പാലക്കാട്
പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിയിലുൾപ്പെട്ട വിദ്യാർഥികൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന സൗജന്യ അരിവിതരണം പുരോഗമിക്കുന്നു. ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും അരിവിതരണം വേഗത്തിലായി. പരീക്ഷ തീരുന്ന 31നകം മുഴുവൻ വിദ്യാർഥികൾക്കും അരി നൽകാൻ അധ്യാപകരും ജീവനക്കാരും ചേർന്നാണ് വിതരണം ചെയ്യുന്നത്.
ജില്ലയിൽ 916 വിദ്യാലയങ്ങളിലെ 2,79,167 വിദ്യാർഥികൾക്കാണ് അഞ്ചുകിലോ വീതം അരി നൽകുന്നത്. ഒന്നുമുതൽ എട്ടുവരെ ക്ലാസിലെ വിദ്യാർഥികൾക്കായി 13.95 ലക്ഷം കിലോ അരി എത്തിച്ചിട്ടുണ്ട്. സപ്ലൈകോ ഗോഡൗണുകളിൽനിന്നും മാവേലി സ്‌റ്റോറുകളിൽനിന്നും എല്ലാ സ്‌കൂളുകളിലേക്കും അരി നൽകി. സ്‌കൂൾ ഉച്ചഭക്ഷണ കമ്മിറ്റിക്കാണ് വിതരണച്ചുമതല.
സ്‌കൂൾ അടയ്‌ക്കുംമുമ്പേ അടുത്ത അധ്യയന വർഷത്തേക്കുള്ള യൂണിഫോമും പുസ്‌തകവും വിദ്യാർഥികളുടെ കൈകളിൽ എത്തിക്കാനും വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നു. 7.9 ലക്ഷം പാഠപുസ്‌തകങ്ങൾ ഷൊർണൂർ ഡിപ്പോയിൽ എത്തിയിട്ടുണ്ട്. ഇവ ഉടൻ സ്‌കൂൾ സൊസൈറ്റികളിൽ എത്തിക്കും. യൂണിഫോം ആദ്യഘട്ടം സർക്കാർ സ്‌കൂൾ വിദ്യാർഥികൾക്കാകും ലഭിക്കുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..