പാലക്കാട്
ക്രിക്കറ്റ് ബാറ്റുകൊണ്ട് മർദനമേറ്റ് യുവാവ് മരിച്ച കേസിൽ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ റിമാൻഡ് ചെയ്തു. അരീക്കോട് ഇന്ത്യൻ റിസർവ് ബറ്റാലിയനിലെ സിപിഒ നരികുത്തി സ്വദേശി റഫീഖിനെയാണ് (35) റിമാൻഡ് ചെയ്തത്. ബാറ്റുകൊണ്ട് മർദിച്ച റഫീഖിന്റെ സഹോദരൻ ഫിറോസിനെ ബുധനാഴ്ച റിമാൻഡ് ചെയ്തിരുന്നു.
ചൊവ്വാഴ്ചയാണ് പുതുപ്പള്ളിത്തെരുവ് മലിക്കയിൽ അനസ് (31) വിക്ടോറിയ കോളേജിനു സമീപം മർദനമേറ്റ് മരിച്ചത്. ഓട്ടോ തട്ടിയുള്ള അപകടമെന്ന് അറിയിച്ച് ഫിറോസ് അനസിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രിയോടെ അനസ് മരിച്ചു. ശരീരത്തിൽ പാടുകൾ കണ്ടതോടെ ടൗൺ നോർത്ത് പൊലീസ് നടത്തിയ അന്വേഷണത്തിൽ മരണകാരണം അപകടമല്ലെന്ന് കണ്ടെത്തി.
ഫിറോസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. സിസിടിവി ദൃശ്യം പരിശോധിച്ച് മർദനം നടന്നതായി പൊലീസ് ഉറപ്പിച്ചു. കോളേജ് ഹോസ്റ്റലിലെ യുവതികളോട് അനസ് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തപ്പോൾ അസഭ്യം പറഞ്ഞതിലുള്ള പ്രതികാരമാണ് മർദനത്തിലേക്ക് നയിച്ചതെന്നും ഉടൻ ആശുപത്രിയിലെത്തിച്ചെന്നുമാണ് ഫിറോസ് പൊലീസിന് നൽകിയ മൊഴി.
സംഭവസമയം ഫിറോസിനൊപ്പം ബൈക്കിൽ ഉണ്ടായിരുന്ന റഫീഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തശേഷമാണ് ബുധനാഴ്ച രാത്രി വൈകി അറസ്റ്റ് രേഖപ്പെടുത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..