വടക്കഞ്ചേരി
യുഡിഎഫ് നിയന്ത്രണത്തിലുള്ള കിഴക്കഞ്ചേരി സർവീസ് സഹകരണബാങ്കിൽ നിയമനത്തിന് കോഴ വാങ്ങിയതുമായി ബന്ധപ്പെട്ട് മുന്നണിയിൽ പൊട്ടിത്തെറി. ഘടകകക്ഷിയായ മുസ്ലിം ലീഗിന് ഒരു തസ്‌തിക നൽകാതെ മൂന്ന് തസ്‌തികകളും കോൺഗ്രസ് സ്വന്തമാക്കുകയും ഉദ്യോഗാർഥികളിൽനിന്ന് 10 ലക്ഷം രൂപ വരെ കോഴ ഉറപ്പിക്കുകയും ചെയ്‌തു. ഇതിൽ പ്രതിഷേധിച്ച് ഭരണസമിതി അംഗം ലീഗിലെ പി അലി (അലിമാസ്‌റ്റർ) രാജിവച്ചു. മൂന്ന് തസ്‌തികകളിലേക്കാണ് 10 ലക്ഷം രൂപ വരെ കോഴവാങ്ങി നിയമിക്കാൻ ഒരുങ്ങുന്നത്. രണ്ട് പ്യൂൺ, ഒരു വാച്ച് മാൻ എന്നീ ഒഴിവുകളിലേക്കാണ് നിയമനം. ഇതിലേക്ക് നൂറിലേറെ പേർ അപേക്ഷ നൽകിയിരുന്നു.26 ന് പരീക്ഷ നടത്താനിരിക്കെയാണ് മുൻകൂട്ടി ആളെ നിയമിക്കാൻ തീരുമാനിച്ചത്. ഇത് സംബന്ധിച്ച് ബാങ്കിലെ മുൻ താൽക്കാലിക ജീവനക്കാരനും കെഎസ്‌യു നേതാവുമായ ബേസിൽ ഐസക് മുഖ്യമന്ത്രിക്കും, സഹകരണ വകുപ്പ് അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്.
ഹൈക്കോടതിയിലും ഹർജി സമർപ്പിച്ചിട്ടുണ്ട്. ബാങ്ക് പ്രസിഡന്റ് ഉൾപ്പെടെ നടത്തുന്ന ഈ അഴിമതിക്കെതിരെ ഒരു വിഭാഗം ഡയറക്ടർമാരും രംഗത്തുവന്നിട്ടുണ്ട്. ഒഴിവ് വരുന്ന ഒരു തസ്തിക മുസ്ലിം ലീഗിന് വേണമെന്ന ആവശ്യം നിരാകരിച്ചതിനെ തുടർന്നാണ് മുസ്ലിംലീഗ് അംഗം രാജിവച്ചത്. ഇതിന് മുമ്പ് 2014 ലും ഇത്തരത്തിൽ കോഴവാങ്ങി നിയമനം നടത്താനുള്ള ശ്രമം നടന്നിരുന്നു. ഇപ്പോൾ നടത്തുന്ന അഴിമതി ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടു കൂടിയാണെന്നും ഒരു വിഭാഗം കോൺഗ്രസുകാർ പറയുന്നു.കോഴയായി ലഭിക്കുന്ന തുകയുടെ മൂന്നിലൊരുഭാഗം ഡിസി സിക്ക് നൽകണമെന്നാണ് വ്യവസ്ഥ. ബാങ്കിന്റെ ഒഴിവിലേക്കായി നടത്തുന്ന പരീക്ഷയ്ക്ക് മുമ്പേ തന്നെ ആളുകളെ നിയമിക്കാനുള്ള തീരുമാനമെടുത്ത ഭരണസമിതിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..