29 October Thursday
പെപ്‌സി വരുൺ ബ്രുവറീസ്‌

സിഐടിയു സത്യഗ്രഹം 28ന്

വെബ് ഡെസ്‌ക്‌Updated: Saturday Sep 26, 2020
കഞ്ചിക്കോട്‌
കോവിഡ്‌ കാലത്ത്‌ എഴുനൂറോളം തൊഴിലാളികളെ പ്രതിസന്ധിയിലാക്കി പൂട്ടിയ പെപ്‌സി വരുൺ ബ്രുവറീസ്‌ തുറന്ന് പ്രവർത്തിക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് സിഐടിയു ജനറൽ ബോഡി  ആവശ്യപ്പെട്ടു. 
പാലക്കാട്‌ താലൂക്ക്‌ എൻജിനിയറിങ്‌ ആൻഡ്‌ ഇൻഡസ്‌ട്രിയൽ ജനറൽ വർക്കേർസ്‌ യൂണിയൻ(സിഐടിയു) ജനറൽ ബോഡി  സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം എസ്‌ ബി രാജു ഉദ്ഘാടനം ചെയ്തു. എസ് സുഭാഷ് അധ്യക്ഷനായി.
കോവിഡ്‌ കാലത്ത്‌ കമ്പനികൾ അടച്ച്‌ പൂട്ടാനോ തൊഴിലാളികളെ പിരിച്ചു വിടാനോ വേതനം നിഷേധിക്കാനോ പാടില്ലെന്ന്‌ കേന്ദ്ര തൊഴിൽ മന്ത്രാലയം രേഖാമൂലം നിർദേശിച്ചിട്ടും അത്‌ ലംഘിച്ച പെപ്‌സി വരുൺ ബ്രുവറി മാനേജ്‌മെന്റ്‌ കമ്പനി ലോക്കൗട്ട്‌ നടത്തി, പിന്നീട്‌ പൂട്ടി. 
തൊഴിലാളി സംഘടനകൾ പ്രക്ഷോഭ സമരങ്ങൾ നടത്തില്ലെന്ന് രേഖാമൂലം കമ്പനി  മാനേജ്മെന്റിനേയും തൊഴിൽവകുപ്പിനെയും അറിയിച്ചിരുന്നു. 
കമ്പനി തുറന്ന് പ്രവർത്തിക്കാൻ തൊഴിൽ മന്ത്രി, തൊഴിൽവകുപ്പ്‌‌ എന്നിവരുടെ സാന്നിധ്യത്തിൽ ചർച്ച തീരുമാനിച്ചെങ്കിലും മാനേജ്‌മന്റ്‌ വിവിധ കാരണങ്ങൾ ചൂണ്ടിക്കാണിച്ച്‌ ഒഴിയുകയായിരുന്നു. കമ്പനി പൂട്ടാൻ യഥാർഥ കാരണം കുപ്പിവെള്ളത്തിന്റെ വില 20ൽ നിന്നും 13 ആക്കിയതും വേനൽക്കാലത്ത്‌ ഭൂഗർഭ ജലമെടുക്കുന്നതിൽ നിയന്ത്രണം വരുത്തിയതുമാണ്‌. 
കേന്ദ്ര- –-സംസ്ഥാന സർക്കാരുകളും എംപിമാരും ഇടപെടണമെന്നാവശ്യപ്പെട്ട്‌ 28ന്‌ പകൽ പത്തിന്‌‌ കമ്പനിപ്പടിക്കൽ സത്യഗ്രഹം നടത്താൻ  ജനറൽ ബോഡി തീരുമാനിച്ചു. അതേ ദിവസം സിഐടിയു നേതാക്കൾ മുഖ്യമന്ത്രിയെ കാണും. 
യോഗത്തിൽ യൂണിയൻ സെക്രട്ടറി എസ്‌ രമേഷ്‌ റിപ്പോർട്ടും എം അജിത പ്രമേയവും അവതരിപ്പിച്ചു. എം ശശിധരൻ സ്വാഗതവും കെ പ്രദീപ്‌ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top