29 February Saturday

കണ്ണിയാകാൻ ലക്ഷങ്ങൾ

സ്വന്തം ലേഖകൻUpdated: Sunday Jan 26, 2020
 
പാലക്കാട്‌
രാജ്യത്തിന്റെ അടിസ്ഥാനശിലയായ ഭരണഘടന സംരക്ഷിക്കുമെന്ന്‌ കേരളത്തിന്റെ മതനിരപേക്ഷ മനസ്സ്‌ ഇന്ന്‌ കൈകോർത്ത്‌ പ്രതിജ്ഞയെടുക്കും. 
പൗരത്വ ഭേദഗതി നിയമത്തിലൂടെ ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങൾ അട്ടിമറിക്കാനുള്ള നരേന്ദ്രമോഡി–-അമിത്‌ ഷാ കൂട്ടുകെട്ടിന്റെ വർഗീയ സർക്കാർ നടത്തുന്ന കുത്സിതശ്രമങ്ങളെ എന്തുവിലകൊടുത്തും തകർക്കുമെന്ന്‌ ഉറക്കെ പ്രഖ്യാപിച്ചാണ്‌  എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യമഹാശൃംഖല സംഘടിപ്പിക്കുന്നത്‌. 
ചരിത്രസംഭവത്തിൽ പങ്കാളിയാകാൻ പാലക്കാട്‌ ജില്ലയും തയ്യാറെടുപ്പ്‌ പൂർത്തിയാക്കി. സമൂഹത്തിന്റെ നാനാതുറയിലുള്ളവർ ശൃംഖലയിൽ കണ്ണികളാകാൻ ഒരുങ്ങി. പുലാമന്തോൾ പാലം മുതൽ ചെറുതുരുത്തിപാലംവരെ 27.5 കിലോമീറ്ററർ ദൂരത്തിലാണ്‌ ജില്ലയിൽ ശൃംഖല തീർക്കുന്നത്‌. 
ഞായറാഴ്‌ച പകൽ മൂന്നിന്‌ റിഹേഴ്‌സൽ നടക്കും. തുടർന്ന്‌ നാലിന്‌  ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയെടുക്കും. റോഡിന്റെ ഒരുഭാഗത്ത്‌ അണിനിരന്നാണ്‌ കേരളത്തിലുടനീളം  മനുഷ്യമഹാശൃംഖല ഒരുക്കുന്നത്‌. എൽഡിഎഫ്‌ നേതാക്കൾക്കുപുറമെ നിരവധി സാംസകാരികപ്രവർത്തകരും മറ്റ്‌ രാഷ്‌ട്രീയപാർടി പ്രതിനിധികളും കണ്ണികളാകും.
പുലാമന്തോളിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എം ബി രാജേഷ്‌ ജില്ലയിലെ ആദ്യകണ്ണിയും ചെറുതുരുത്തി പാലത്തിൽ ജില്ലാസെക്രട്ടറി സി കെ രാജേന്ദ്രൻ അവസാനകണ്ണിയുമാകും. ഓങ്ങല്ലൂരിൽ മന്ത്രി എ കെ ബാലൻ ശൃംഖലയുടെ ഭാഗമാകും.
സാമൂഹ്യ–-സാംസ്‌കാരിക രംഗത്തെ പ്രമുഖർ മഹാശൃംഖലയിൽ കണ്ണികളാകും. 
വിളയൂരിൽ മദ്ദളവാദകവിദ്വാൻ ചെർപ്പുളശേരി ശിവൻ, രക്തസാക്ഷി സെയ്താലിക്കുട്ടിയുടെ മകൻ വീരാൻകുട്ടി, നെല്ലായ പഞ്ചായത്ത്‌ മുൻ പ്രസിഡന്റും  കോൺഗ്രസ് നേതാവുമായ മൊയ്തീൻകുട്ടി, മുസ്ലിംലീഗ് നെല്ലായ പഞ്ചായത്ത് ട്രഷറർ എ എം ബഷീർ എന്നിവർ കണ്ണികളാകും. 
കൊപ്പത്ത് പ്രൊഫ. പി ഗംഗാധരൻ, ഡോ. പി വി രാമൻകുട്ടി എന്നിവരും തൃത്താല കൊപ്പത്ത് കലാമണ്ഡലം വാസുദേവൻനായർ, പട്ടാമ്പിയിൽ സിനിമാസംവിധായകരായ എം ജി ശശി, ബാബു ജനാർദനൻ, കവി പി രാമൻ, പ്രൊഫ. സി പി ചിത്ര, ഡോ. സി പി ചിത്രഭാനു, രക്തസാക്ഷി പി കെ രാജന്റെ കുടുംബാംഗം ഡോ. പി കെ ഹരിദാസ് എന്നിവരും കണ്ണികളാകും. വാടാനാംകുറുശിയിൽ കഥാകൃത്ത്‌ മുണ്ടൂർ സേതുമാധവനും കണ്ണിയാകും.
പ്രതിജ്ഞയ്‌ക്കുശേഷം ജില്ലയിൽ ആറ്‌ കേന്ദ്രങ്ങളിൽ പൊതുയോഗം നടക്കും. 
മന്ത്രി എ കെ ബാലൻ ഓങ്ങല്ലൂരിലും സിപിഐ എം ജില്ലാസെക്രട്ടറി സി കെ രാജേന്ദ്രൻ ഷൊർണൂരിലും എം ബി രാജേഷ്‌ വിളയൂരിലും കെ ഇ ഇസ്‌മയിൽ പട്ടാമ്പിയിലും മന്ത്രി കെ കൃഷ്‌ണൻകുട്ടി കുളപ്പുള്ളിയിലും എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സി പി കെ ഗുരുക്കൾ കൊപ്പത്തും പൊതുയോഗം ഉദ്‌ഘാടനം ചെയ്യും.
പ്രധാന വാർത്തകൾ
 Top