05 June Monday

വിട, വേല–പൂരക്കാലത്തിന്‌

സ്വന്തം ലേഖകൻUpdated: Friday May 26, 2023
 
പാലക്കാട്‌
പാലക്കാടൻ മണ്ണിലെ ഉത്സവകാലത്തിന്‌ സമാപനം. വേല–-പൂരങ്ങളിൽ അവസാനമായി നടക്കുന്ന കണ്ണമ്പ്ര–-ഋഷിനാരദമംഗലം വേലയും കഴിഞ്ഞതോടെ  ഇക്കൊല്ലത്തെ പ്രധാന ഉത്സവാഘോഷങ്ങൾക്ക്‌ കൊടിയിറങ്ങി. ഇനി അടുത്ത ഉത്സവകാലത്തിന്റെ വരവിനായുള്ള കാത്തിരിപ്പാണ്‌. പൂരപ്പറമ്പുകൾ ഒന്നിൽനിന്ന്‌ മറ്റൊന്നിലേക്ക്‌ രാപകലില്ലാതെ അലയുന്ന ജനസഞ്ചയമുണ്ട്‌ ഉത്സവകാലത്തിന്‌പിറകെ. ഒരേ താളിൽ കോർത്ത പൂരപ്പറമ്പിലെ ജീവിതങ്ങൾ നിരവധിയാണ്‌. കച്ചവടക്കാർ, വാദ്യമേളക്കാർ, വിവിധ സ്‌റ്റാളുകൾ നടത്തുന്നവർ, തെരുവ്‌ അഭ്യാസക്കാർ, ആനചമയക്കാർ, ആനപ്പുറം കയറുന്നവർ, ആനപാപ്പാന്മാർ, ഗാനമേള, നാടക സംഘങ്ങൾ എന്നിങ്ങനെ ഉത്സവകാലംകൊണ്ട്‌ ഒരുവർഷത്തെ ജീവിതം മെനയുന്നവർ.  
കോവിഡ്‌ വ്യാപനം കാരണം കഴിഞ്ഞ രണ്ടുവർഷക്കാലം കലാകാരന്മാരുടെയും കച്ചവടക്കാരുടെയും ഇതുമായി ബന്ധപ്പെട്ട്‌ പണിയെടുക്കുന്ന എല്ലാ  വിഭാഗങ്ങളുടെയും ജീവിതം വഴിമുട്ടി. എന്നാൽ ഇപ്പോൾ എല്ലാം പഴയ പോലെയായി. ഇക്കുറി നല്ല നിലയിൽ ആഘോഷങ്ങളെല്ലാം നടന്നു. മലയാളമാസം കന്നിയിൽ തിരുവില്വാമല വില്വാദ്രിനാഥക്ഷേത്രത്തിലെ നിറമാലയോടുകൂടിയാണ്‌ ഉത്സവങ്ങളും പൂരാഘോഷങ്ങളും തുടങ്ങിയത്‌. 
മത, സാംസ്‌കാരിക  സംഗമഭൂമിയിൽ പാരമ്പര്യങ്ങളെ തനിമവിടാതെ ചേർത്തുപിടിച്ച്‌ ജാതി, മത, ദേശഭേദമില്ലാതെ ആഘോഷിച്ചു. ഗാനമേളയും നാടകവും ഉൾപ്പെടെ കലാപരിപാടികളും മേളവും വെടിക്കെട്ടും ആനപ്പൂരവും കുതിര, കാള കോലങ്ങളും അണിനിരന്ന കാഴ്‌ച കണ്ടാസ്വദിക്കാൻ മറ്റുജില്ലകളിൽ നിന്നുപോലും കനത്ത ചൂടിനെ കൂസാതെ ജനസഞ്ചയമെത്തി. വേനലിൽ ഉത്സവപ്പറമ്പുകളായി മാറിയ പാടശേഖരങ്ങൾ കാർഷിക വൃത്തിയിലേക്ക്‌ മാറുന്ന കാഴ്‌ചയാണിനി.   വിത്തിടലിനും നെൽപ്പാടങ്ങളിൽ മഴയ്‌ക്കുശേഷമുള്ള പൊടിവിതയും വളവിത്തിടലും ഉൾപ്പെടെയുള്ള ജോലികളിലേക്ക്‌ കർഷകരും ഇറങ്ങി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top