16 February Saturday

മൂകമായി നെല്ലിയാമ്പതി

വേണു കെ ആലത്തൂർUpdated: Monday Aug 27, 2018
പാലക്കാട‌്
കോടമഞ്ഞും കുളിർക്കാറ്റും സീതാർകുണ്ടിന്റെ വശ്യതയും ആസ്വദിക്കാൻ ഇന്ന‌് വിനോദസഞ്ചാരികളില്ല. ഹെയർപിൻ വളവുകളിലെ വ്യൂപോയിന്റിൽ സെൽഫിയെടുക്കുന്ന കുസൃതിക്കൂട്ടങ്ങളില്ല. വാഹനങ്ങളുടെ കാതടപ്പിക്കുന്ന ശബ്ദമോ, നീണ്ട നിരയോ ഇല്ല,  ജനങ്ങളിൽനിന്ന‌് തീറ്റസാധനങ്ങൾ തട്ടിപ്പറിക്കാൻ തക്കംപാർത്ത‌ിരിക്കുന്ന കുരങ്ങച്ചന്മാരും വിഷാദമൂകരായിരിക്കുന്നു. ജെസിബിയും ഹിറ്റാച്ചിയും മണ്ണ‌് നീക്കുന്ന പ്രവൃത്തികൾ ദൂരെനിന്ന‌് വീക്ഷിക്കുന്ന കുരങ്ങന്മാരുടെ ദയനീയതയാണ‌് ഇപ്പോൾ ഇവിടെ കാണാൻ കഴിയുക.  
ഇന്ന‌് നെല്ലിയാമ്പതി ശൂന്യമാണ‌്.  ജനത്തിരക്കില്ലാത്ത  ഒരുതരം ഭയപ്പെടുത്തുന്ന മൗനം. നെല്ലിയാമ്പതിക്ക‌്  ഇത‌് ആദ്യ ഓണമാണ‌്. ആളും അർഥവുമില്ലാത്ത ഓണം. ഓണത്തിരക്ക‌് മുന്നിൽക്കണ്ട‌് യഥേഷ്ടം സാധനങ്ങൾ വാങ്ങിസൂക്ഷിച്ച പുലയമ്പാറയിൽ പെട്ടിക്കട നടത്തുന്ന ഉഷ പറയുന്നു, ‘ഇനി ഇതൊന്നും വിൽക്കാൻ കഴിയില്ല. കുറച്ചുദിവസം കഴിഞ്ഞാൽ എല്ലാം കളയേണ്ടിവരും’ കണ്ണുകൾ ഈറനണിഞ്ഞ‌്, എന്നാൽ  സങ്കടം പുറത്തുകാണിക്കാതെ കൃത്രിമ ചിരിയുമായി അവർ പറഞ്ഞു. ‘ഓണത്തിന‌് വാഹനങ്ങളുടെ ശബ്ദമല്ല, കാതിൽ മുഴങ്ങിയത‌്, ഞങ്ങൾക്കുള്ള ഭക്ഷ്യസാധനങ്ങളുമായി തലയ‌്ക്ക‌് മുകളിലൂടെ ചീറിപ്പായുന്ന ഹെലികോപ‌്ടറുകളായിരുന്നു. കച്ചവടമില്ലെങ്കിലും പട്ടിണിയില്ലാതെ കഴിഞ്ഞുകൂടാം. അതാണ‌് ആകെയുള്ള ആശ്വാസം’‐ഉഷ പറഞ്ഞുനിർത്തി.  
നെല്ലിയാമ്പതിയുടെ ഭക്ഷ്യസംഭരണ കേന്ദ്രം പുലയമ്പാറയായിരുന്നു. ഉത്രാടം നാൾവരെ ദിവസവും ഹെലികോപ‌്ടറിലാണ‌് ഭക്ഷ്യധാന്യങ്ങൾ നെല്ലിയാമ്പതിയിലേക്ക‌് എത്തിച്ചത‌്.  
ഓണത്തിനാണ‌് നെല്ലിയാമ്പതിയിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ എത്തിയിരുന്നത‌്. പാലക്കാട‌് ജില്ലക്കാർ മാത്രമല്ല, കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിൽനിന്നുള്ളവരും തമിഴ‌്നാട്ടിൽനിന്നുള്ള വിനോദസഞ്ചാരികളും എത്താറുണ്ട‌്. ചെറുതും വലുതുമായ 1500 ഓളം  വാഹനങ്ങൾ ഓണക്കാലത്ത‌് ഒരു ദിവസം നെല്ലിയാമ്പതി മലനിരകളിലെത്തുന്നു. നെല്ലിയാമ്പതിയിലേക്കെത്തുന്നവർ ആദ്യം പോത്തുണ്ടി ഡാം കാണും. തുടർന്നാണ‌് പത്ത‌് ഹെയർപിൻ വളവുകൾ താണ്ടി നെല്ലിയാമ്പതിയുടെ മുകളിലെത്തുക. സീതാർകുണ്ട‌്, പലകപ്പാണ്ടി, മാൻപാറ, കേശവൻപാറ, ഓറഞ്ച‌്ഫാം, പോത്തുമല എന്നിവയെല്ലാം വിനോദസഞ്ചാരികളെക്കൊണ്ട‌് നിറയുമായിരുന്നു. പോകുന്ന വഴികളിലെല്ലാം ചെറുകിട കച്ചവടക്കാരും വഴിവാണിഭക്കാരും നിറയുന്നു. ഏറ്റവും കൂടുതൽ വ്യാപാരം നടക്കുന്നത‌് തേയിലയാണ‌്. ചന്ദ്രാമല, മണലാരു, എവിടി എന്നീ തേയിലക്കമ്പനികളുടെ ഫാക്ടറി ഔട്ട‌്‌ലെറ്റുകളിലും വിനോദസഞ്ചാരികളുടെ വൻ തിരക്കാണ‌്. അതൊക്കെ ഇന്ന‌് അപ്രത്യക്ഷമായി. എന്നാൽ തകർച്ചയിൽ തളരുകയല്ല, നെല്ലിയാമ്പതിയിലെ ജനങ്ങൾ. ഇഛാശക്തിയോടെ, ആത്മവിശ്വാസത്തോടെ തിരിച്ചുവരും. താൽക്കാലിക തിരിച്ചടികളിൽ പതറാതെ അവർ മുന്നോട്ട‌് തന്നെയാണ‌്. 
ഉരുൾപൊട്ടലും മലയിടിച്ചിലും മൂലം ഗതാഗതം നിലച്ച നെല്ലിയാമ്പതി ഇന്ന‌് ഒറ്റപ്പെട്ടുവെങ്കിലും തകർന്ന കുണ്ടറൻചോല പാലം പുതുക്കിപ്പണിയുന്നതോടെ വീണ്ടെടുപ്പ‌് സാധ്യമാകുമെന്ന ഉറച്ച വിശ്വാസമാണ‌് ജനങ്ങൾക്ക‌്. സർക്കാർ ഞങ്ങൾക്കൊപ്പമുണ്ട‌്, അതാണ‌് എല്ലാം തകർന്നെങ്കിലും ഞങ്ങൾക്ക‌് ധൈര്യം നൽകുന്നത‌്’ നൂറടിപ്പുഴ കവിഞ്ഞ‌് കടകൾ മുങ്ങി സാധനങ്ങൾ നശിച്ച 83 കാരി സുൽത്താബിയുടെ വാക്കുകളിൽ ആത്മവിശ്വാസത്തിന്റെ പ്രസരിപ്പുണ്ട‌്.
പ്രധാന വാർത്തകൾ
 Top