തിരുവനന്തപുരം/പാലക്കാട്
കർഷകസമരം ഒരു വർഷം പിന്നിട്ട വെള്ളിയാഴ്ച കർഷകർ രാജ്ഭവനു മുന്നിലും മണ്ഡലം, ഏരിയ കേന്ദ്രങ്ങളിലും ഐക്യദാർഢ്യ ധർണ നടത്തി. വിജയം ഉറപ്പിക്കാനെന്ന മുദ്രവാക്യം ഉയർത്തി നടന്ന സമരത്തിൽ നിരവധി പേർ പങ്കെടുത്തു. കർഷക സമരത്തിൽ ജീവൻ നഷ്ടപ്പെട്ടവരെ ചടങ്ങിൽ അനുസ്മരിച്ചു.
കർഷകവിരുദ്ധ ബില്ലുകൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചെങ്കിലും കുറഞ്ഞ താങ്ങുവില നിയമമാക്കുക, വൈദ്യുതിനിയമ ഭേദഗതി ബിൽ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിച്ചിട്ടില്ല. ഈ ആവശ്യങ്ങൾകൂടി ഉയർത്തിയാണ് ധർണ സംഘടിപ്പിച്ചത്.
രാജ്ഭവൻ മാർച്ച് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്തു. സി ദിവാകരൻ അധ്യക്ഷനായി. എം വിജയകുമാർ, മാത്യു ടി തോമസ്, വി എസ് പത്മകുമാർ, കെ സി വിക്രമൻ, എസ് കെ പ്രീജ, ഉഴമലയ്ക്കൽ വേണുഗോപാൽ, കെ വേണുഗോപാലൻ നായർ, സഹായദാസ് നാടാർ, ബാലരാമപുരം രാജു, തമ്പാനൂർ രാജീവ്, എം കെ ദിലീപ് എന്നിവർ സംസാരിച്ചു.
പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കർഷകസംഘം ജില്ലാ സെക്രട്ടറി ജോസ് മാത്യൂസ് കോങ്ങാട്ടിലും ജില്ലാ പ്രസിഡന്റ് പി കെ സുധാകരൻ കൂറ്റനാട്ടിലും ധർണ ഉദ്ഘാടനം ചെയ്തു.
സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗം കെ ഇ ഇസ്മയിൽ വടക്കഞ്ചേരിയിലും കർഷകസംഘം ജില്ലാ കമ്മിറ്റി അംഗം കെ ഡി പ്രസേനൻ എംഎൽഎ ആലത്തൂരിലും മുഹമ്മദ് മുഹസിൻ എംഎൽഎ പട്ടാമ്പിയിലും കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം ശോഭന രാജേന്ദ്ര പ്രസാദ് ഒറ്റപ്പാലത്തും ജനതാദൾ (എസ്) സംസ്ഥാന സെക്രട്ടറി വി മുരുകദാസ് ചിറ്റൂരും കിസാൻസഭ ജില്ലാ പ്രസിഡന്റ് പി എസ് ശിവദാസ് നെന്മാറയിലും സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ എസ് സലീഖ കടമ്പഴിപ്പുറത്തും സിപിഐ എം ഏരിയ കമ്മിറ്റി അംഗം കെ ശോഭൻകുമാർ മണ്ണാർക്കാട് തെങ്കരയിലും കർഷകസംഘം ഏരിയ സെക്രട്ടറി കെ ടി സത്യൻ ചളവറയിലും ഉദ്ഘാടനം ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..