03 June Wednesday

വാളയാറിൽ കുടുങ്ങിയ വിദ്യാർഥികൾക്ക്‌ അഭയമൊരുക്കി മലമ്പുഴ

വെബ് ഡെസ്‌ക്‌Updated: Friday Mar 27, 2020
മലമ്പുഴ 
സേലം ഹോമിയോ മെഡിക്കൽ സെന്ററിൽനിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ വാളയാർ അതിർത്തിയിൽ കുടുങ്ങിയ 17 മലയാളി വിദ്യാർഥികളെ സുരക്ഷിതരായി മലമ്പുഴ കെടിഡിസിയിലെത്തിച്ചു. മലമ്പുഴയിലെത്തിച്ച ഇവർക്ക്‌ പഞ്ചായത്തിന്റെ നേതൃത്വത്തിൽ  താമസ സൗകര്യവും ഭക്ഷണവും വസ്ത്രവും ഒരുക്കി. ഒരു വയസ്സുള്ള കുഞ്ഞ്  ഉൾപ്പെടെ രണ്ട് സ്ത്രീകളും, 15 പുരുഷൻമാരുമാണുള്ളത്. സംസ്ഥാന സർക്കാരിന്റെ ഇടപെടലിനെ തുടർന്ന്‌ ബുധനാഴ്ച രാത്രിയോടെ തന്നെ ഇവരെ കെടിഡിസിയിലെത്തിച്ചു. വ്യാഴാഴ്ച പകൽ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര രാമചന്ദ്രന്റെ നേതൃത്വത്തിൽ വില്ലേജ്, പഞ്ചായത്ത്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ഭരണപരിഷ്‌കാര കമീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദന്റെ പിഎ എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഡോക്ടർമാരുടെ സംഘം മുഴുവൻ പേരെയും പരിശോധിച്ചു. ഇവരെ ഏപ്രിൽ ഏഴുവരെ ഇവിടെ താമസിപ്പിക്കും. ഇവർക്കുള്ള ഭക്ഷണവും, മറ്റ് ആവശ്യങ്ങളും മലമ്പുഴ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നൽകും. വെള്ളിയാഴ്ച് മുതൽ പഞ്ചായത്ത് കമ്യൂണിറ്റി കിച്ചൺ വഴി കുടുംബശ്രീ മൂന്നു നേരവും ഭക്ഷണം ഇവർക്ക് എത്തിക്കും. 
ആവശ്യപ്പെട്ട വസ്ത്രങ്ങൾ ഉൾപ്പടെ വ്യാഴാഴ്ച തന്നെ എത്തിച്ചുനൽകി. വയനാട്, പാലക്കാട് ഉൾപ്പെടെ വിവിധ ജില്ലകളിലുള്ള ഇവർ ഏപ്രിൽ ഏഴ് വരെയാണ് നിരീക്ഷണത്തിൽ കഴിയേണ്ടത്. എല്ലാ ദിവസവും ഡോക്ടർമാരെത്തി പരിശോധിക്കും. ഏപ്രിൽ ഏഴ് വരെ മലമ്പുഴ പഞ്ചായത്തിന്റെ പൂർണചുമതലയിലായിരിക്കും ഇവരുടെ താമസം.
പ്രധാന വാർത്തകൾ
 Top