പാലക്കാട്
ഹയർ സെക്കൻഡറി പരീക്ഷയിൽ ജില്ലയ്ക്ക് 78.95 ശതമാനം വിജയം. സംസ്ഥാനത്ത് പത്താമതാണ് ജില്ലയുടെ സ്ഥാനം. കഴിഞ്ഞ വർഷം 79.87 ശതമാനം വിജയവുമായി പത്താമതായിരുന്നു. 2021 ൽ 81.69 ശതമാനം പേരെ വിജയിപ്പിച്ച് ഏഴാം സ്ഥാനം നേടിയിരുന്നു. 2020ൽ 80.29 ശതമാനത്തോടെ 13–-ാം സ്ഥാനത്തായിരുന്നു. 2019, 2018 വർഷങ്ങളിൽ 11 --ാം സ്ഥാനത്തും.
148 സ്‌കൂളുകളിലെ 31,738 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 25,056 പേർ ഉപരിപഠന യോഗ്യത നേടി. 2,238പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വർഷം ഇത് 2,025 ആയിരുന്നു. 2021 ൽ 3,341 പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. നാല് സ്‌കൂളുകളിൽ പരീക്ഷയെഴുതിയ എല്ലാ വിദ്യാർഥികളും വിജയിച്ചു. ഒറ്റപ്പാലം ഗവ. എച്ച്‌എസ്‌എസ് ഫോർ ഡെഫ്, വെസ്‌റ്റ് യാക്കര ശ്രവണ സംസാര സ്‌കൂൾ, ആലത്തൂർ ബിഎസ്‌എസ്‌എസ് ഗുരുകുലം, കല്ലേക്കുളങ്ങര സെന്റ് തോമസ് എച്ച്‌എസ്എസ് എന്നിവയാണ് മുഴുവൻ കുട്ടികളെയും വിജയിപ്പിച്ചത്. ഒമ്പത് വിദ്യാർഥികൾക്ക് മുഴുവൻ മാർക്കും നേടാനായി.
എന്നാൽ 30 ശതമാനത്തിൽതാഴെ വിജയം നേടിയവരുടെ പട്ടികയിൽ പെരുമാട്ടി പഞ്ചായത്ത് എച്ച്‌എസ്‌എസ് ഉണ്ട്. വിജയ ശതമാനം കുറഞ്ഞ സ്‌കൂളുകളിൽ അടുത്ത വർഷത്തെ പരീക്ഷ ലക്ഷ്യമാക്കി കൂടുതൽ പ്രവർത്തനങ്ങൾ വിദ്യാഭ്യാസ വകുപ്പ് നടത്തും.
ഓപ്പൺ സ്‌കൂൾ മുഖേന 4459 പേർ പരീക്ഷയെഴുതി. 1816 പേർ ഉപരിപഠന യോഗ്യത നേടി. 40.73 ആണ് വിജയശതമാനം. കഴിഞ്ഞ വർഷം 38.89 ശതമാനമായിരുന്നു. 66 പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വർഷം 39 പേർക്കായിരുന്നു എ പ്ലസ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..