17 January Sunday

ഭീഷണിക്ക്‌ വഴങ്ങി കോൺഗ്രസ്‌ നേതൃത്വം പുതുമുഖങ്ങൾ പടിക്കുപുറത്ത്‌

സി അജിത്‌Updated: Tuesday Nov 24, 2020

 

 
പാലക്കാട്‌
യുവജനങ്ങൾക്കും പുതുമുഖങ്ങൾക്കും ‌പ്രാമുഖ്യം നൽകാതെ, ‘സ്ഥിരം സ്ഥാനാർഥി’കളുടെ വാശിക്കും വെല്ലുവിളിക്കും മുന്നിൽ കോൺഗ്രസ്‌ നേതൃത്വം അടിയറവ്‌ പറഞ്ഞു. നാലുതവണ മത്സരിച്ചവരെ പട്ടികയിൽനിന്ന്‌ ഒഴിവാക്കുമെന്നായിരുന്നു ഡിസിസി പ്രസിഡന്റ്‌ വി കെ ശ്രീകണ്ഠന്റെ മുന്നറിപ്പ്‌‌. എന്നാൽ, ദിവസങ്ങൾക്കകം അത്‌ ഉപേക്ഷിച്ചു.
 ചിറ്റൂർ–-തത്തമംഗലം നഗരസഭ മുൻ ചെയർമാൻ കെ മധു, പട്ടഞ്ചേരി മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി എസ്‌ ശിവദാസ്‌, കൊടുവായൂർ മണ്ഡലം പ്രസിഡന്റ്‌ ‌വി സി രവീന്ദ്രൻ തുടങ്ങിയവർ‌  സ്ഥാനാർഥിപട്ടികയിൽ കടന്നുകൂടി‌. ശ്രീകണ്ഠന്റെ അടുപ്പക്കാരായ അഞ്ചുപേർക്ക്‌ നേരത്തെ ഇളവ്‌ നൽകിയിരുന്നു.ഇതോടെ യുവജനങ്ങളും പുതുമുഖങ്ങളും പടിക്കുപുറത്തായി. 
അതേസമയം, ഡിസിസി ജനറൽ സെക്രട്ടറിയും പാലക്കാട്‌ നഗരസഭ മുൻ പാർലമെന്ററി പാർടി നേതാവുമായ കെ ഭവദാസിന്‌ സീറ്റ്‌ നിഷേധിച്ചു. ഭവദാസ്‌ 11ാം വാർഡ്‌ കല്ലേപ്പുള്ളി സൗത്തിൽ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിക്കും.  
കൊല്ലങ്കോട്‌ ബ്ലോക്കിൽ ആറു തവണ മത്സരിച്ച പി മാധവനെ ഒഴിവാക്കണമെന്ന ആവശ്യം ജില്ലാ നേതൃത്വം അംഗീകരിച്ചില്ല. വിമതനായി രംഗത്തുവന്ന യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി സജേഷ്‌ ചന്ദ്രനെ തഴഞ്ഞാണ്‌ മാധവന്‌ സീറ്റ്‌ നൽകിയത്‌. 
മാധവനെതിരെ വനംവകുപ്പുമായി ബന്ധപ്പെട്ട ക്രിമിനൽ കേസ്‌ നിലവിലുണ്ടെന്ന എതിർവിഭാഗത്തിന്റെ വാദം നേതൃത്വം തള്ളി. 
കൊല്ലങ്കോട്‌ ബ്ലോക്കിലെ പട്ടഞ്ചേരി ഡിവിഷനിൽ നൽകിയ പത്രിക ഡിസിസി വൈസ്‌ പ്രസിഡന്റ്‌ സുമേഷ്‌ അച്യുതൻ പിൻവലിച്ചു. കൊടുവായൂർ ഡിവിഷനിൽ വി സി രവീന്ദ്രനെ സ്ഥാനാർഥിയാക്കാൻ രാജി ഭീഷണിയും ഡിസിസി ഓഫീസ്‌ ഉപരോധവുമെല്ലാം വേണ്ടിവന്നു. കോൺഗ്രസ്‌ സ്ഥാനാർഥികൾ രാജിക്കത്തുമായാണ്‌ ഡിസിസി ഓഫീസിലെത്തിയത്‌.
 ‘ഇന്ദിര കർമസേന’ എന്ന പേരിൽ വിമതരായി മത്സരിക്കുമെന്ന്‌ ഭീഷണിപ്പെടുത്തിയതോടെയാണ്‌ രവീന്ദ്രനെ സ്ഥാനാർഥിയാക്കിയത്‌. 
പട്ടഞ്ചേരിയിൽ പൗരമുന്നണിയെന്ന പേരിൽ മത്സരിക്കുമെന്ന്‌ ഭീഷണിമുഴക്കിയാണ്‌ ശിവദാസ്‌ പട്ടികയിൽ കയറിക്കൂടിയത്‌. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top