09 December Friday
പാൽവില വര്‍ധന

സര്‍ക്കാരിന് നന്ദിയെന്ന് 
ക്ഷീരകര്‍ഷകര്‍

സ്വന്തം ലേഖകൻUpdated: Friday Nov 25, 2022
പാലക്കാട്
പാൽവില വർധനയിൽ ഏറെ സന്തോഷത്തിലാണ് ക്ഷീരകർഷകർ. രാവും പകലുമുള്ള കഷ്ടപ്പാടിന് മാന്യമായ വേതനം ലഭിക്കുന്നതിലുള്ള ആശ്വാസത്തിലാണിവർ. വില വർധന പിടിച്ച് നിർത്തണമെന്ന സർക്കാർ നയത്തിന്റെ ഭാ​ഗമായി 2019ന് ശേഷം പാൽ വില കൂട്ടിയിട്ടില്ല. തീറ്റയും മറ്റ് ചെലവുകളും ഉൾപ്പെടെ ഒരു ലിറ്റർ പാൽ വിൽക്കുമ്പോൾ ക്ഷീരകർഷകന് 8.57 രൂപ നഷ്ടം വരുന്നുണ്ടെന്നാണ് കണക്ക്. കർഷകരുടെ നഷ്ടം കുറയ്ക്കുന്നതിനായാണ് ജനരോഷമടക്കം വകവയ്ക്കാതെ സർക്കാർ ആറ് രൂപ കൂട്ടിയത്.
വർധന വരുത്തിയതിൽ 5.03 രൂപ പാൽ വിലയായി ക്ഷീരകർഷകന് നേരിട്ട് നൽകും. ഓരോ ക്ഷീരസംഘത്തിനും 0.35 പൈസ ലഭിക്കും. സംഘങ്ങളുടെ വികസന കാര്യങ്ങൾക്കടക്കം ഈ തുക ഉപകാരപ്പെടും. സംഘം ഏജന്റിന് 0.35 പൈസയും കർഷകരുടെ ക്ഷേമനിധിയിലേക്ക് 0.21 പൈസയും ലഭിക്കും. ക്ഷീരകർഷകരുടെ മക്കളുടെ വിവാഹം, വിദ്യാഭ്യാസാനുകൂല്യങ്ങൾ എന്നീ സന്ദർഭങ്ങളിൽ ക്ഷേമനിധിയിലെ തുക കർഷകന് തന്നെ ലഭിക്കും. മിൽമ മേഖലാ യൂണിയനുകളുടെ വികസനത്തിന് മൂന്ന് പൈസ ലഭിക്കും. മിൽമ കവറുടെ പുനരുപയോ​ഗത്തിന് മൂന്ന് പൈസയും ഉപയോ​ഗിക്കുന്നുണ്ട്. വർധനവിന്റെ മുഴുവൻ തുകയും പല രീതിയിൽ കർഷകരുടെ ക്ഷേമത്തിന് തന്നെ ഉപയോ​ഗിക്കുന്നു.
വർധനയുടെ 83.75 ശതമാനം കർഷകർക്ക് ലഭിക്കും:
മന്ത്രി ജെ ചിഞ്ചുറാണി
പാലക്കാട്
പാലിന് വർധിപ്പിക്കുന്ന വിലയിൽ 83.75 ശതമാനം കർഷകർക്ക് ലഭിക്കുമെന്ന്  മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു. 2022 ലെ കേരള കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, ധാതു ലവണമിശ്രിതം (ഉൽപ്പാദനവും വിൽപ്പനയും നിയന്ത്രിക്കൽ) ബില്ല് സെലക്ട്‌ കമ്മിറ്റിയുടെ പാലക്കാട് നടന്ന തെളിവെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കന്നുകാലികളുടെ ചർമ്മമുഴ രോഗത്തിനുള്ള വാക്‌സിൻ എല്ലാപഞ്ചായത്തുകളിലും ലഭ്യമാക്കും. മുതലമടയിൽ കേരള ഫീഡ്സിന്റെ സഹായത്തോടെ മക്കച്ചോളം കൃഷി ഒരു പൈലറ്റ് പ്രോജക്ടാക്കി സാധ്യമായ എല്ലാ സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.യോഗത്തിൽ സെലക്ട്‌ കമ്മിറ്റി അംഗങ്ങളായ എംഎൽഎമാരായ കെ പി കുഞ്ഞുമ്മദ്കുട്ടി, ഡി കെ മുരളി, ജി എസ് ജയലാൽ, സി കെ ആശ, ജോബ് മൈക്കിൾ, കുറുക്കോളി മൊയ്‌തീൻ, കെ കെ രമ, ഡോ. മാത്യു കുഴൽനാടൻ, കലക്ടർ മൃൺമയി ജോഷി എന്നിവർ പങ്കെടുത്തു.
 
തീരുമാനം 
സ്വാ​ഗതാർഹം
പാൽ വില വർധിപ്പിക്കാൻ തീരുമാനിച്ച മിൽമ മലബാർ മേഖല യൂണിയന്റെ തീരുമാനം സ്വാഗതാർഹമാണ്. 
ക്രമാതീതമായ കാലിത്തീറ്റയുടെയും മറ്റും വില വർധന താങ്ങാവുന്നതിലും അപ്പുറമാണ്. വൻ സാമ്പത്തിക ബാധ്യതയാണ് ഈ മേഖലയിലുളളവർ അനുഭവിക്കുന്നത്. ഇത്തരം സാഹചര്യത്തിലാണ് ഒരു ലിറ്ററിന് ആറ് രൂപ വർധിപ്പിക്കുന്നത്. 
കെ സുശീല 
(ക്ഷീരകർഷക, തൊങ്കാരത്തിൽ വീട്, 
കണ്ണച്ചിപ്പറമ്പ്, കോട്ടായി)
 
ആശ്വാസം
പാൽ വില കൂട്ടിയ സർക്കാരിന് നന്ദി പറയുന്നു. ക്ഷീര കർഷകർക്ക് ഇത്‌ ഏറെ ഗുണകരമാവും. ഇതുവരെ വലിയ ദുരിതത്തിലായിരുന്നു. 
ഈ സാഹചര്യത്തിലാണ് പാലിന് ആറ് രൂപ കൂട്ടുന്നത്. നിലവിലെ വർധന കർഷകർക്ക് ആശ്വാസമാണ്.
കെ സുരേഷ് കുമാർ
(ക്ഷീരകർഷകൻ, വരോട്, ഒറ്റപ്പാലം)
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top