്ളവരാണ്‌ മാനേജ്‌മെന്റ്‌. ലോക്ക്‌ഡൗൺ കാലത്ത്‌ ഒരു കമ്പനിയും പൂട്ടാനോ തൊഴിലാളികളെ പിരിച്ചുവിടാനോ പാടില്ലെന്ന്‌ കേന്ദ്രസർക്കാർ ഉത്തരവുണ്ട്‌. 
എന്നാൽ ലോക്ക്‌ഡൗൺ പ്രഖ്യാപിക്കുന്നതിന്‌ തലേന്ന്‌ പൂട്ടിയതിനാൽ മാനേജ്‌മെന്റിന്‌ ഇത്‌ ബാധകമല്ലെന്നാണ്‌ വാദം. ഇതിനുപിന്നിൽ ഗൂഢാലോചനയുണ്ടെന്ന്‌ തൊഴിലാളികൾ പറയുന്നു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top