19 June Wednesday
സര്‍ക്കാർ ഇടപെടൽ ഫലപ്രദം

മെഡിക്കല്‍ കോളേജിന് എംസിഐ അംഗീകാരം

വെബ് ഡെസ്‌ക്‌Updated: Sunday May 26, 2019
പാലക്കാട് 
ഗവ. മെഡിക്കൽ കോളേജിന് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ സ്ഥിരാംഗീകാരം. ഓരോവർഷവും താൽക്കാലിക അംഗീകാരം തേടുന്ന അവസ്ഥ ഇതോടെ മാറി. സംസ്ഥാന സർക്കാരിന്റെ ഫലപ്രദ ഇടപെടലിനെ തുടന്നാണ‌് ഇത‌് സാധ്യമായതെന്ന‌് മന്ത്രി എ കെ ബാലൻ പറഞ്ഞു. 
2014-–-15 ലാണ് പാലക്കാട് മെഡിക്കൽ കോളേജ് ആരംഭിച്ചത്. ആ വർഷം തന്നെ ജില്ലാ ആശുപത്രിയിലെ സൗകര്യം ഉപയോഗപ്പെടുത്തി ആദ്യബാച്ചിനെ  പ്രവേശിപ്പിച്ചു. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ ഹോസ്റ്റൽ കെട്ടിടം, അക്കാദമിക് ബ്ലോക്ക് എന്നിവ നിർമാണത്തിലായിരുന്നു. മറ്റ് ഭൗതിക സൗകര്യങ്ങൾ പൂർത്തീകരിച്ചിരുന്നില്ല. 
കൃത്യമായ മാസ്റ്റർ പ്ലാൻ ഇല്ലാതെ പ്രവൃത്തികൾക്ക് അനുമതി നൽകിയതും ജീവനക്കാരുടെയും അധ്യാപകരുടെയും നിയമനത്തിൽ നേരിട്ട തടസ്സങ്ങളും വിവാദങ്ങളും മെഡിക്കൽ കോളേജിന്റെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിരുന്നു. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ വർഷാവർഷം പരിശോധന നടത്തി താൽക്കാലിക അംഗീകാരം നൽകുന്ന സ്ഥിതിയായിരുന്നു ഇതുവരെ . 
എൽഡിഎഫ് സർക്കാർ അധികാരത്തിൽവന്ന ഉടൻ മെഡിക്കൽ കോളേജിന്റെ പ്രവൃത്തികളെല്ലാം വേഗത്തിൽ പൂർത്തീകരിക്കുന്നതിനും മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും നടപടി സ്വീകരിച്ചു. ഇതിന്റെ ഭാഗമായി 340 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന് കൃത്യമായ മാസ്റ്റർപ്ലാൻ തയ്യാറാക്കുകയും സർക്കാർ ഭരണാനുമതി ലഭ്യമാക്കുകയും ചെയ്തു.
 കൂടാതെ ചട്ടങ്ങളെല്ലാം പാലിച്ച‌് 281 തസ്തികകളും സൃഷ്ടിച്ചു. ഇത്തരത്തിൽ വികസന പ്രവർത്തനം നടക്കുന്നതിനിടയിൽ കഴിഞ്ഞ വർഷം മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭ്യമാകാത്ത സാഹചര്യവും നേരിട്ടു. ഇതിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ റിട്ട് സമർപ്പിച്ചിരുന്നു. 
മന്ത്രി എ കെ ബാലൻ കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദയെ നേരിൽ കണ്ട് വികസന പ്രവർത്തനം നടന്നുവരികയാണെന്നും സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും ഉറപ്പുനൽകിയതിനെ തുടർന്നുമാണ് അംഗീകാരം പുതുക്കി നൽകിയത്. 
ഇപ്പോൾ 297 കോടി രൂപയുടെ പ്രവൃത്തികൾ പൂർത്തീകരിച്ചു. അക്കാദമിക് ബ്ലോക്ക് (14.88 കോടി), പെൺകുട്ടികളുടെ ഹോസ്റ്റൽ (12.03 കോടി), ആൺകുട്ടികളുടെ ഹോസ്റ്റൽ (11.95 കോടി), അണ്ടർഗ്രൗണ്ട് വാട്ടർ ടാങ്ക് (5.09 കോടി) എന്നിവയുടെ പ്രവൃത്തി പൂർത്തീകരിച്ചു. മെഡിക്കൽ കോളേജ് മെയിൻ ബ്ലോക്കിന്റെ പ്രവൃത്തി അവസാനഘട്ടത്തിലാണ്. 
മെഡിക്കൽ കോളേജിന് ഇപ്പോൾ സ്ഥിരാംഗീകാരം ലഭ്യമായത് വലിയ നേട്ടമാണെന്നും പാലക്കാട് മെഡിക്കൽ കോളേജ് യാഥാർഥ്യമാകുന്നതോടെ പൊതുജന ആരോഗ്യ പരിപാലന രംഗത്തും ജനങ്ങൾക്ക് ആതുരശുശ്രൂഷാ സേവനരംഗത്തും വൻ തോതിലുള്ള നേട്ടമാണ് കൈവരുന്നതെന്നും മന്ത്രി എ കെ ബാലൻ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top