29 February Saturday
വോള്‍ട്ടേജ് ക്ഷാമത്തിന്‌ വിട

കുതിരാന്‍ കടന്നെത്തും 2000 മെഗാവാട്ട് വൈദ്യുതി

സ്വന്തം ലേഖകൻUpdated: Saturday Jan 25, 2020
തൃശൂർ 
കുതിരാൻ ഭൂഗർഭകേബിൾ പൂർത്തിയാവുന്നതോടെ മാടക്കത്തറയിലേക്ക് പ്രവഹിക്കുന്നത് 2000 മെഗാവാട്ട് വൈദ്യുതി. പ്രസരണനഷ്ടമില്ലാതെ ഹൈ വോൾട്ടേജ് ഡയറക്ട് കറന്റാണ് എത്തുന്നത്‌. മധ്യകേരളത്തിലേയും വടക്കൻ ജില്ലകളിലേയും വൈദ്യുതിക്ഷാമം പരിഹരിക്കാനാണ് തമിഴ്നാട്ടിലെ പുകളൂരിൽനിന്നും വൈദ്യുതി എത്തിക്കുന്നത്‌. 19,000 കോടി രൂപ ചെലവിട്ടുള്ള എച്ച്‌വിഡിസി സംവിധാനം ഉത്തര കേരളത്തിലെ സായാഹ്ന വോൾട്ടേജ് ക്ഷാമം പരിഹരിക്കാനുളള പ്രധാന പദ്ധതിയാണ്. കേന്ദ്ര വിഹിതത്തിൽനിന്നുള്ള  ഈ വൈദ്യുതിക്ക്‌ ഉപയോഗമനുസരിച്ച്‌ നിശ്ചിത വില തിരിച്ചടക്കണം. ലഭ്യമാവുന്ന വൈദ്യുതി കേരളത്തിന്റെ  മുക്കിലും മൂലയിലും എത്തിക്കുന്നതിന് കിഫ്ബിവഴി 5200 കോടിയുടെ പ്രവൃത്തികൾ സംസ്ഥാനസർക്കാരും കെഎസ്ഇബിയും ഒരുക്കിക്കഴിഞ്ഞു. 
2000 മെഗാവാട്ട് പവർഗ്രിഡ് സ്റ്റേഷനുവേണ്ടി സംസ്ഥാന സർക്കാർ മാടക്കത്തറയിൽ സ്ഥലം ഏറ്റെടുത്തുനൽകി. ഇവിടെ പവർസ്റ്റേഷൻ നിർമാണം പൂർത്തിയാവുകയാണ്. പവർഗ്രിഡ് കോർപറേഷനാണ് സ്റ്റേഷൻ നിർമാണത്തിന്റെയും ലൈൻ വലിക്കുന്നതിന്റെയും ചുമതല.  153 കിലോമീറ്റർ നീളത്തിലുള്ള ലൈനിന്റെ 26.5 കിലോമീറ്റർ ഭൂഗർഭ കേബിൾ വഴിയാണ്. മാടക്കത്തറ പവർസ്റ്റേഷൻ മുതൽ വടക്കഞ്ചേരി സ്റ്റേഷൻ വരെയാണ് ഭൂഗർഭ കേബിൾ.  ബാക്കി 127 കിലോമീറ്റർ മുകളിലൂടെയാണ്‌ ലൈൻ വലിക്കുന്നത്. കുതിരാൻ പ്രദേശത്തെ 1.2 കിലോമീറ്റർ കേബിൾ സ്ഥാപിക്കൽ പൂർത്തിയാക്കാനുണ്ട്. ഇതിന്റെ മുന്നോടിയായാണ് 28, 29 തീയതികളിൽ പ്രദേശത്ത് മോക്ക്ഡ്രിൽ നടത്തുന്നത്.   
മാടക്കത്തറയിൽനിന്ന് വടക്കൻ ജില്ലകളിലേക്കുള്ള കെഎസ്ഇബി പവർഹൈവേയുടെ ആദ്യഘട്ടം പൂർത്തിയായതായി ട്രാൻസ്ഗ്രിഡ് പ്രൊജക്ട് ചീഫ് എൻജിനിയർ ഡോ. പി രാജൻ പറഞ്ഞു. മലപ്പുറം മലാപറമ്പ്‌ വരെയാണ്‌ പൂർത്തിയായത്. കോഴിക്കോട് നല്ലളം വരെയുള്ള പ്രവൃത്തികൾ അതിവേഗം പുരോഗമിക്കുന്നു. കോഴിക്കോട്–- കാസർകോട് പ്രത്യേക ലിങ്കുമുണ്ടാവും. 
ഇതോടൊപ്പം 200 കെവി സബ്സ്റ്റേഷനുകളുടെ നിർമാണവും പൂർത്തീകരിക്കുകയാണ്. 
നിലവിലുള്ള 220 കെവി മാടക്കത്തറ–- അരീക്കോട് ലൈനിന്റെ ശേഷി വർധിപ്പിച്ച് മൾട്ടി സർക്യൂട്ട്, മൾട്ടി വോൾട്ടേജ് 400–- 220 കെവി ലൈൻ ആക്കുകയാണ്.  അതിനാൽ കൂടുതൽ സ്ഥലം ഏറ്റെടുക്കേണ്ടതില്ല. ചുരുങ്ങിയ സ്ഥലം പ്രയോജനപ്പെടുത്തിയുള്ള ടവറുകളാണ് രൂപകൽപ്പന ചെയ്തത്. 
ചരിത്രംകുറിച്ച് ഇടമൺ മുതൽ കൊച്ചി വരെയുള്ള പവർഹൈവേ ചാർജ് ചെയ്തിരുന്നു.   
കൊച്ചിയിൽനിന്ന് കളമശേരി–-മാടക്കത്തറ 400 കെവി ലൈൻവഴി മധ്യകേരളത്തിലും എത്തി. ഇതോടെ തിരുവനന്തപുരം മുതൽ കാസർകോട് വരെ വൈദ്യുതി പ്രവാഹം ഉറപ്പുവരുത്താനാവുമെന്നും അദ്ദേഹം പറഞ്ഞു.
 
