16 October Saturday
കര്‍ഷകന് പരിക്ക്

ചിന്നംവി‍ളിയോടെ വീണ്ടും ചുരുളിക്കൊമ്പൻ

വെബ് ഡെസ്‌ക്‌Updated: Monday Sep 27, 2021
കഞ്ചിക്കോട്‌
ഒറ്റയാന്റെ ആക്രമണത്തിൽ കർഷകനു പരിക്കേറ്റു. മദപ്പാടുള്ള ചുരുളിക്കൊമ്പൻ (പിടി 5) എന്ന കാട്ടാനയാണ് കഞ്ചിക്കോട്‌ പനംങ്കാട്‌ സ്വദേശി നാരായണൻ(59) നെ ആക്രമിച്ചത്. ഞായറാഴ്ച പുലർച്ചെയാണു അപകടമുണ്ടായത്‌. 
ചേമ്പലക്കാടുള്ള കൃഷിയിടത്തില്‍ നിൽക്കുകയായിരുന്ന നാരായണനെ തൊട്ടടുത്ത കുറ്റിക്കാട്ടിൽ നിന്നുമെത്തിയ ആന പിന്നില്‍ നിന്നും തള്ളിയിടുകയായിരുന്നു. നിലത്ത്‌ വീണ നാരായണനെ ആന കുത്താൻ ശ്രമിച്ചെങ്കിലും ഒറ്റയാന്റെ കൊമ്പ്‌ ചുരുണ്ടിരുന്നതിനാൽ ആ വിടവിലൂടെ രക്ഷപ്പെട്ടു. 
ഇയാൾക്ക്‌ കൈയിലും കാലിലും പരിക്കേറ്റു. പ്രദേശത്തെ വിളവെടുപ്പിനു പാകമായ പത്തേക്കറിലേറെ നെൽക്കൃഷിയും ആന നശിപ്പിച്ചു. ഒരാഴ്ച മുമ്പ് 17 അംഗ കാട്ടാനക്കൂട്ടത്തിനൊപ്പം ചുരുളിക്കൊമ്പൻ ഐഐടി ക്യാമ്പസിനകത്ത്‌ എത്തിയിരുന്നു. 
മദപ്പാടുള്ള ആന ആക്രമണകാരിയാണെന്നും പ്രദേശത്ത്‌ കൂടുതൽ വനം വകുപ്പ്‌ വാച്ചർമാരെ നിയോഗിച്ചെന്നും വാളയാർ റേഞ്ച്‌ ഓഫീസർ പി സുരേഷ്‌ പറഞ്ഞു.
 
തൊഴിലാളികൾ 
രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കഞ്ചിക്കോട്‌
കഞ്ചിക്കോട് ഐഐടിക്ക് സമീപം കാട്ടാനയുടെ ആക്രമണത്തിൽനിന്ന് അതിഥിത്തൊഴിലാളികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
 ഞായറാഴ്ച രാവിലെ ക്യാമ്പസിന് സമീപത്തെ കുളത്തിൽ കുളിക്കാനിറങ്ങിയ തൊഴിലാളികൾക്കിടയിലേക്കാണ് കൊമ്പൻ ചിന്നം വിളിച്ചെത്തിയത്‌. 
തൊഴിലാളികൾ ചിതറിയോടിയതിനാൽ അപകടമുണ്ടായില്ല. ഉൾക്കാട്ടിലേക്ക്‌ കയറാതെ ഐഐടി ക്യാമ്പസിനു സമീപത്തെ വനമേഖലയിൽ 17 അംഗ കാട്ടാനക്കൂട്ടം ജനങ്ങൾക്ക്‌ ഭീഷണിയായി നിലയുറപ്പിച്ചിട്ട് ദിവസങ്ങൾ പിന്നിട്ടു. 20ന് പുലർച്ചെയാണ് ഐഐടി ക്യാമ്പസിലെ ചുറ്റുമതിൽ തകർത്ത ആനക്കൂട്ടം നിർമാണം നടക്കുന്ന കെട്ടിടങ്ങൾക്കിടയിൽ എത്തിയത്. 
ഏറെനേരത്തെ പരിശ്രമങ്ങൾക്കൊടുവിൽ അയ്യപ്പൻമലയുടെ താഴ്വാരത്തേക്ക് ആനക്കൂട്ടത്തെ വനം വകുപ്പ് ജീവനക്കാർ ഓടിച്ചുകയറ്റി. ഇവയെ ഉൾക്കാട്ടിലേക്ക്‌ കയറ്റാൻ ശ്രമം തുടരുന്നു. മദപ്പാടുള്ള ചുരുളിക്കൊമ്പൻ (പാലക്കാട് തസ്കർ അഞ്ച്) ആനക്കൂട്ടത്തിലുള്ളത് കാടുകയറ്റലിന് ബുദ്ധിമുട്ടാകുന്നു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top