06 October Thursday
ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളിലും പദ്ധതി ആരംഭിച്ചു

വയറുനിറച്ച്‌ സർക്കാർ

സ്വന്തം ലേഖകൻUpdated: Saturday Mar 28, 2020
പാലക്കാട്‌ 
‘വയർ നിറഞ്ച് മനസാ വാഴ്‌ത്തറോം, നീങ്കളും ഇന്ത അരസും നല്ലായിരുക്കണം’(വയർ നിറഞ്ഞ് വാഴ്‌ത്തുന്നു, നിങ്ങളും ഈ സർക്കാരും നന്നായിരിക്കണം). സംസ്ഥാന സർക്കാരിന്റെ നിർദേശാനുസരണം കോങ്ങാട്ടിൽ ആരംഭിച്ച സമൂഹ അടുക്കളയിൽനിന്ന്‌ വിളമ്പിയ ഭക്ഷണം കഴിച്ച തമിഴ്നാട്ടുകാരായ അതിഥി തൊഴിലാളികളുടെ വാക്കുകളാണിത്‌. കോവിഡ്‌–-19 വ്യാപനത്തെ തുടർന്ന് തൊഴിൽ നഷ്ടമായി നാട്ടിലേക്ക്‌ തിരിച്ചുപോകാനാകാതെ, ഭക്ഷണത്തിന്‌ വഴിയില്ലാതിരിക്കുമ്പോഴാണ്‌ വളണ്ടിയർമാർ വിളിച്ചുകൊണ്ടുപോയി വയറുനിറയെ ഭക്ഷണം നൽകിയത്‌. 
തമിഴ്നാട്, ആസം, ബംഗാൾ എന്നിവിടങ്ങളിൽനിന്ന്‌ കോങ്ങാട്‌ ജോലിക്കെത്തിയ 17 തൊഴിലാളികൾക്കാണ്‌ സമൂഹ അടുക്കളയിൽനിന്ന്‌ ഭക്ഷണം നൽകിയത്‌. പ്രതിസന്ധി അവസാനിക്കുന്നതുവരെ ഇവിടെനിന്ന് ഭക്ഷണം കിട്ടുമെന്നറിഞ്ഞതോടെ എല്ലാവരുടെയും മുഖങ്ങളിൽ സന്തോഷത്തിന്റെ വിവിധ ഭാവങ്ങൾ മിന്നിമറഞ്ഞു. 
രാജ്യത്ത്‌ ലോക്ക്‌ ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഭക്ഷണം ലഭിക്കാത്തവർക്ക്‌ ആശ്വാസം പകരാനാണ്‌ സംസ്ഥാന സർക്കാർ സമൂഹ അടുക്കള പദ്ധതി തുടങ്ങിയത്‌. 
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അടുക്കളയൊരുക്കി ഭക്ഷണം പാകം ചെയ്‌ത്‌ വീടുകളിലെത്തിക്കുന്നതാണ്‌ പദ്ധതി. വെള്ളിയാഴ്‌ചതന്നെ ഭൂരിഭാഗം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പദ്ധതി ആരംഭിച്ചു. ഹോട്ടലുകളും റെസ്‌റ്റോറന്റുകളും അടച്ച സാഹചര്യത്തിൽ പുറത്തുകഴിയുന്നവർക്കും വീട്ടിൽ ഭക്ഷണം പാകം ചെയ്യാൻ കഴിയാത്തവർക്കും അവർ കഴിയുന്ന സ്ഥലങ്ങളിൽ ഭക്ഷണപ്പൊതി നേരിട്ട്‌ എത്തിക്കുന്ന പദ്ധതിയാണ്‌ സജീവമായത്‌. പഞ്ചായത്തുകളിൽ 50 മുതൽ 250 വരെ പൊതിച്ചോർ തയ്യാറാക്കിയാണ്‌ നിരാലംബരായവർക്കും മറ്റും എത്തിക്കുന്നത്‌. രണ്ട്‌ ദിവസം മുമ്പാണ്‌ മുഖ്യമന്ത്രി സംസ്ഥാനത്ത്‌ ആരും പട്ടിണികിടക്കാൻ ഇടവരില്ല എന്ന്‌ പ്രഖ്യാപിച്ചത്‌. അതിന്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുൻകൈ എടുക്കണമെന്നും നിർദേശിച്ചു. അതിന്റെ അടിസ്ഥാനത്തിൽ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടപടി തുടങ്ങി. 
സ്‌കൂളുകൾ, കല്യാണമണ്ഡപം, സ്വകാര്യ വ്യക്തികളുടെ ഹോട്ടലുകളിലെ അടുക്കള എന്നിവിടങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ അടുക്കള സജ്ജമാക്കി.  ലോക്ക്‌ ഡൗൺ തീരുന്ന ഏപ്രിൽ 14 വരെ സമൂഹ അടുക്കള പ്രവർത്തിക്കും.  ഇവിടങ്ങളിൽ നേരിട്ട്‌ എത്തുന്നവർക്കും ഭക്ഷണം നൽകും. ചോറ്‌, സാമ്പാർ, തോരൻ, അച്ചാറ്‌ തുടങ്ങിയവയാണ്‌  ഉച്ചഭക്ഷണമായി നൽകുന്നത്‌.  
രാത്രി ഭക്ഷണവും  ഇവിടങ്ങളിൽനിന്ന്‌ ലഭിക്കും. ചപ്പാത്തിയും വെജിറ്റബിൾ കറിയും അല്ലെങ്കിൽ  അനുയോജ്യമായതും പാചകം ചെയ്‌ത്‌ നൽകുന്നു. 
കോവിഡ്‌–-19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രി പ്രഖ്യാപിച്ചതനുസരിച്ച്‌  നിയമിച്ച സന്നദ്ധ വളണ്ടിയർമാരാണ്‌  ഭക്ഷണം ആവശ്യമുള്ള കുടുംബങ്ങൾക്ക്‌ നേരിട്ട്‌ നൽകുന്നത്‌. ഒറ്റദിവസം അയ്യായിരത്തിലേറെ വളണ്ടിയർമാർ സേവന സന്നദ്ധരായി രംഗത്തുവന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ഇതിനായി ‘സന്നദ്ധം’ പോർട്ടൽ സജ്ജമാക്കുകയും ചെയ്‌തു. 22 നും 40 നും ഇടയിൽ പ്രായമുള്ള വളണ്ടിയർമാരാണ്‌ രജിസ്‌റ്റർ ചെയ്‌ത്‌ സേവനരംഗത്തുള്ളത്‌. 
 ഇവർക്കുള്ള തിരിച്ചറിയൽ കാർഡുകൾ അതത്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top