25 October Monday

ആനകളെ അകറ്റാന്‍ ചക്കയും മാങ്ങയും സംഭരിക്കും

വെബ് ഡെസ്‌ക്‌Updated: Sunday Sep 26, 2021
പാലക്കാട്‌  
അട്ടപ്പാടിയിലെ കൃഷിയിടങ്ങളിൽ ആനശല്യം കുറയ്ക്കാന്‍ സീസണുകളിൽ ചക്കയും മാങ്ങയും ഹോർട്ടികോർപ് മുഖേന സംഭരിക്കാൻ ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. യോ​ഗത്തില്‍ കലക്ടർ മൃൺമയി ജോഷി അധ്യക്ഷയായി. ചക്കയുടെയും മാമ്പഴത്തിന്റെയും മണമാണ് കൃഷിയിടങ്ങളിലേക്ക് ആനകളെ ആകർഷിക്കുന്നത്. പഴുക്കുന്നതിനുമുമ്പ്‌ ചക്കയും മാങ്ങയും സംഭരിക്കുക വഴി ആനകൾ കൃഷിയിടങ്ങളിലേക്ക് എത്തുന്നത് ഒരു പരിധിവരെ ഒഴിവാക്കാനാകും. നാട്ടിലേക്കെത്തുന്ന ആനകളെ സ്‌പെഷ്യൽ ഡ്രൈവ് നടത്തി കാടുകളിലേക്ക് തിരിച്ചയക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് മണ്ണാർക്കാട് ഡിഎഫ്ഒ അറിയിച്ചു. ആനശല്യമുള്ള കാഞ്ഞിരപ്പുഴ-, തച്ചമ്പാറ പ്രദേശങ്ങളിൽ എല്ലാ ഭാഗത്തും സൗരോർജ വേലി സ്ഥാപിക്കുന്ന പ്രവൃത്തി വേഗത്തിലാക്കാനും യോഗം നിർദേശിച്ചു.
മുതലമട ചപ്പക്കാട് കോളനിയിലെ രണ്ട് യുവാക്കളെ കാണാതായ സംഭവത്തിൽ ഡോഗ്സ്‌ക്വാഡ്, പൊലീസ്, വനം വകുപ്പ്, പഞ്ചായത്ത് നേതൃത്വത്തിൽ പ്രദേശവാസികളുടെ സഹകരണത്തോടെ തെരച്ചിൽ തുടരുന്നുണ്ടെന്ന് അഡീഷണൽ എസ്‌പി അറിയിച്ചു. ലൈഫ്മിഷൻ പദ്ധതിയില്‍ ജില്ലയിൽ ആദ്യഘട്ടത്തിലെ 7,611 വീടുകൾ പൂർത്തീകരിച്ചതായി ജില്ലാ കോ–-ഓര്‍ഡിനേറ്റർ പറഞ്ഞു. 
 ഹരിത കേരളം പുരസ്‌കാരം നേടിയ ചിറ്റൂർ -തത്തമംഗലം നഗരസഭ, വെള്ളിനേഴി പഞ്ചായത്ത് എന്നിവയെ യോഗം അഭിനന്ദിച്ചു. എംഎൽഎമാരായ കെ ബാബു, കെ ഡി പ്രസേനൻ, അഡ്വ. കെ ശാന്തകുമാരി, മുഹമ്മദ് മുഹസിൻ, രമ്യ ഹരിദാസ് എംപിയുടെ പ്രതിനിധി പി മാധവൻ, ഒറ്റപ്പാലം സബ്കലക്ടർ ശിഖ സുരേന്ദ്രൻ, എഡിഎം കെ മണികണ്ഠൻ, ജില്ലാ പ്ലാനിങ്‌ ഓഫീസർ ഏലിയാമ്മ നൈനാൻ, വകുപ്പ് ജില്ലാ മേധാവികൾ, മിഷൻ കോ–- ഓർഡിനേറ്റർമാർ എന്നിവർ സംസാരിച്ചു.
 
കാടുകയറാതെ 17 കാട്ടാന
കഞ്ചിക്കോട്‌
നാലു ദിവസംമുമ്പ്‌ കഞ്ചിക്കോട്‌ ഐഐടി ക്യാമ്പസിലെത്തിയ 17 കാട്ടാനകൾ ഉൾക്കാട്ടിലേക്ക്‌ കയറാതെ അയ്യപ്പൻമലയോട്‌ ചേർന്ന വനമേഖലയിൽ തുടരുന്നു.  കഞ്ചിക്കോട്‌ മുക്രോണി, തലപ്പള്ളം എന്നിവിടങ്ങളിൽ വനം വകുപ്പ്‌ വാച്ചർമാര്‍ ആനകളെ നിരീക്ഷിക്കുന്നുണ്ട്.
ആനക്കൂട്ടം കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളിലായി ജനവാസ മേഖലയിൽ ഇറങ്ങിയിട്ടില്ല. മദപ്പാടുള്ള ചുരുളിക്കൊമ്പൻ (പിടി 5) ഇപ്പോഴും ആനക്കൂട്ടത്തോടൊപ്പമുണ്ടെന്ന് നിരീക്ഷണത്തിൽ കണ്ടെത്തി. പിടി 5 കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഏക്കറുകണക്കിന്‌ കൃഷിയാണ്‌ പുതുശേരി പഞ്ചായത്തിലെ മലയോര മേഖലയിൽ നശിപ്പിച്ചത്. നെല്ല് വിളഞ്ഞുനിൽക്കുന്നതിനാല്‍ ആനകള്‍ ഏതുസമയവും നാട്ടിലിറങ്ങാല്‍ സാധ്യതയുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top