03 October Monday
പികെഎസ്‌ ജാഥ പാലക്കാട്ട്‌

നെല്ലറയിൽ ഹൃദ്യമായ വരവേൽപ്പ്‌

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022

കെ സോമപ്രസാദ് നയിക്കുന്ന പികെഎസ് സംസ്ഥാന സമര പ്രചാരണ ജാഥക്ക് മുണ്ടൂരിൽ നൽകിയ സ്വീകരണം

 
പാലക്കാട്‌
പട്ടികജാതി ക്ഷേമസമിതി സംസ്ഥാന സമര പ്രചാരണ ജാഥയ്‌ക്ക്‌ കേരളത്തിന്റെ നെല്ലറയായ പാലക്കാട്‌ ജില്ലയിൽ ഉജ്വല വരവേൽപ്പ്‌. ഭൂമി, വീട്‌, തൊഴിൽ, സ്വകാര്യ മേഖലയിൽ തൊഴിൽ സംവരണം എന്നീ മുദ്രാവാക്യങ്ങളുയർത്തി പര്യടനം നടത്തുന്ന ജാഥയ്‌ക്ക്‌ മുണ്ടൂരിൽ ആവേശോജ്വല സ്വീകരണമാണ്‌ ലഭിച്ചത്‌. ഹർത്താലിനെ തുടർന്ന്‌ ജില്ലയിലെ അഞ്ച്‌ കേന്ദ്രങ്ങൾ ഒഴിവാക്കി മുണ്ടൂർ മാത്രമാക്കി സ്വീകരണം ചുരുക്കുകയായിരുന്നു. തൃശൂരിൽ നിന്നാണ്‌ ജാഥ ജില്ലയിൽ പ്രവേശിച്ചത്‌.
മുണ്ടൂർ ചുങ്കത്ത്‌ വാദ്യമേളങ്ങളുടെയും വെടിക്കെട്ടിന്റെയും  അകമ്പടിയോടെയാണ്‌  വരവേറ്റത്‌. സ്വീകരണത്തിന് മുന്നോടിയായി നാടൻ പാട്ടും അരങ്ങേറി.   ഹർത്താലായിരുന്നെങ്കിലും സ്വീകരണത്തിൽ ആവേശത്തോടെ നൂറുകണക്കിനുപേർ അണിചേർന്നു. ശനിയാഴ്‌ച ജാഥ ജില്ലയിൽ പര്യടനം തുടരും. പാലക്കാട്‌ സ്‌റ്റേഡിയം ബസ്‌ സ്‌റ്റാൻഡ്‌, കൊടുവായൂർ, ആലത്തൂർ എന്നിങ്ങനെയാണ്‌ സ്വീകരണ കേന്ദ്രങ്ങൾ.
കെ സോമപ്രസാദാണ്‌ ജാഥാ ക്യാപ്‌റ്റൻ. വണ്ടിത്തടം മധു വൈസ്‌ ക്യാപ്‌റ്റനും വി ആർ ശാലിനി മാനേജരുമാണ്‌.  കെ ശാന്തകുമാരി എംഎൽഎ, എസ്‌ അജയകുമാർ, സി കെ ഗിരിജ എന്നിവർ അംഗങ്ങളാണ്‌. ജാഥാ അംഗങ്ങൾക്കുപുറമെ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പി എ ഗോകുൽദാസ്, പികെഎസ് ജില്ലാ സെക്രട്ടറി വി പൊന്നുക്കുട്ടൻ, പ്രസിഡന്റ് ടി പി കുഞ്ഞുണ്ണി എന്നിവർ സംസാരിച്ചു. 
സിപിഐ എം മുണ്ടൂർ ഏരിയ സെക്രട്ടറി സി ആർ സജീവ്‌ അധ്യക്ഷനായി. പികെഎസ്‌ ഏരിയ സെക്രട്ടറി വി ആർ ഉണ്ണിക്കൃഷ്ണൻ സ്വാഗതം പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top