07 October Monday
റീബിൽഡ്‌ വയനാട്‌

ഡിവൈഎഫ്‌ഐ 
സമാഹരിച്ചത്‌ 1.75 കോടി

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2024
പാലക്കാട്‌
വയനാട്ടിലെ ദുരിതബാധിതർക്ക്‌ കൈത്താങ്ങാകാനാണ്‌ യുവത മുന്നിട്ടിറങ്ങിയത്‌. കൂലിവേലയില്ലെങ്കിൽ കുടുംബം പട്ടിണിയിലായി പോകുന്നവർ വരെ ഒപ്പംചേർന്നപ്പോൾ അവരുടെ റീബിൽഡ്‌ വയനാട്‌ ക്യാമ്പയിൻ നാട്‌ ഏറ്റെടുത്തു. ആക്രി ശേഖരണം ഉൾപ്പെടെയുള്ള വിവിധ വഴികളുമായി ശുഭ്രപതാകയുമേന്തി യുവാക്കൾ നാട്ടുകാർക്കിടയിലേക്കിറങ്ങി. ഒരു മാസമാകുമ്പോഴേക്കും ഒന്നേമുക്കാൽക്കോടി ജില്ലയിലെ ഡിവൈഎഫ്‌ഐ പ്രവർത്തകർ കണ്ടെത്തി. 
ചായക്കട നടത്തിയും മീൻ വിറ്റും ബിരിയാണി, പായസ ചലഞ്ചുകൾ നടത്തിയും പോസ്‌റ്റർ ഡിസൈനിങ് അടക്കമുള്ള പ്രവർത്തനങ്ങൾ നടത്തിയും പണംകണ്ടെത്തി. വിവിധ ചലഞ്ചുകൾക്കൊപ്പം നാടും കൂടെനിന്നു. സഹായം അഭ്യർഥിച്ച്‌ വീടുകളിലെത്തിയപ്പോൾ നാണയത്തുട്ടുകൾ മാത്രമല്ല, കൈയിലും കാതിലും അണിഞ്ഞിരുന്ന സ്വർണംവരെ ഊരി നൽകിയവരുണ്ട്‌. കുഞ്ഞുങ്ങൾ അവരുടെ സമ്പാദ്യക്കുടുക്കകളുമായി ഇറങ്ങിവന്നു. സർക്കാരിൽനിന്ന്‌ കിട്ടിയ വാർധക്യ പെൻഷൻപോലും ദുരിതാശ്വാസനിധിയിലേക്ക്‌ സംഭാവന ചെയ്‌തു അമ്മമാർ. പിറന്നാളാഘോഷത്തിനും കാതുകുത്തിനുമെല്ലാം കരുതിവച്ച ചെറിയ തുകകൾ പലരും സന്തോഷത്തോടെ കൈമാറി. ദേവാലയങ്ങളിലെ ഭരണസമിതിയും പൂജാരിയും അകമഴിഞ്ഞ സംഭാവന നൽകി. ഓമനയെപ്പോലെ ലാളിച്ച ആട്ടിൻകുട്ടിയെ, പൊന്നുപോലെ നോക്കിയിരുന്ന ഇരുചക്രവാഹനങ്ങൾ എല്ലാം ചലഞ്ചിലേക്ക്‌ നൽകിയ കാരുണ്യഹൃദയരെ കണ്ടു. ഇവരുടെ ഹൃദയവിശാലതയിലാണ്‌ ഒന്നേമുക്കാൽക്കോടി രൂപ കണ്ടെത്താനായത്‌ എന്ന്‌ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്‌ ആർ ജയദേവനും സെക്രട്ടറി കെ സി റിയാസുദ്ദീനും പറഞ്ഞു. ദുരിതാശ്വാസനിധിയിലേക്ക്‌ തുക കണ്ടെത്താനുള്ള പ്രവർത്തനം 28വരെ തുടരും. യൂണിറ്റ്‌ അടിസ്ഥാനത്തിലാണ്‌ സമാഹരണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top