അഗളി
കുടുംബശ്രീ അഗളി ക്യാമ്പ് സെന്ററിൽ മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ദേശീയ മില്ലറ്റ് കോൺക്ലേവിന് തുടക്കം. മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. എൻ ഷംസുദ്ദീൻ എംഎൽഎ അധ്യക്ഷനായി. ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മയെ ആദരിച്ചു. മഹിളാ കിസാൻ ശാക്തീകരൺ പരിയോജനാ പദ്ധതി സൃഷ്ടിച്ച മാറ്റങ്ങൾ സംബന്ധിച്ച് ഡോ. എസ് ശാന്തി തയ്യാറാക്കിയ റിപ്പോർട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ എൻആർഎൽഎം ഡെപ്യൂട്ടി ഡയറക്ടർ രമൺ വാധ്വയ്ക്ക് നൽകി പ്രകാശിപ്പിച്ചു.
അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി രാമമൂർത്തി, ജ്യോതി അനിൽകുമാർ, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ മാത്യു, പഞ്ചായത്തംഗം മിനി ജി കുറുപ്പ്, കുടുംബശ്രീ ജില്ലാ മിഷൻ കോ–--ഓർഡിനേറ്റർ കെ കെ ചന്ദ്രദാസ്, ബി എസ് മനോജ് എന്നിവർ സംസാരിച്ചു. ശനിയാഴ്‌ച അട്ടപ്പാടിയിലെ പരമ്പരാഗത കാർഷിക വിത്തിടൽ ഉത്സവമായ ‘കമ്പളം' നടക്കും.
ഐക്യരാഷ്‌ട്ര സഭ ചെറുധാന്യ വർഷമായി ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണ് ‘നാമ് ഏകില' എന്ന പേരിൽ കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതി ദേശീയ മില്ലറ്റ് കോൺക്ലേവ് നടത്തുന്നത്. ചെറുധാന്യങ്ങൾ സംസ്ഥാനത്ത് ഏറ്റവുമധികം ഉൽപ്പാദിപ്പിക്കുന്ന മേഖലയാണ് അട്ടപ്പാടി. ചെറുധാന്യങ്ങളുടെ പ്രചാരവും ഉപഭോഗവും വർധിപ്പിക്കലാണ് ലക്ഷ്യം. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികൾ, വിദഗ്ധർ, ജനപ്രതിനിധികൾ, കർഷകർ, അട്ടപ്പാടി കുടുംബശ്രീ കൃഷിസംഘങ്ങൾ, സംരംഭകർ, യുവജനങ്ങൾ തുടങ്ങി രണ്ടായിരത്തോളം പേർ പങ്കെടുക്കും.
സംസ്ഥാനത്ത് ആദ്യമായാണ് പട്ടികവർഗമേഖലയിൽ മില്ലറ്റ് കോൺക്ലേവ്. ശാസ്ത്രീയമായ ചെറുധാന്യ കൃഷി, ചെറുധാന്യ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ പോഷകമൂല്യങ്ങൾ, സംരംഭ സാധ്യതകൾ തുടങ്ങി വിഷയങ്ങളിൽ സെമിനാറുകൾ, അട്ടപ്പാടിയിലെ കർഷകർ ഉൽപ്പാദിപ്പിക്കുന്ന ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ പ്രദർശന വിപണന മേള, ന്യൂട്രീഷൻ മേള, കർഷക സംഗമം, പാരമ്പര്യ വിത്തിനങ്ങളുടെ പ്രദർശനം, കലാ സാംസ്കാരിക പരിപാടികൾ എന്നിവയുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..