21 May Saturday

വേനൽ തുടങ്ങി; 
വന്യമൃഗങ്ങൾ നാട്ടിലേക്ക്‌

സ്വന്തം ലേഖകൻUpdated: Saturday Jan 29, 2022

ഇലപൊഴിഞ്ഞ മരങ്ങളും ഉണങ്ങിയ പുല്ലും. മലമ്പുഴ കവയിൽനിന്നുള്ള ദൃശ്യം

 
പാലക്കാട് 
ആനയും പുലിയും ഇറങ്ങുന്ന ഭീതിയിലാണ്‌ ജില്ലയിലെ മലയോരഗ്രാമങ്ങൾ. ഒപ്പം വേനലും കടുക്കുന്നതോടെ വന്യമൃഗങ്ങൾ കാടിറങ്ങാനുള്ള സാധ്യതയും വർധിക്കുന്നത്‌ ആശങ്കയാകുന്നു. ജനുവരി അവസാനിച്ചതോടെ വനമേഖലകൾ പലതും വരണ്ടുതുടങ്ങി. ഫെബ്രുവരി, മാർച്ച്  ആകുന്നതോടെ ഉൾക്കാട്ടിലെ ജലസ്രാതസ്സുകളും വറ്റും. ഭക്ഷണവും വെള്ളവും കുറയുന്നതോടെ വന്യമൃഗങ്ങൾ തീറ്റയും വെള്ളവും തേടി നാട്ടിലെത്തും. നിരവധി വളർത്തുമൃഗങ്ങളെയാണ് ജില്ലയിൽ കഴിഞ്ഞ നാലുവർഷത്തിനിടെ വന്യമൃഗങ്ങൾ ആക്രമിച്ചത്. ഏക്കറുകണക്കിന് കൃഷിയിടങ്ങൾ കാട്ടാന നശിപ്പിച്ചു. 
ഒരു മാസമായി ധോണി, അകത്തേത്തറ മേഖലകൾ വന്യമൃഗഭീഷണിയിലാണ്‌.  മണ്ണാർക്കാടും നെല്ലിയാമ്പതിയും വടക്കഞ്ചേരിയും പുലിപ്പേടിയിലാണ്. കാട്ടുപന്നി, മയിൽ, ആന, കുരങ്ങ്‌ എന്നിവയുടെ ശല്യം വേറെയും. കൂർക്ക, കപ്പ അടക്കമുള്ള കൃഷികൾ മയിലും പന്നിയും നശിപ്പിക്കും. ആനകളിൽ വനംവകുപ്പിന്പോലും നിയന്ത്രിക്കാൻ കഴിയാത്ത പിടി–-7(പാലക്കാട് തസ്കർ–-7) എന്ന ഒറ്റയാൻ മലമ്പുഴ, മുണ്ടൂർ മേഖലകളിൽ പേടിസ്വപ്നമായി തുടരുന്നു. മാനും പന്നികളും കാടിറങ്ങുന്നത് പതിവായി.
 ജലസേചനവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഔദ്യോഗികവസതികൾ, പഞ്ചായത്ത്‌ ഓഫീസ്, ജില്ലാ ജയിൽ, ഇറിഗേഷൻ ഓഫീസ്, പ്രാഥമിക ആരോഗ്യകേന്ദ്രം, സി–--മെറ്റ് നഴ്സിങ്‌ കോളേജ്, പൊലീസ് സ്റ്റേഷൻ, ഫാന്റസി പാർക്ക് എന്നിവ ഉൾപ്പെടുന്ന പ്രദേശത്ത് രാത്രികാലങ്ങളിലും പുലിയെത്തുന്നുണ്ട്‌. 
വനംവകുപ്പ് പദ്ധതിരേഖ  
 കാട്ടാനകളെ തുരത്താൻ ഡ്രോൺസംവിധാനമുൾപ്പെടെ ഏർപ്പെടുത്തും. പതിവായി ഇറങ്ങുന്നവയെ പിടികൂടി റേഡിയോകോളർ ഘടിപ്പിക്കും. ആക്രമണകാരികളെ പ്രത്യേകം പാർപ്പിക്കും. കിടങ്ങ്‌, സൗരോർജവേലി, തൂക്കിയിടാവുന്ന സോളാർവേലി എന്നിവ സ്ഥാപിക്കും. ഉപഗ്രഹസംവിധാനവും ജിപിഎസും ഉപയോഗിച്ച്‌ വന്യജീവികളുടെ മൃഗസാന്നിധ്യം കണ്ടെത്തും. വന്യജീവിസംഘർഷം കൈകാര്യംചെയ്യാൻ ‘കോൺഫ്ലിക്ട്‌ മാനേജ്‌മെന്റ് ടീമുകൾ, ഭൂഗർഭ ജലവിതാനം നിലനിർത്താനും കാട്ടുതീ തടയാനും ബ്രഷ് വുഡ് ചെക്ക് ഡാമുകളും നിർമിക്കുന്നതുൾപ്പെടെ ബൃഹദ്‌ പദ്ധതിരേഖയാണ് സർക്കാരിലേക്ക് സമർപ്പിച്ചിട്ടുള്ളത്.
ജനങ്ങളുടെ 
ഭീതി അകറ്റും 
വന്യമൃഗശല്യത്തിന് സർക്കാർ ശ്വാശ്വതപരിഹാരം കാണുമെന്ന് എ പ്രഭാകരൻ എംഎൽഎ പറഞ്ഞു. മലയോരമഖലയിൽ പുലിയിറങ്ങുന്നതും വളർത്തുമൃഗങ്ങളെ പിടിക്കുന്നതും പതിവായി. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും വകുപ്പ് മന്ത്രിയുമായും വിഷയം സംസാരിച്ചു. ധോണി, മലമ്പുഴമേഖലയിലെ പുലിയെ മയക്ക്‌വെടിവച്ച്‌ ഉൾക്കാട്ടിൽ വിടാൻ ഉന്നതതലയോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്‌. 
മന്ത്രിസഭ യോഗത്തിലും പ്രശ്നം ചർച്ച ചെയ്തു. മയക്കുവെടി വയ്‌ക്കാനുള്ള ഉത്തരവ്‌ കിട്ടിയാൽ അതിനു നടപടി ആരംഭിക്കും. നിലവിൽ പുലിയെ പിടിക്കാനും കണ്ടെത്താനുമായി കൂട്‌, നിരീക്ഷണക്യാമറ എന്നിവ സ്ഥാപിച്ചിട്ടുണ്ട്‌. വനംവകുപ്പ്‌ പുലിയെ പിടിക്കാൻ കൂടുതൽ ക്രിയാത്മകനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.       

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top