24 July Saturday

സ്നേഹം നിറച്ച്‌ ഒലവക്കോട്ടെ ഓട്ടോക്കാർ

സ്വന്തം ലേഖികUpdated: Tuesday Mar 24, 2020
 
പാലക്കാട്‌
കണ്ണുകളിൽ ദൈന്യത, ഭക്ഷണം കഴിക്കാത്തതിന്റെ ക്ഷീണം. പ്ലാറ്റ്‌ഫോമിൽ ചുരുണ്ടുകൂടി ഇനിയെന്തന്നറിയാതെ ജീവിതത്തിന്റെ പരുക്കൻ മുഖത്തത്തേക്ക്‌ പകച്ചുനോക്കുകയാണ്‌ ഒരുകൂട്ടം അതിഥി തൊഴിലാളികൾ. 
പാലക്കാട്‌ ജങ്ഷൻ റെയിൽവേ സ്‌റ്റേഷനിലെ കാഴ്‌ചയാണിത്‌. കണ്ടവരിൽ പലരും മുഖംതിരിച്ച്‌ കടന്നുപോയെങ്കിലും ഇവരുടെ ദൈന്യത കാണാതിരിക്കാൻ ഒലവക്കോട്ടെ ഓട്ടോ തൊഴിലാളികൾക്ക്‌ സാധിച്ചില്ല. കോവിഡ്‌–-19 ഉയർത്തിയ ഭീതിക്കും ജാഗ്രതയ്‌ക്കുമിടയിൽ സ്‌നേഹത്തിന്റെയും മാനവികതയുടെയും മാതൃക സൃഷ്ടിക്കുകയാണ്‌ നന്മയുടെ കാക്കിയണിഞ്ഞവർ.
ശനിയാഴ്‌ചയാണ്‌ വയനാട്‌, മലപ്പുറം തുടങ്ങിയ ജില്ലകളിൽനിന്ന്‌ മുന്നൂറോളം അതിഥി തൊഴിലാളികൾ ഒലവക്കോട്‌ റെയിൽവേ സ്‌റ്റേഷനിലെത്തിയത്‌. 
കോവിഡ്‌–-19 ജാഗ്രതയുടെ ഭാഗമായാണ്‌ ജാർഖണ്ഡ്‌, ബിഹാർ  സംസ്ഥാനങ്ങളിൽ നിന്നുള്ള ഇവരെ തൊഴിൽ കേന്ദ്രങ്ങളിൽനിന്ന്‌ മടക്കിയത്‌. ഞായറാഴ്‌ച റെയിൽവേ സ്‌റ്റേഷനിൽ ഓട്ടം ചോദിച്ച ഓട്ടോ തൊഴിലാളികൾക്ക്‌ മുന്നിൽ ഇവർ പൊട്ടിക്കരയുകയായിരുന്നു. ഭക്ഷണംപോലും കിട്ടാതെ ദയനീയ അവസ്ഥയിലായിരുന്നു അവർ. 
ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ബ്രീസ്‌ ഓട്ടോ ലീഡിങ് സംഘം  പിന്നെയൊന്നും ആലോചിച്ചില്ല. അബു താഹിറിന്റെ വീട്ടിൽ ഇവർക്ക് രാത്രിയിലേക്കുള്ള കഞ്ഞി തയ്യാറാക്കി. തിങ്കളാഴ്‌ച രാവിലെ എല്ലാവർക്കും കട്ടൻചായ നൽകി. ഓട്ടോ സ്‌റ്റാൻഡിൽനിന്ന്‌ പിരിവെടുത്ത്‌  പഴവും എത്തിച്ചു. ഉച്ച ഭക്ഷണത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെ ലേബർ ഓഫീസർ ഇടപെട്ട്‌ തൊഴിലാളികളെ സുരക്ഷിത സ്ഥാനത്തേക്ക്‌ മാറ്റി.
മറ്റുള്ളവർക്ക്‌ സഹായം നൽകുമ്പോഴും ഈ ഓട്ടോ തൊഴിലാളികളുടെ ജീവിതം ദുരിതമാണ്‌. റെയിൽവേ സ്‌റ്റേഷനെ ആശ്രയിച്ച്‌ ജീവിക്കുന്ന ഇവരുടെ വരുമാനം നിലച്ചു. 
മൈക്രോഫിനാൻസ്‌ വായ്‌പയെടുത്ത്‌ ആഴ്‌ചകളിൽ മുടങ്ങാതെ പണം അടച്ചുകൊണ്ടിരുന്നതാണ്‌. അതും മുടങ്ങി. തിരിച്ചടവ് രണ്ടു മാസത്തേക്കെങ്കിലും നീട്ടിയാൽ അത്രയും അനുഗ്രഹമാകും. കോവിഡ്‌–-19 ഭീതിയൊക്കെയുണ്ട്‌, വീട്ടിൽ ഇരിക്കാൻ ആഗ്രഹവുമുണ്ട്‌. എന്നാൽ കഞ്ഞികുടി മുട്ടുകമാത്രമല്ല, മൈക്രാ ഫിനാൻസ്‌ ഭീഷണിയുമുണ്ടെന്ന്‌ അബു താഹിർ പറയുന്നു. 
അബു താഹിർ, വിജയകുമാർ, നസ്‌റു, ഷാജി, സത്താർ ലോട്ടറി വിൽപ്പനക്കാരനായ വിനോദ്‌ എന്നിവരടങ്ങുന്ന ബ്രീസ്‌ സംഘം അഭിനന്ദ്‌, യാഷ്‌ എന്നീ കുട്ടികളുടെ ചികിത്സാ ചെലവിനായി ഓട്ടോ ഓടിയത്‌ ഇനിയും നാട്ടുകാർ മറന്നിട്ടില്ല. ഈ അടുത്ത്‌ കടുക്കാംകുന്ന്‌ സ്വദേശിനിയായ സ്‌ത്രീക്കു വേണ്ടിയും സംഘം സർവീസ്‌ നടത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top