03 July Friday

ശ്രീകൃഷ്ണപുരം സ്റ്റേഷൻ പരിധി 2 പഞ്ചായത്തിൽ അടച്ചിടൽ

വെബ് ഡെസ്‌ക്‌Updated: Friday May 29, 2020

 

ശ്രീകൃഷ്ണപുരം
കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്‌ത ശ്രീകൃഷ്ണപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ രണ്ട്‌ പഞ്ചായത്തുകളിൽ വെള്ളിയാഴ്‌ച മുതൽ സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചു.  
കടമ്പഴിപ്പുറം, ശ്രീകൃഷ്ണപുരം പഞ്ചായത്തുകളിലാണ്‌  അടച്ചിടൽ. രാവിലെ ഏഴു മുതൽ വൈകിട്ട്‌ അഞ്ചു വരെ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ മാത്രമേ തുറക്കാവു. പരീക്ഷകൾക്ക്‌ മാറ്റമുണ്ടാകില്ല. ഓട്ടോറിക്ഷ, ടാക്സി കാറുകൾ തുടങ്ങിയ പൊതുഗതാഗതം പാടില്ല. 60 വയസ്സിന് മുകളിലും 10 വയസ്സിന് താഴെയുമുള്ളവർ വീട്ടിൽനിന്ന് പുറത്തിറങ്ങരുത്. നാല് പേരിലധികം കൂടി നിന്നാലോ മാസ്ക് ധരിക്കാതെ കണ്ടാലോ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങിയാലോ പൊലീസ് കേസെടുക്കുമെന്ന് സ്‌റ്റേഷൻ ഹൗസ്‌ ഓഫീസർ കെ എം ബിനീഷ് അറിയിച്ചു. 
കടമ്പഴിപ്പുറം പഞ്ചായത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. പഞ്ചായത്തിൽ ഇതുവരെ മറ്റ്‌ സംസ്ഥാനങ്ങളിൽനിന്ന്‌ 253 ഉം ഒരാൾ വിദേശത്തുനിന്നും എത്തിയിട്ടുണ്ട്‌.
മറ്റ്‌ സംസ്ഥാനങ്ങളിൽനിന്ന്‌ എത്തിയ പത്തുപേർക്കും സമീപ പഞ്ചായത്തിൽ റേഷൻകട നടത്തുന്ന ഒരാൾക്ക്‌ സമ്പർക്കത്തിലൂടെയും രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്‌. മറ്റ്‌ സംസ്ഥാനങ്ങളിൽനിന്ന്‌ എത്തിയ 99പേരും ഇവരുമായി നേരിട്ടോ അല്ലാതെയോ സമ്പർക്കമുണ്ടെന്ന്‌ കരുതുന്ന 40പേരും വിദേശത്തുനിന്ന്‌ എത്തിയയാളും ഉൾപ്പെടെ 141 പേർ‌ നിരീക്ഷണത്തിലുണ്ട്‌‌. 129പേർ വീടുകളിലും ബാക്കിയുള്ളവർ സർക്കാർ നിരീക്ഷണകേന്ദ്രത്തിലുമാണ്‌.  
നിർദേശങ്ങൾ  ലംഘിക്കുന്നത്‌ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്ന്‌ കടമ്പഴിപ്പുറം പഞ്ചായത്ത്‌ പ്രസിഡന്റ് കെ അംബുജാക്ഷി അറിയിച്ചു. ഹെൽപ്പ് ഡെസ്ക് നമ്പർ, ഫോൺ : 9961611 756.
പ്രധാന വാർത്തകൾ
 Top