15 November Friday

ആടിയുലഞ്ഞ്‌ അട്ടപ്പാടി

സ്വന്തം ലേഖകൻUpdated: Saturday Aug 24, 2019
അഗളി
തുടർച്ചയായി പെയ്‌ത കനത്ത മഴ അട്ടപ്പാടിയുടെ ആവാസഘടനതന്നെ മാറ്റി. സമാനതയില്ലാത്ത വലിയ ദുരന്തത്തിൽ കൃഷിസ്ഥലങ്ങൾ വീണ്ടെടുക്കാൻ കഴിയാത്തവിധം തകർന്നു. കുരുമുളക്, ഏലം, കാപ്പി എന്നിങ്ങനെ നാണ്യവിളകളും നശിച്ചു. ഉരുൾപൊട്ടലും മണ്ണിടിച്ചിലും കൃഷിസ്ഥലങ്ങളുടെ ഘടനയെത്തന്നെ മാറ്റി. കുറവൻപാടി, പുലിയറ, ചിറ്റൂർ, മിനർവ, മാറനാട്ടി, കോഴിക്കൂടം പ്രദേശങ്ങളിലാണ്‌ ഏറ്റവും കൂടുതൽ നാശമുണ്ടായത്‌. വീണ്ടെടുപ്പിന്‌ വർഷങ്ങൾ വേണ്ടിവരും. പല സ്ഥലങ്ങളിലേക്കും  ഉദ്യോഗസ്ഥർക്ക്‌ കടക്കാൻ കഴിയാത്തതിനാൽ നാശങ്ങളുടെ കണക്കെടുപ്പും വഴിമുട്ടി. ജനവസാസമേഖലയിൽ ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും കൃഷിതോട്ടങ്ങളിലേക്ക്‌ യാത്ര അസാധ്യമായി. ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ വെള്ളിയാഴ്ച സ്ഥലം സന്ദർശിച്ചു. ഇവർക്ക്‌ അട്ടപ്പാടിയുടെ ഉൾഭാഗങ്ങളിലേക്ക്‌ കടക്കാൻ കഴിഞ്ഞില്ല. ഉരുൾപൊട്ടിയും മലയിടിഞ്ഞും വീടുകളും കൃഷിയിടങ്ങളും ഒലിച്ചുപോയി. കുറവൻപാടി, പുലിയറ പ്രദേശത്ത് ഏഴ്‌ വീടുകൾ പൂർണമായും നൂറിലധികം വീടുകൾ ഭാഗികമായും തകർന്നു. വീടിനുമുകളിൽ മരം വീണ്‌ ചുണ്ടക്കുളം ഊരിലെ കാര എന്ന ആദിവാസി മരിച്ചു. ഭവാനി തുരുത്തിൽ ഒറ്റപ്പെട്ട ലാവണ്യ എന്ന ഗർഭിണിയെ എസ്‌എസ്‌പിയുടെ നേതൃത്വത്തിൽ ഫയർഫോഴ്‌സും നാട്ടുകാരുംചേർന്ന്‌ സാഹസികമായാണ്‌ രക്ഷിച്ചത്‌. 
കള്ളമല വില്ലേജിലെ ഒക്ക്പോഡിൽ 38 കുടുംബങ്ങൾ മലയിടിച്ചിൽ ഭീഷണിയിലാണ്. ഇവരിൽ 13 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ അനുമതിയായി. അഗളി ടൗണിനടുത്ത് 50 കുടുംബങ്ങൾ താമസിക്കുന്ന ഇന്ദിരാ കോളനിയും അപകടഭീതിയിലാണ്. കണ്ടിയൂരിലും ഭൂമിയിൽ വിള്ളൽ കണ്ടെത്തിയിട്ടുണ്ട്. 
ദുരന്തത്തിൽപ്പെട്ടവരെ കര കയറ്റാൻ സർക്കാർ അടിയന്തരനടപടി സ്വീകരിച്ചുതുടങ്ങി. കൃഷി, റവന്യു, പട്ടികവർഗ വകുപ്പുകൾ നാശത്തിന്റെ കണക്കെടുപ്പ് തുടങ്ങിയിട്ടുണ്ട്. അർഹതപ്പെട്ടവർക്ക് സഹായം എത്തിച്ചുകൊടുക്കും. വീടും സ്ഥലവും നഷ്ടമായവരെ പുനരധിവസിപ്പിക്കും.
 അവശേഷിക്കുന്ന മണ്ണിൽ പിടിച്ചുനിൽക്കാൻ ചിലർ ശ്രമിക്കുന്നു. മറ്റു ചിലർ സുരക്ഷിതതാവളം അന്വേഷിച്ചുതുടങ്ങി. ഇവിടെ മനുഷ്യവാസം സാധ്യമാണോയെന്ന് സർക്കാർ പഠനം തുടങ്ങിയരിക്കുകയാണ്‌.  അട്ടപ്പാടിയിലെ പല കുടിയേറ്റ കർഷക മേഖലകളും ആശങ്കയിലാണ്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top