22 February Friday
ജില്ലയിൽ 6668 ഓണക്കിറ്റ‌ുകൾ വിതരണം ചെയ്‌തു

ദുരിതം മറന്ന്‌ ഓണമുണ്ട്‌ പ്രളയബാധിതർ

ശരത‌് കൽപ്പാത്തിUpdated: Monday Aug 27, 2018
പാലക്കാട്
പ്രളയം കവർന്ന ശേഖരീപുരം ചുള്ളിയോട്ടെ നാഗരാജ് – മുത്തുലക്ഷ്മി ദമ്പതികളുടെ താൽക്കാലിക ഷെഡിലേക്ക‌് വ്യാഴാഴ‌്ച പകൽ 11ന‌് ഒരു ഫോൺവിളി എത്തി. ‘വില്ലേജ് ഓഫീസിൽ നിന്നാണ‌്, താങ്കളുടെ കുടുംബത്തിന് സർക്കാരിന്റെ ഓണക്കിറ്റുണ്ട്, ഓഫീസിലെത്തി കൈപ്പറ്റണം’.  
   ഉടൻതന്നെ പുത്തൂർ സ‌്കൂളിൽ ഏഴിൽ പഠിക്കുന്ന മൂത്തമകൾ പൂജയ‌്ക്കൊപ്പം പാലക്കാട് രണ്ടാംവില്ലേജ് ഓഫീസിലെത്തി റേഷൻകാർഡ‌് കാണിച്ച‌്  22 അവശ്യവസ്തുക്കളടങ്ങുന്ന കിറ്റ് വാങ്ങി.  ഫോൺ വന്നപ്പോൾ അവർ കരുതിയിരുന്നില്ല, കിറ്റിൽ ഇത്രയധികം സാധനങ്ങളുണ്ടെന്ന‌്.  പ്രളയദിനങ്ങളുടെ നടുക്കുന്ന ഒാർമകൾക്കിടയിലും അവരുടെ മനം നിറഞ്ഞു.
വീടിനായി നിർമിച്ച അടിത്തറ മാത്രമാണ‌് ഇപ്പോഴുള്ളത്. സിമന്റും മണലും മറ്റ് നിർമാണസാമഗ്രികളും വെള്ളത്തിൽ ഒലിച്ചുപോയി. താൽക്കാലികമായി താമസിച്ചിരുന്ന സമീപത്തെ വീടും വെള്ളം കയറി. നാഗരാജും ഭാര്യയും മൂന്നു പെൺമക്കളും അമ്മയും സഹോദരങ്ങളുമുൾപ്പെടെ എട്ടുപേരാണ് ഇവിടെയുണ്ടായിരുന്നത‌്. മക്കളുടെ പഠനസാമഗ്രികൾവരെ നഷ‌്ടപ്പെട്ടു. വെള്ളമിറങ്ങിയപ്പോൾ  വീട്ടിലെ ചെളി നീക്കം ചെയ്ത് ടാർപായ നിലത്തു വിരിച്ചാണ് കിടക്കുന്നത്.  പ്രദേശത്തെ 48 വീടുകളാണ‌് വെള്ളത്തിനടയിലായത‌്. 55 കുടുംബങ്ങൾ കുമരപുരം ഹയർ സെക്കൻഡറി സ‌്കൂളിലെ ക്യാമ്പിലായിരുന്നു. കെട്ടിട നിർമാണതൊഴിലാളിയായ നാഗരാജ‌് ജോലിക്ക്  പോയിട്ട‌് 20 ദിവസം കഴിഞ്ഞു. ദുരിതക്കൊടുമുടിയിൽ നിൽക്കുമ്പോഴും കൈവിടാതെ കൂടെ നിൽക്കുന്നതിനും ഓണക്കിറ്റ‌് ഉൾപ്പെടെ നൽകിയതിനും സർക്കാരിനോട് നന്ദി പറയുന്നുവെന്ന് നാഗരാജ് പറഞ്ഞു. വ്യാഴാഴ്ച് മുതലാണ് മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക്ക‌് അവശ്യസാധനങ്ങളടങ്ങിയ കിറ്റുകളുടെ വിതരണം  ആരംഭിച്ചത്.  വില്ലേജ് ഓഫീസർമാർ മുഖേന 6668 കിറ്റുകൾ വിതരണം ചെയ്തു.സർക്കാർ ഉത്തരവ് പ്രകാരമുള്ള വസ്തുക്കൾക്കൊപ്പം സംഭരണകേന്ദ്രങ്ങളിലെ വസ്തുക്കളുടെ ലഭ്യതനുസരിച്ചാണ് കിറ്റ് തയ്യാറാക്കിയിരുന്നത്. അരി, പച്ച പയർ, പരിപ്പ്, വെളിച്ചെണ്ണ, സാമ്പാർപൊടി, മുളക്ക് പൊടി, മല്ലി പൊടി, മഞ്ഞൾ പൊടി, പഞ്ചസാര, സവോള, ചെറിയുള്ളി, ഉരുളകിഴങ്ങ്, ബീൻസ്, ബക്കറ്റ്, സോപ്പ്, ടൂത്ത് പേസ്റ്റ്, ടൂത്ത് ബ്രഷ്, ചീർപ്പ്, കൈലി, നൈറ്റി, കുട്ടികളുടെ വസ്ത്രം, പാൽപ്പൊടി എന്നിവയെല്ലാം കിറ്റിലുണ്ട‌്. അവധി ദിവസമായിട്ടും ഉദ്യോഗസ്ഥരെല്ലാം വില്ലേജ് ഓഫീസുകളിലെത്തിയിരുന്നു. ക്യാമ്പിൽ താമസിച്ചിരുന്നവരുടെ ലിസ്റ്റെടുത്ത് ഓരോരുത്തരേയും വിളിച്ചു വരുത്തിയാണ് കിറ്റുകൾ നൽകിയത്. ഓണക്കാലത്ത് ആരും വിശന്നുറങ്ങരുതെന്ന ലക്ഷ്യത്തോടെയാണ‌് സംസ്ഥാന സർക്കാർ വില്ലേജ‌് ഓഫീസ‌ുകൾമുഖേന കിറ്റ‌് വിതരണം ചെയ‌്തത‌്.
പ്രധാന വാർത്തകൾ
 Top