എല്ലാ തെരഞ്ഞെടുപ്പിലും ഇടതുപക്ഷത്തെ നെഞ്ചേറ്റിയ ജില്ലാ പഞ്ചായത്ത് ഡിവിഷനാണ് വാണിയംകുളം. ഇത്തവണയും ജനങ്ങൾ ഹൃദയപക്ഷമായ എൽഡിഎഫിനൊപ്പം തന്നെ. വാണിയംകുളം, അനങ്ങനടി പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളും തൃക്കിടീരിയിലെ ഏഴ്, ചളവറയിലെ മൂന്ന് എന്നിങ്ങനെ 43 വാർഡാണ് ഡിവിഷനിലുള്ളത്. അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനായതാണ് എൽഡിഎഫിന്റെ ആത്മവിശ്വാസം. അനങ്ങനടി പഞ്ചായത്തിൽ 75 ലക്ഷം രൂപ ചെലവിൽ ഗ്യാസ് ക്രിമിറ്റോറിയത്തിന്റെ പ്രവൃത്തി പുരോഗതിയിലാണ്. കൂനത്തറ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ ഒരു കോടി രൂപയുടെ അടിസ്ഥാന സൗകര്യമൊരുക്കി. കെട്ടിടം, ഫർണിച്ചർ, കംപ്യൂട്ടർ, കുടിവെള്ളം എന്നിവ ഉറപ്പാക്കി. വാണിയംകുളം പഞ്ചായത്തിലെ തൃക്കങ്ങോട് പറളശേരി കുളത്തിനുസമീപം 15 ലക്ഷം രൂപ ചെലവിൽ ബാലവിഹാറും 20 ലക്ഷം രൂപ ചെലവിൽ സ്നേഹവീടും നിർമിച്ചു. അനങ്ങനടി പഞ്ചായത്തിലെ പത്തംകുളം സീഡ് ഫാമിൽ 75 ലക്ഷം രൂപ ചെലവിൽ നെല്ലുസംഭരണ കേന്ദ്രം നിർമാണം തുടങ്ങി. നിരവധി കുടിവെള്ള പദ്ധതികൾ, റോഡ് വികസനം, കോളനി നവീകരണം എന്നിങ്ങനെ 8.95 കോടിയുടെ വികസനം സാധ്യമാക്കി.എൽഡിഎഫിലെ സന്ധ്യ ടീച്ചർ 10,090 വോട്ടിനാണ് 2015ൽ വിജയിച്ചത്. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷനായിരുന്ന സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി കെ സുധാകരനാണ് എൽഡിഎഫ് സ്ഥാനാർഥി. കർഷക സംഘം സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗവുമാണ്. യുഡിഎഫ് സ്ഥാനാർഥി പി രാജേഷും എൻഡിഎ സ്ഥാനാർഥി എം സുരേഷ്ബാബുവും മത്സര രംഗത്തുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..