16 October Saturday
പാചകവാതക വില എങ്ങോട്ട്‌ ?

അടുക്കളയ്‌ക്കും പൂട്ട്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 24, 2021
 
സ്വന്തം ലേഖകൻ
പാലക്കാട് 
കോവിഡ് ഉണ്ടാക്കിയ പ്രതിസന്ധികൾ തരണം ചെയ്യുമ്പോൾ പാചകവാതക വിലയുയർത്തി ജനജീവിതം കൂടുതൽ ദുസ്സഹമാക്കുകയാണ് കേന്ദ്രസർക്കാർ. സാധാരണക്കാരന്റെ ജീവിതഭാരം കൂട്ടുന്ന ഇടയ്ക്കിടെയുള്ള വിലവർധന ജനങ്ങളോടുള്ള വെല്ലുവിളിയാണ്. 
പാചകവാതക വിലയോടൊപ്പം ഇന്ധനവിലയും അവശ്യവസ്തുക്കളുടെ വിലക്കയറ്റവും കുടുംബങ്ങളെയും വ്യാപാരികളെയും കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുന്നു. 
ഗാർഹിക പാചകവാതക സിലിൻഡറിന്‌ സെപ്‌തംബറിൽ 25.50 രൂപ കൂട്ടി. ആകെ വില 891.50 രൂപയായി. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിൻഡറിന്‌  73.50 രൂപയാണ്‌ കൂട്ടിയത്‌. ഇതോടെ വില 1692.50 രൂപയായി. കഴിഞ്ഞമാസവും പാചകവാതകത്തിന്‌ 25 രൂപ കൂട്ടിയിരുന്നു. 
മാർച്ച്‌, ജൂലൈ, ആഗസ്‌ത്‌ മാസങ്ങളിലും വില വർധിപ്പിച്ചു. പാചകവാതകത്തിന്‌ നൽകിയിരുന്ന സബ്‌സിഡി മുടങ്ങിയിട്ടും  മാസങ്ങളായി. 
കുടുംബ ബജറ്റ് 
തകർക്കുന്നു
പാചക വാതക വിലവർധന കുടുംബ ബജറ്റ് തകർക്കുന്നു. 400 രൂപയുണ്ടായിരുന്ന പാചക വാതകവില ആയിരത്തോട് അടുത്തു. കോവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെട്ടയാളുകൾക്ക് താങ്ങാവുന്നതിലും അപ്പുറത്താണ് ഇപ്പോഴത്തെ വില. കരിയും പുകയും നിറഞ്ഞ പഴയ അടുക്കളയിലേക്ക് എത്തിക്കുകയാണ് കേന്ദ്ര സർക്കാർ. 
 രജിത സതീഷ്
ചന്ദനപ്പുറം, ചിറ്റൂർ
 
തീവെട്ടിക്കൊള്ള
ബെല്ലും ബ്രേക്കുമില്ലാതെയാണ് പാചകവാതകത്തിന് വിലവർധിക്കുന്നത്. വൈകാതെ സിലിൻഡറിന് 1000 കടക്കും. 
തട്ടുകട നടത്തിയിരുന്ന ഭർത്താവിന്റെ ചെറിയ വരുമാനത്തിലാണ് അഞ്ച് അംഗങ്ങളുള്ള കുടുംബം കഴിഞ്ഞിരുന്നത്. കോവിഡ് മൂലം കട നടത്താൻ കഴിഞ്ഞില്ല. ആകെയുള്ള വരുമാനവും നിലച്ചു. 
 വി പുഷ്പ, വീട്ടമ്മ,  പട്ടാമ്പി
 
കരുണയില്ലാതെ  
കോവിഡ് അടച്ചിടലിൽ ഉണ്ടായ നഷ്ടം ഇതുവരെ മാറിയിട്ടില്ല. അന്നന്ന് പണിയെടുത്ത് കഴിയുന്ന ഞങ്ങൾക്ക് ഗ്യാസിന്റെ വില വലിയ പ്രശ്നമാണ്. അടച്ചിടൽപോലും കണക്കിലെടുക്കാതെയാണ് കേന്ദ്രം ഗ്യാസ് വില കൂട്ടുന്നത്.  
- ഐ മുഹമ്മദ് 
തട്ടുകടക്കാരൻ, ആലത്തൂർ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top