പാലക്കാട്
കിസാൻസഭ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി ജില്ലയിലെത്തുന്ന ദീപശിഖാ ജാഥയ്ക്ക് ഉജ്വല വരവേൽപ്പ് നൽകാൻ സംഘാടക സമിതിയായി. കർഷകസംഘം ജില്ലാ സെക്രട്ടറി എം ആർ മുരളി സംഘാടക സമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ജോസ് മാത്യൂസ് അധ്യക്ഷനായി. എസ് സഹദേവൻ സ്വാഗതം പറഞ്ഞു. വി സേതുമാധവൻ, ടി കെ അച്യുതൻ, ഡോ. എം എ നാസർ എന്നിവർ സംസാരിച്ചു.
സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു ചെയർമാനായും എം ആർ മുരളി കൺവീനറായും 251 അംഗ സംഘാടകസമിതിക്ക് രൂപം നൽകി. സി കെ രാജേന്ദ്രൻ, എ പ്രഭാകരൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ എന്നിവരാണ് രക്ഷാധികാരികൾ.
ദീപശിഖാജാഥ ഡിസംബർ 10ന് ജില്ലയിൽ എത്തും. 11നും 12നും സ്വീകരണം നൽകും. അഖിലേന്ത്യ കിസാൻസഭ ജോയിന്റ് സെക്രട്ടറി വിജു കൃഷ്ണന്റെ നേതൃത്വത്തിൽ തെലങ്കാനയിൽനിന്നും അഖിലേന്ത്യ ഫിനാൻസ് സെക്രട്ടറി പി കൃഷ്ണപ്രസാദിന്റെ നേതൃത്വത്തിൽ തമിഴ്നാട്ടിലെ കീഴ്വെണ്മണിയിൽനിന്നും ആരംഭിച്ച ദീപശിഖാ ജാഥകൾ പത്തിന് സേലത്ത് സംഗമിക്കും. തുടർന്ന് വിജുകൃഷ്ണൻ ക്യാപ്റ്റനായും പി കെ കൃഷ്ണപ്രസാദ് മാനേജരുമായി ജാഥ 10 ന് ജില്ലയിൽ പ്രവേശിക്കും.
കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് സി കെ രാജേന്ദ്രന്റെ നേതൃത്വത്തിൽ സംസ്ഥാന അതിർത്തിയായ വാളയാറിൽ സ്വീകരിക്കും. ഇവിടെനിന്ന് 10ന് പകൽ ഒന്നിന് നിരവധി അത്ലറ്റിക്കുകളുടെ അകമ്പടിയോടെ പ്രയാണമാരംഭിക്കുന്ന ജാഥ ആദ്യദിനം പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ സമാപിക്കും. 11ന് രാവിലെ എട്ടിന് പാലക്കാടുനിന്ന് ആരംഭിച്ച് കുഴൽമന്ദം, ആലത്തൂർ വഴി വടക്കഞ്ചേരിയിൽ സമാപിക്കും. മൂന്നാം ദിനം രാവിലെ എട്ടിന് വടക്കഞ്ചേരിയിൽനിന്ന് ആരംഭിച്ച് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി ജില്ലാ അതിർത്തിയായ വാണിയമ്പാറയിലെത്തി ദീപശിഖകൾ തൃശൂർ ജില്ലയ്ക്ക് കൈമാറും. ഡിസംബർ 13 മുതൽ 16വരെ തൃശൂരിലാണ് 35–-ാമത് കിസാൻസഭ അഖിലേന്ത്യാ സമ്മേളനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..