14 October Monday
ടിക്കറ്റുകൾ വെയിറ്റിങ് ലിസ്‌റ്റിൽ

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്‌ ട്രെയിനില്ല

എസ്‌ സിരോഷUpdated: Tuesday Aug 27, 2024
 
പാലക്കാട്‌ 
ഓണത്തിന്‌ ദിവസങ്ങൾ മാത്രം ശേഷിക്കെ ഇനിയും സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിക്കാതെ റെയിൽവേ. പ്രധാന ട്രെയിനുകളിലെല്ലാം ഓണത്തിനടുത്ത ദിവസങ്ങളിൽ ടിക്കറ്റ്‌ വെയിറ്റിങ് ലിസ്‌റ്റിലാണ്‌. കൂടുതൽ ടിക്കറ്റുകൾ വെയിറ്റിങ് ലിസ്‌റ്റിലാക്കി തൽക്കാൽ, പ്രീമിയം തൽക്കാൽ ടിക്കറ്റുകൾ അടിച്ചേൽപ്പിച്ച്‌ ജനങ്ങളെ കൊള്ളയടിക്കുകയാണ്‌. ഒപ്പം ആർഎസി ടിക്കറ്റുകൾ കൂടുതൽ നൽകുന്നതായും യാത്രക്കാർ പരാതി പറയുന്നു. 
പാലക്കാട്ടുനിന്ന്‌ ചെന്നൈയിലേക്ക്‌ ചെന്നൈ മെയിലിൽ സ്ലീപ്പറിന്‌ 355 രൂപയാണ്‌ നിരക്ക്‌. തൽക്കാലാണെങ്കിൽ 450 ഉം പ്രീമിയം തൽക്കാലിന്‌ 580 ഉം രൂപയാണ്‌. തേർഡ്‌ എസിക്ക്‌ 935 രൂപയാണ്‌. തൽക്കാലിന്‌ 1250, പ്രീമിയം തൽക്കാലിന്‌ 2405 രൂപയും. തിരക്കിനനുസരിച്ച്‌ നിരക്ക്‌ ഉയരും. 
ടിക്കറ്റുകൾ വെയിറ്റിങ് ലിസ്‌റ്റിലും ആർഎസിയിലുമാകുമ്പോൾ ദീർഘദൂര യാത്രക്കാർ തൽക്കാലിനെ ആശ്രയിക്കും. ഇതുവഴി അധികനിരക്ക്‌ കിട്ടുമെന്ന്‌ മാത്രമല്ല, നേരത്തേ എടുത്ത ടിക്കറ്റ്‌ റദ്ദാക്കിയതിന്റെ ചാർജുൾപ്പെടെ റെയിൽവേക്ക്‌ ഇരട്ടിലാഭമാണ്‌. 
സ്ലീപ്പർ നിരക്കാണ്‌ ഇരുന്ന്‌ യാത്ര ചെയ്യാൻ മാത്രം സൗകര്യമുള്ള ആർഎസിയിലും. സ്ലീപ്പറിന്റെ നിരക്കിൽ ഒരു സീറ്റിൽ രണ്ടുപേരെ ഇരുത്തി യാത്ര ചെയ്യിപ്പിക്കുകയെന്ന തന്ത്രവും ഇതിന്‌ പിന്നിലുണ്ട്‌.
ഇതുവരെ അനുവദിച്ചത് ഒരു ട്രെയിൻ 
എസ്‌എംവിടി ബംഗളൂരു –-കൊച്ചുവേളി എക്‌സ്‌പ്രസ്‌ സ്‌പെഷ്യൽ (06239) മാത്രമാണ്‌ ഇത്തവണ ഓണക്കാലത്ത്‌ അനുവദിച്ച സ്‌പെഷ്യൽ ട്രെയിൻ. സാധാരണ ചെന്നൈ, ബംഗളൂരൂ യാത്രക്കാർക്കായി പേരിനെങ്കിലും ട്രെയിൻ അനുവദിക്കാറുണ്ട്‌. ഇത്തവണ അതുമില്ല. 
അധിക ട്രെയിൻ അനുവദിച്ചാലും കൂടുതൽ നിരക്കിലുള്ള സ്‌പെഷ്യൽ ട്രെയിനുകളായിരിക്കും നൽകുക.  

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top