02 December Wednesday

അച്ചടക്കവും നിർദേശവും പാലിക്കുക: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020
പാലക്കാട്‌
സർക്കാരും ആരോഗ്യവകുപ്പും ഏർപ്പെടുത്തുന്ന നിർദേശങ്ങളും നിയന്ത്രണങ്ങളും പാലിച്ച്‌ ഒറ്റക്കെട്ടായി സമൂഹത്തിന്‌ ഒപ്പം നിൽക്കാൻ പ്രവർത്തകർ തയ്യാറാകണമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ ആവശ്യപ്പെട്ടു. ജനങ്ങൾക്ക്‌ ആത്മവിശ്വാസം പകരുന്ന നടപടിയിൽ മുഴുകിയിരിക്കുകയാണ് കേരള സർക്കാർ. 
അതിനോട്‌ പൂർണമായും ചേർന്നുനിൽക്കുകയാണ് ഉത്തരവാദിത്ത ബോധമുള്ളവർ ചെയ്യേണ്ടത്. ആരോഗ്യ പ്രവർത്തകർ, പൊലീസ് അധികൃതർ, മറ്റ് സർക്കാർ സംവിധാനങ്ങൾ എന്നിവർ നൽകുന്ന നിർദേശങ്ങളും നിയന്ത്രണങ്ങളും ഓരോരുത്തരും സ്വയം പാലിക്കുകയും മറ്റുള്ളവരെ അതിനായി നിർബന്ധിക്കുകയും വേണം. ഇക്കാര്യങ്ങൾ ധിക്കരിക്കുകയും എതിർക്കുകയും ചെയ്യുന്നത് മാനവരാശിയോട് ചെയ്യുന്ന അനീതിയാണ്‌. 
ഈ പ്രതിസന്ധി ഘട്ടത്തിൽ അതീവ അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന ആരോഗ്യ, പൊലീസ് മേഖലയിലുള്ളവരെയും ഇതര അവശ്യ സേവന മേഖലയിലുള്ളവരെയും സിപിഐ എം അഭിവാദ്യം ചെയ്യുന്നു. ഏത് ഘട്ടത്തിലും സാധ്യമായ എല്ലാ സഹായവും പിന്തുണയും സിപിഐ എം വാഗ്ദാനം ചെയ്യുന്നു. ഈ നിർണായക സന്ദർഭത്തിൽ മറ്റ്‌ പ്രവർത്തനങ്ങളെല്ലാം നിർത്തിവയ്‌ക്കാൻ പാർടി നിശ്ചയിച്ചു. നാടിനെയും ജനങ്ങളെയും രക്ഷിക്കുന്നതിനാണ് ജാഗ്രതയോടെ ശ്രമിക്കേണ്ടത്. 
വേണ്ടിവന്നാൽ ആരോഗ്യ പ്രവർത്തകരോടൊപ്പം വളണ്ടിയർ പ്രവർത്തനത്തിനും സജ്ജരാകണം. എന്നാൽ, സ്വതന്ത്രമായി അത്തരം പ്രവർത്തനം ചെയ്യേണ്ട ഘട്ടമല്ല. ഓരോ പ്രദേശത്തെയും ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെട്ട് പ്രവർത്തനം ക്രമീകരിക്കണം. ഏത് ആവശ്യത്തിനും പ്രാദേശികമായി പാർടി പ്രവർത്തകർ സജ്ജമായിരിക്കണം. 
കോവിഡ്‌–-19 പശ്‌ചാത്തലത്തിൽ  ജീവിതം നിലച്ചുപോയ നിരവധി പേരുണ്ട്. സംസ്ഥാന സർക്കാർ സൗജന്യ റേഷൻ, സാമൂഹ്യക്ഷേമ പെൻഷൻ വിതരണം തുടങ്ങിയ പദ്ധതികളിലൂടെ അവരെ സഹായിക്കുന്നുണ്ട്. എന്നാൽ, എവിടെയെങ്കിലും  സഹായം ആവശ്യമായി വന്നാൽ എത്തിക്കണം. 
സഹായിക്കുന്നതിനുവേണ്ടി കൂട്ടമായി സഞ്ചരിക്കുകയോ നിബന്ധന ലംഘിക്കുകയോ ചെയ്യരുത്‌. അസാധാരണമായ ഒരു സാഹചര്യത്തെയാണ് നേരിടുന്നത് എന്ന പ്രാധാന്യത്തോടെ ചുമതലകൾ നിർവഹിക്കാൻ മുഴുവൻ പാർടി പ്രവർത്തകരോടും ജില്ലാ സെക്രട്ടറിയറ്റ്‌ അഭ്യർഥിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top