27 September Monday
എംപിയുടെ പരാമർശം പച്ചക്കള്ളമെന്ന്‌ സനൂഫ്‌

‘വീഡിയോ ഇല്ലായിരുന്നെങ്കിൽ ഭാവി തകർന്നേനെ’

ശരത്‌ കൽപ്പാത്തിUpdated: Tuesday Jul 27, 2021
പാലക്കാട്
കൈയിൽ കയറി പിടിച്ചെന്നും ശല്യപ്പെടുത്തിയെന്നുമുള്ള രമ്യ ഹരിദാസ് എംപിയുടെ വാദം പച്ചക്കള്ളമാണെന്ന്‌ കോവിഡ് മാനദണ്ഡ ലംഘനം ചോദ്യംചെയ്ത സനൂഫ്. ഹോട്ടലിലെ സിസിടിവി ദൃശ്യം പരിശോധിച്ചാൽ എംപിയുടെ വാദം പൊളിയും. എന്നെ സംഘംചേർന്ന് കൈയേറ്റം ചെയ്യുന്നത് ഇതിലുണ്ടാകും. മൂന്നു സ്വകാര്യകമ്പനിയിൽ എനിക്ക്‌ ജോലി ശരിയായിട്ടുണ്ട്. എന്നാൽ എംപിയുടെ ഈ പരാമർശം എന്റെ ഭാവി തകർക്കുന്നതാണ്‌. വീഡിയോ എടുത്തില്ലായിരുന്നുവെങ്കിൽ നിരപരാധിത്വം തെളിയിക്കാനാകുമായിരുന്നില്ല. എൻജിനിയറിങ് കഴിഞ്ഞ് പാർട് ടൈം ആയി സ്വകാര്യ ഭക്ഷണവിതരണ ശൃംഖലയിൽ ജോലിചെയ്യുകയാണ്‌.  
ഭക്ഷണമെടുക്കാനാണ്‌ കൽമണ്ഡപത്തെ ഹോട്ടലിലെത്തിയത്. പുറത്ത് എംപിയുടെ കാർ കണ്ടു. അകത്ത് കൂട്ടരുമായി ഭക്ഷണം കഴിക്കാനുള്ള ഒരുക്കത്തിലാണെന്ന് ബോധ്യമായി. സുഹൃത്തിനോട് ഇക്കാര്യം സംസാരിച്ച്‌ ചോദിക്കാൻ ഹോട്ടലിലേക്ക്‌ കയറി. രമ്യ ഹരിദാസ്, വി ടി ബലറാം, റിയാസ് മുക്കോളി, പാളയം പ്രദീപ് ഉൾപ്പെടെയുള്ളവർ മുന്നിൽ ഗ്ലാസിൽ വെള്ളവുമായി ഭക്ഷണത്തിന്‌ കാത്തിരിക്കുകയായിരുന്നു. മാസ്‌ക്‌ ധരിച്ചിരുന്നില്ല. ബഹുമാനത്തോടെ എംപിയെ ‘മാം'എന്നാണ് അഭിസംബോധന ചെയ്തത്. 
ഉത്തരവാദിത്തമുള്ള ഒരാളെന്ന നിലയിൽ മറ്റുള്ളവർക്ക്‌ മാതൃകയാകേണ്ട അങ്ങ് കോവിഡ് മാനദണ്ഡം ലംഘിച്ച് ഭക്ഷണം കഴിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞു. ഈ സമയം നിരവധിപേർ സമീപം ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. പാർസൽ എടുക്കാൻ വന്നതെന്നായിരുന്നു എംപിയുടെ മറുപടി. മറ്റുള്ളവർ കഴിക്കുന്നത് എംപിക്ക് തടയാമായിരുന്നില്ലേ എന്ന ചോദ്യത്തിന് ഇതെന്റെ മണ്ഡലമല്ലെന്നാണ് പറഞ്ഞത്. ഉടൻ ഇവർ സീറ്റിൽനിന്നെണീറ്റ് തന്നെയുംകൂട്ടി പുറത്തേക്കു വന്നു. പാർസൽ ലഭിച്ചെന്നും പോകുകയാണെന്നും അറിയിച്ചപ്പോൾ നിർബന്ധിച്ച് പിടിച്ചിരുത്താൻ ശ്രമിച്ചു. ഈ സമയം പാളയം പ്രദീപ് പുറത്തുവന്ന് ബലമായി ഫോൺ പിടിച്ചുവാങ്ങാൻ ശ്രമിച്ചു.  കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. എന്നെയും സുഹൃത്ത്‌ ആസാദിനെയും മർദിച്ചു. 
ഉത്തരവാദിത്തപ്പെട്ടവർതന്നെ കോവിഡ് പ്രതിരോധത്തിനെതിരായി പ്രവർത്തിച്ചാൽ പൊതുജനത്തിന് കാര്യം തുറന്നുകാണിക്കാനുള്ള അവകാശമില്ലേ. ചോദ്യം ചെയ്യുന്നയാളെ അപമാനിക്കുന്നതാണോ ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധി ചെയ്യേണ്ടതെന്നും സനൂഫ് ചോദിക്കുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top