24 October Thursday
സിപിഐ എം പ്രവർത്തകർക്കുനേരെ അക്രമം: 2 ആർഎസ്എസുകാർ അറസ്റ്റിൽ

8 പേർക്കെതിരെ വധശ്രമത്തിന്‌ കേസ്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2019
 
ഒറ്റപ്പാലം
സിപിഐ എം പ്രവർത്തകരെ ആക്രമിച്ച കേസിൽ രണ്ട് ആർഎസ്എസ് പ്രവർത്തകരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. പേരൂർ പൂക്കാട്ടുകുന്നത്ത് സുബിൻ (31), പേരൂർ പുളിക്കൽ രജീഷ് (30) എന്നിവരെയാണ്‌ ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. ഇവർ ഉൾപ്പെടെ കണ്ടാലറിയാവുന്ന എട്ടു പേർക്കെതിരെ പൊലീസ് വധശ്രമത്തിന്‌ കേസെടുത്തു. 
ഒറ്റപ്പാലം സിഐ എം സുജിത്, എസ്ഐ എസ് അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്‌. ചൊവ്വാഴ്ച രാത്രിയിലാണ്‌ മൂന്ന്‌ സിപിഐ എം പ്രവർത്തകരെ ആർഎസ്എസ് ക്രിമിനൽ സംഘം വടിവാൾകൊണ്ട് വെട്ടി ഗുരുതര പരിക്കേൽപ്പിച്ചത്.
സിപിഐ എം പേരൂർ ലോക്കൽ കമ്മിറ്റി അംഗം ലെക്കിടി പേരൂർ പുക്കാട്ടുകുന്ന് വാണിയംപറമ്പിൽ ശിവപ്രസാദ് (39), ഡിവൈഎഫ്ഐ പ്രവർത്തകരായ പുക്കാട്ടുകുന്ന് വാണിയംപറമ്പിൽ ജിനേഷ് (32), പുക്കാട്ടുകുന്ന് ഷാറൂക്ക് (22) എന്നിവർക്കാണ്‌ വെട്ടേറ്റത്‌. തലയ്‌ക്കും  കാലിനും വെട്ടേറ്റ ഇവർ ചികിത്സയിലാണ്‌. ഗുരുതര പരിക്കേറ്റ ജിനേഷ്‌ അടിയന്തര ശസ്ത്രക്രിയക്കുശേഷം കണ്ണിയംപുറം സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
 പ്രകോപനമില്ലാതെ പതിഞ്ചോളം ആർഎസ്എസ് പ്രവർത്തകർ വടിവാളും മറ്റു മാരകായുധങ്ങളുമായി ഇരുട്ടിന്റെ മറവിൽ ആക്രമിക്കുകയായിരുന്നു. ആർഎസ്എസ് ക്രിമിനൽ സംഘം പ്രദേശത്തെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയാണെന്ന്‌ സിപിഐ എം, ഡിവൈഎഫ്ഐ നേതാക്കൾ പറഞ്ഞു. 
പ്രധാന വാർത്തകൾ
 Top