13 November Wednesday

ജില്ലാ സ്‌കൂൾ ശാസ്‌ത്രോത്സവം ചിറ്റൂരിൽ നാളെ മുതൽ

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2019
പാലക്കാട്‌
റവന്യു ജില്ലാ സ്‌കൂൾ ശാസ്‌ത്രോത്സവം  വെള്ളി, ശനി ദിവസങ്ങളിൽ ചിറ്റൂരിൽ നടക്കുമെന്ന്‌ സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വെള്ളിയാഴ്‌ച രാവിലെ ഒമ്പതിന്‌ ചിറ്റൂർ വിക്ടോറിയ ഗവ. ഗേൾസ്‌ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാഭ്യാസ ഉപഡയറക്ടർ പി കൃഷ്‌ണൻ പതാക ഉയർത്തും. 9.30ന്‌ മന്ത്രി കെ കൃഷ്‌ണൻകുട്ടി ഉദ്‌ഘാടനം ചെയ്യും. ചിറ്റൂർ വിക്ടോറിയ ഗവ. ഗേൾസ്‌ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലും വിജയമാത ഹയർ സെക്കൻഡറി സ്‌കൂളിലുമാണ്‌ മത്സരങ്ങൾ നടക്കുക. അഞ്ച്‌ വിഭാഗങ്ങളിൽ, 12 സബ്‌ ജില്ലകളിൽനിന്നായി 3,194 വിദ്യാർഥികൾ പങ്കെടുക്കും. 
വെള്ളിയാഴ്‌ച വിജയമാത ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രവൃത്തിപരിചയമേളയും ഗവ. വിക്ടോറിയ ഗേൾസ്‌  ഹയർ സെക്കൻഡറി സ്‌കൂളിൽ ഐടി മേളയും സാമൂഹ്യശാസ്‌ത്രോത്സവവും നടക്കും. ശനിയാഴ്‌ച വിജയമാത ഹയർ സെക്കൻഡറി സ്‌കൂളിൽ ഗണിത ശാസ്‌ത്രമേളയും വിക്ടോറിയ ഗേൾസ്‌ ഹയർസെക്കൻഡറി സ്‌കൂളിൽ ഐടിമേളയും ശാസ്‌ത്രോത്സവവും  നടക്കും. 
പ്രവൃത്തിപരിചയ മേളയിൽ 1,304 വിദ്യാർഥികൾ പങ്കെടുക്കും. ഐടി മേളയ്‌ക്ക്‌ 384പേരും സാമൂഹ്യശാസ്‌ത്രോത്സവത്തിന്‌ 336പേരും ശാസ്‌ത്രോത്സവത്തിന്‌ 570പേരും ഗണിതശാസ്‌ത്രോത്സവത്തിന്‌  600പേരുമാണ്‌ പങ്കെടുക്കുക. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾ മാത്രമാണ്‌ പങ്കെടുക്കുക.
 യുപി വിദ്യാർഥികളുടെ മത്സരം ഉപജില്ലാതലം വരെയാക്കി പരിമിതപ്പെടുത്തി. ഹരിത പെരുമാറ്റച്ചട്ടം പാലിച്ചായിരിക്കും മേള നടത്തുകയെന്ന്‌ ഭാരവാഹികൾ അറിയിച്ചു. 
സ്വാഗതസംഘം ഭാരവാഹികളായ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ പി കൃഷ്‌ണൻ, ചിറ്റൂർ–-തത്തമംഗലം മുൻസിപ്പൽ ചെയർമാൻ കെ മധു,  കെ ഗോവിന്ദൻകുട്ടി, ടി ഹൈദർ അലി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top