10 July Friday

ചമയങ്ങളില്ല, ഇൗ പ്രതിഭയ്‌ക്ക്‌ 80ന്റെ ധന്യത

വെബ് ഡെസ്‌ക്‌Updated: Thursday May 28, 2020

 

ഒറ്റപ്പാലം
കലാസ്വാദകരുടെ സ്വന്തം അല്ലി റാണി ടീച്ചർക്ക്‌‌ വെള്ളിയാഴ്‌ച എൺപതാം പിറന്നാൾ. 70 വർഷമായി നൃത്തരംഗത്ത്‌ സജീവമായ അല്ലിറാണി ഒറ്റപ്പാലം കേരള കലാലയത്തിന്റെ നെടുംതൂണാണ്‌.  
1954 ൽ കലാമണ്ഡലം ബാലകൃഷ്ണൻ നായർ, കയറാട്ട്‌ ഗോപാലൻ നായർ, കെഎംസി കുറുപ്പ്‌ എന്നിവർ സ്ഥാപിച്ച കേരള കലാലയത്തി‌ലൂടെ ഒമ്പതാം‌ വയസിലാണ്‌‌ അല്ലിറാണി നൃത്തപഠനം തുടങ്ങിയത്‌. പിന്നീട്‌ ഇവിടെ തന്നെ നൃത്താധ്യാപികയായി. നിരവധി വേദികളിൽ നൃത്തം അവതരിപ്പിച്ചു. ഇതിനിടെ കഥകളി  അഭ്യസിച്ചു. കലാലയം സ്ഥാപകാംഗവും കഥകളി കലാകാരനുമായ കലാമണ്ഡലം ബാലകൃഷ്ണനായരെ വിവാഹം ചെയ്‌തു. ബാലകൃഷ്ണൻ നായരുടെ മരണശേഷം 1990ലാണ്‌ കലാലയത്തിന്റെ ചുമതല അല്ലിറാണി ഏറ്റെടുക്കുന്നത്‌. കലാദർപ്പണ ഉൾപ്പെടെ നിരവധി അവാർഡുകൾ ലഭിച്ചു. കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയത്തിന്റെ കഥകളിക്കുള്ള  ഫെല്ലോഷിപ് പെൺകുട്ടികളുടെ വിഭാഗത്തിൽ‌‌ ആദ്യമായി നേടിയത്‌ അല്ലിറാണിക്കാണ്‌. ഒറ്റപ്പാലം കലാലയം റോഡിൽ പാർവതി നിവാസിലാണ്‌ താമസം.
മുരളി മേനോൻ (ആസ്‌ത്രേലിയ), ശശി മേനോൻ (മൃദംഗ വിദ്വാൻ) എന്നിവർ മക്കളും  ജയന്തീ മുരളി, കലാമണ്ഡലം സുധ ശശി മേനോൻ എന്നിവർ മരുമക്കളുമാണ്‌.
പ്രധാന വാർത്തകൾ
 Top