പാലക്കാട്> കുഞ്ഞിരാമൻ മാസ്‌റ്റർ പഠനകേന്ദ്രം വെബ്‌സൈറ്റ് ഉദ്‌ഘാടനവും ഇ എം എസ് സ്‌മൃതി ദേശീയ സെമിനാർ ലോഗോ പ്രകാശനവും നടന്നു. വെബ്‌സൈറ്റ് ഉദ്‌ഘാടനം കഥാകൃത്ത് വൈശാഖനും ലോഗോ പ്രകാശനം സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബുവും നിർവഹിച്ചു. പാർടിയുടെ അഖിലേന്ത്യാ, സംസ്ഥാന തലങ്ങളിലുള്ള രാഷ്‌ട്രീയ പ്രത്യയശാസ്‌ത്ര പ്രചാരണങ്ങളാണ് വെബ്‌സൈറ്റിന്റെ ലക്ഷ്യം.
കുഞ്ഞിരാമൻ മാസ്‌റ്റർ പഠനകേന്ദ്രം ഡയറക്‌ടർ എൻ എൻ കൃഷ്‌ണദാസ് അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ എസ് സലീഖ, ജില്ലാ സെക്രട്ടറിയറ്റംഗം എസ് അജയകുമാർ, പാലക്കാട് ഏരിയ സെക്രട്ടറി കെ കൃഷ്‌ണൻകുട്ടി, ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി സുബൈദ ഇസഹാഖ്, സംഘാടകസമിതി ചെയർമാൻ ടി ആർ അജയൻ എന്നിവർ സംസാരിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി എ ഗോകുൽദാസ് സ്വാഗതം പറഞ്ഞു. ലോഗോ തയ്യാറാക്കിയ കണ്ണൻ ഇമേജിനെ അനുമോദിച്ചു.
ഇ എം എസ് ജന്മദിനാചരണത്തിന്റെ ഭാഗമായി കുഞ്ഞിരാമൻ മാസ്‌റ്റർ പഠനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ‘ഇ എം എസിന്റെ ദാർശനികലോകം: സിദ്ധാന്തത്തിന്റെയും പ്രയോഗത്തിന്റെയും ഐക്യം’ എന്ന പൊതുശീർഷകത്തിൽ ജൂൺ 13ന് പട്ടാമ്പി ഒപിഎച്ച് കൺവൻഷൻ സെന്ററിലും 14ന് പാലക്കാട് സൂര്യരശ്‌മി ഓഡിറ്റോറിയത്തിലുമാണ് സെമിനാർ. രാവിലെ 9.30ന് ആരംഭിക്കും. പട്ടാമ്പിയിൽ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അധ്യക്ഷനാകും.
പാലക്കാട്ട് പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്‌ഘാടനം ചെയ്യും. കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ അധ്യക്ഷനാകും.
ജാതി – ജന്മി –നാടുവാഴി വ്യവസ്ഥ തകർത്ത് മുന്നേറിയ കേരളം: സമകാലിക വെല്ലുവിളികൾ, വലതുപക്ഷത്തിന്റെ വികല സാമൂഹ്യനിർമിതി നീക്കങ്ങളെ പ്രതിരോധിക്കുക, നവകേരള നിർമിതിയുടെ വെല്ലുവിളികൾ, ഇന്ത്യയിലെ കാർഷികപ്രശ്‌നങ്ങൾ: കേരളത്തിന്റെ അനുഭവം, ചരിത്രവും ശാസ്‌ത്രബോധവും നിരാകരിക്കുന്ന ഇന്ത്യൻ വിദ്യാഭ്യാസം, ലിംഗസമത്വ സമൂഹത്തിലേക്ക് ഇനിയെത്ര ദൂരം എന്നീ വിഷയങ്ങൾ അവതരിപ്പിക്കും. രജിസ്‌ട്രേഷൻ വെബ്‌സൈറ്റിലൂടെ നടത്തണം.
ഏരിയ കമ്മിറ്റി ഓഫീസുകളിലും സംവിധാനമുണ്ട്. ജില്ലാ, ഏരിയ കമ്മിറ്റി അംഗങ്ങളും ലോക്കൽ സെക്രട്ടറിമാരും നിശ്ചയിക്കപ്പെട്ട ബഹുജന സംഘടനാപ്രതിനിധികളും 30 നകം രജിസ്‌റ്റർ ചെയ്യണം. സെമിനാറിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് നേരിട്ടും വെബ്‌സൈറ്റിലൂടെ രജിസ്‌റ്റർ ചെയ്യാം. 31വരെ അവസരമുണ്ട്. 200 രൂപ പ്രതിനിധി ഫീസ് അക്കൗണ്ട് വഴി അടയ്‌ക്കാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..