30 May Saturday

വിശപ്പടക്കാൻ നാടൊരുങ്ങി

സ്വന്തം ലേഖികUpdated: Friday Mar 27, 2020
പാലക്കാട്‌
ലോക്ക്‌ഡൗണിന്റെ ഭാഗമായി സംസ്ഥാനത്ത്‌ ആരും പട്ടിണികിടക്കരുതെന്ന മുഖ്യമന്ത്രിയുടെ നിർദേശം നെഞ്ചേറ്റി തദ്ദേശ സ്ഥാപനങ്ങൾ കർമരംഗത്ത്‌. വീട്ടിൽ കഴിയുന്നവർക്കും വഴിയിൽ കുടുങ്ങിയവർക്കും ഭക്ഷണമെത്തിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ ഒരുങ്ങി. ഇതിനായി ഭക്ഷണം ആവശ്യമുള്ളവരെ കണ്ടെത്തി വീട്ടിൽ എത്തിക്കുകയാണ്‌ ഏറ്റവും ആദ്യം ചെയ്യുക. ഇതിനായി  വാർഡുതല സമിതി രൂപീകരിച്ചു. 
സമിതിയുടെ നേതൃത്വത്തിൽ അതത്‌ വാർഡിലെ ഭക്ഷണം ആവശ്യമുള്ള കിടപ്പുരോഗികൾ,  ക്വാറന്റീനിലുള്ളവർ, ഭിന്നശേഷിക്കാർ, ഒറ്റപ്പെട്ടു കഴിയുന്നവർ തുടങ്ങിയവരെ കണ്ടെത്തും. ഇവർക്ക്‌ ആവശ്യമായ ഭക്ഷണം കമ്യൂണിറ്റി കിച്ചണിൽ പാചകം ചെയ്‌ത്‌ വീടുകളിൽ എത്തിക്കും. ഇതിനായി കുടുംബശ്രീയെ ഉപയോഗപ്പെടുത്താനാണ്‌ തീരുമാനം. അത്‌ സാധ്യമല്ലെങ്കിൽ മറ്റ്‌ സംവിധാനം തേടും. ഭക്ഷണം പാകം ചെയ്യുന്നതിന്‌ അങ്കണവാടി കെട്ടിടങ്ങളും, മറ്റ്‌ ഹാളുകളും  ഉപയോഗപ്പെടുത്തും. സഹായിക്കാൻ സന്നദ്ധരായവരുടെ സ്‌പോൺസർഷിപ് തേടും. ഭക്ഷണത്തിന്‌ പുറമേ മരുന്ന്‌ ആവശ്യമുള്ളവർക്ക്‌ അതും എത്തിക്കും. അതത്‌ പഞ്ചായത്തിലെ ബന്ധപ്പെട്ടവരുടെ ഫോൺ നമ്പർ  ആവശ്യക്കാർക്ക്‌ നൽകും. 
സഹായത്തിന്‌ ഇതിൽ ബന്ധപ്പെടാം. പാചക തൊഴിലാളികൾക്കും വിതരണക്കാർക്കും ശുചിത്വവും സുരക്ഷയും ഉറപ്പാക്കും. ആശുപത്രികൾ അണുവിമുക്തമാക്കാനുള്ള നടപടിയും സ്വീകരിക്കും. ജനങ്ങൾക്കിടയിൽ കോവിഡ്‌ –-19 നെ കുറിച്ച്‌ ബോധവൽക്കരണം നടത്തുന്നതിന്‌ മൈക്കിലൂടെ പഞ്ചായത്തിലുടനീളം അനൗൺസ്‌മെന്റ്‌ നടത്തും.  ഇത്തരം പ്രവർത്തനങ്ങൾക്ക്‌ പത്തംഗ സന്നദ്ധസേനയെയും സജ്ജമാക്കും.  കുടുംബശ്രീയെ ഉപയോഗപ്പടുത്തി മാസ്‌ക്, സാനിറ്റൈസർ എന്നിവ ആവശ്യത്തിന്‌ നിർമിക്കും.  
ജനങ്ങൾക്കിടയിലേക്ക്‌ സന്ദേശമെത്തിക്കുക എന്ന ലക്ഷ്യമാണ്‌ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ  നടപ്പിലാക്കുന്നത്‌. 
ക്വാറന്റീനിൽ കഴിയുന്നവരെ നിരീക്ഷിക്കാൻ നിലവിൽ ആശാവർക്കർമാരും ഹരിത കർമ സേനയും ഹെൽത്ത്‌ ഇൻസ്‌പെക്ടറും വാർഡംഗവുമൊക്കെ ഉൾപ്പെടുന്ന സമിതി പ്രവർത്തിക്കുന്നുണ്ട്‌.
പ്രധാന വാർത്തകൾ
 Top