വടക്കഞ്ചേരി–--മണ്ണുത്തി പാതയിൽ ഗതാഗതനിയന്ത്രണം
പാലക്കാട്‌
ദേശീയപാത 544–-ൽ വടക്കഞ്ചേരി മുതൽ മണ്ണുത്തി വരെയുള്ള കുതിരാൻ മേഖലയിൽ 28, 29 തീയതികളിൽ വാഹന ഗതാഗതം നിയന്ത്രിക്കും. പവർ ഗ്രിഡ് ഭൂഗർഭ കേബിൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായുള്ള ട്രയൽ റണ്ണുമായി ബന്ധപ്പെട്ടാണിത്‌.  
 ഈ ദിവസങ്ങളിൽ എറണാകുളം ഭാഗത്തുനിന്ന്‌ കുതിരാൻ വഴി പോകുന്ന വലിയ വാഹനങ്ങൾക്ക്‌ രാവിലെ അഞ്ചുമുതൽ വൈകിട്ട്‌ അഞ്ചുവരെ ഇതുവഴി പ്രവേശനമില്ല. എൽപിജി ടാങ്കറുകൾ, ആംബുലൻസ്‌ ഉൾപ്പടെയുള്ള എമർജൻസി വാഹനങ്ങൾ, കെഎസ്‌ആർടിസി–- പ്രൈവറ്റ്‌–- പാസഞ്ചർ വാഹനങ്ങൾ എന്നിവയ്‌ക്ക്‌ നിയന്ത്രണമില്ല. ലൈറ്റ് വാഹനങ്ങൾ, മറ്റു ചെറുവാഹനങ്ങൾ എന്നിവ മണ്ണുത്തി–-ചേലക്കര–-പഴയന്നൂർ–-ആലത്തൂർ വഴി പോകണം. പാലക്കാട്ടുനിന്ന്‌ തൃശൂർ, എറണാകുളം ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക്‌ നിയന്ത്രണമില്ല.
പ്രധാന വാർത്തകൾ
 Top